Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാമത്തെ ട്രെയിനും മുട്ടം യാർഡിൽ എത്തിയിട്ട് പത്ത് ദിവസം; ആദ്യ ട്രെയിൻ വരവ് ആഘോഷമാക്കിയവർ ആരും അറിഞ്ഞില്ല; വീണ്ടും പരീക്ഷണയോട്ടം

രണ്ടാമത്തെ ട്രെയിനും മുട്ടം യാർഡിൽ എത്തിയിട്ട് പത്ത് ദിവസം; ആദ്യ ട്രെയിൻ വരവ് ആഘോഷമാക്കിയവർ ആരും അറിഞ്ഞില്ല; വീണ്ടും പരീക്ഷണയോട്ടം

കൊച്ചി: ആളും ആരവവും കൊട്ടും കുരവയും ഇല്ലാതെ കൊച്ചി മെട്രോയുടെ രണ്ടാം ട്രെയിനും മുട്ടം യാർഡിലെത്തി. ഇതോടെ രണ്ട് ട്രെയിനുകളും പരീക്ഷണയോട്ടത്തിന് സജ്ജമായി. ഒരാഴ്‌ച്ചക്കുള്ളിൽ തന്നെ രണ്ടാംഘട്ട പരീക്ഷണയോട്ടം തുടങ്ങും. അടുത്ത വർഷം മാത്രമേ മെട്രോ പൂർണ്ണമായി ഓടാൻ സജ്ജമാകുകയുള്ളൂ. എന്നാൽ ട്രെയിനുകൾ എത്തിച്ചുകഴിഞ്ഞു. ഇപ്പോൾ നിർമ്മാണ പ്രവർത്തനത്തിന് വേഗം പോരെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് രണ്ടാമത്തെ ട്രെയിനും എത്തിയത്.

പുതുതായി എത്തിച്ച ട്രെയിൻ പരീക്ഷണ ഓട്ടമെന്ന നിലയിൽ ഈ മാസം 20 നും 25 നും ഇടയിൽ സർവീസ് നടത്തും. മുട്ടം യാർഡിലെ പരിശോധനാ ട്രാക്കിൽ ഇപ്പോൾ രണ്ട് മെട്രോ ട്രെയിനുകളാണുള്ളത്. ആന്ധ്രയിലെ ശ്രീസിറ്റിയിൽ നിന്ന് ഈ മാസം എട്ടിനാണ് രണ്ടാമത്തെ ട്രെയിൻ കൊച്ചിയിലേക്കെത്തിയത്. മുട്ടം യാർഡിലെ ഇൻസ്‌പെക്ഷൻ ബേ ലൈനിൽ ജനവരിയിലെത്തിയ ആദ്യ ട്രെയിനിനൊപ്പമാണ് ഇതുള്ളത്.

യാർഡിനകത്തുള്ള ടെസ്റ്റ് ട്രാക്കിലെ ഓട്ടത്തിനു ശേഷം മുട്ടംഇടപ്പള്ളി റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം. ഇത് പിന്നീട് ആലുവഇടപ്പള്ളിയായി ദീർഘിപ്പിക്കും. പരീക്ഷണ ഓട്ടത്തിനു മുൻപ് വൈദ്യുതി ഇൻസ്‌പെക്ടറേറ്റിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ട്രെയിനിന്റെ സോഫ്റ്റ്!വെയർ, ബ്രേക്ക്, എയർ കണ്ടീഷനിങ് സംവിധാനം, വാതിൽ തുടങ്ങിയവയെല്ലാം സുരക്ഷിതമെന്ന് പരിശോധിച്ച്് ഉറപ്പാക്കും. ഇതിനു ശേഷമായിരിക്കും പരീക്ഷണ ഓട്ടം.

ആദ്യ ട്രെയിനിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ പുതിയ ട്രെയിനിലുണ്ട്. ആദ്യ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിനിടെ സോഫ്റ്റ്‌വെയറിലുൾപ്പെടെ ഒട്ടേറെ അപാകങ്ങൾ കണ്ടെത്തിയിരുന്നു. കോച്ച് നിർമ്മാതാക്കളായ അൽസ്റ്റോം ഇവയെല്ലാം പരിഹരിച്ചിട്ടുണ്ട്. കൊച്ചി മെട്രോയ്ക്കായി ആകെ 25 ട്രെയിനുകളാണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഒൻപതെണ്ണം സപ്തംബർ അവസാനത്തോടെ കൊച്ചിയിലെത്തിക്കും. ശേഷിക്കുന്ന 16 ട്രെയിനുകൾ അടുത്ത വർഷത്തോടെ കൊച്ചിയിലെത്തും. ട്രെയിനുകൾ വാങ്ങുന്നതിന് 633 കോടി രൂപയുടെ കരാറാണ് അൽസ്റ്റോമുമായി ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം ആലുവപാലാരിവട്ടം മേഖലയിലെ സിവിൽ ജോലികൾ ജൂൺ അവസാനത്തോടെ പൂർത്തിയായിട്ടുണ്ട്. പാളത്തിന്റെയും വൈദ്യുതീകരണത്തിന്റെയും ജോലികളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. ഈ റൂട്ട് അടുത്ത വർഷം മാർച്ചോടെ ഉദ്ഘാടനത്തിന് സജ്ജമാകും. മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള ഭാഗത്ത് ഒക്ടോബറോടെ സിവിൽ ജോലികൾ പൂർത്തിയാകും. അടുത്ത വർഷം ഏപ്രിലോടെ മഹാരാജാസ് വരെയുള്ള റൂട്ടും ഉദ്ഘാടത്തിനൊരുങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP