Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയെ നടന്നുപോയ യുവതിയുടെ മാറിൽ ഗവണ്മെന്റ് പ്ലീഡർ പിടിച്ചതു തന്നെയെന്നു പറഞ്ഞു കൊച്ചി പൊലീസിന്റെ പത്രക്കുറിപ്പ്; പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിച്ചശേഷം നിരപരാധിത്വം അവകാശപ്പെട്ടതിനെതിരെ നടപടി: അഡ്വ. മാഞ്ഞൂരാനെ വീണ്ടും അറസ്റ്റ് ചെയ്‌തേക്കും

വഴിയെ നടന്നുപോയ യുവതിയുടെ മാറിൽ ഗവണ്മെന്റ് പ്ലീഡർ പിടിച്ചതു തന്നെയെന്നു പറഞ്ഞു കൊച്ചി പൊലീസിന്റെ പത്രക്കുറിപ്പ്; പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിച്ചശേഷം നിരപരാധിത്വം അവകാശപ്പെട്ടതിനെതിരെ നടപടി: അഡ്വ. മാഞ്ഞൂരാനെ വീണ്ടും അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: റോഡിലൂടെ നടന്നുപോയ യുവതിയെ അപമാനിച്ച സംഭവത്തിൽ ഗവ. പ്ലീഡർക്കെതിരെ എടുത്ത കേസ് കള്ളക്കേസെന്ന ആരോപണം തള്ളി കൊച്ചി പൊലീസ്. ജില്ല പൊലീസ് മേധാവിയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കുകയായിരുന്നു പ്രതിയെന്നും അതിനുശേഷം നിരപരാധിത്വം അവകാശപ്പെടുകയായിരുന്നുവെന്നും പത്രക്കുറിപ്പിൽ വ്യക്തമാണ്. സംഭവത്തിൽ പ്രതിക്കൂട്ടിലായ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ വീണ്ടും അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 7.10 ന് ഉണ്ണിയാട്ടിൽ ലെയിനിൽവച്ച് പരാതിക്കാരിയായ സ്ത്രീയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ കയറിപ്പിടിച്ചുവെന്നാണ് കേസ്. രാത്രി കാനൻഷെഡ് റോഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. എന്നാൽ ആളുമാറിയാണ് പരാതി നൽകിയതെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.

പൊലീസ് തന്നെ കുടുക്കിയത് പ്രതികാര ബുദ്ധിയോടെയാണെന്നു കഴിഞ്ഞ ദിവസം അഡ്വ. ധനേഷ് മാത്യൂ മാഞ്ഞൂരാൻ മറുനാടൻ മലയാളിയോടു പറഞ്ഞിരുന്നു. അനീതി കണ്ട് പ്രതികരിക്കാൻ പോയത് വിനയായി. സാക്ഷിയെന്ന വ്യാജേന സ്റ്റേഷനിലെത്തിച്ച് പ്രതിയാക്കി. സ്റ്റേഷനിൽ വച്ച് മദ്യപിക്കാനും നിർബന്ധിച്ചു. നിരപരാധിത്വം ബോധ്യപ്പെട്ടപ്പോൾ മാദ്ധ്യമങ്ങളും മൗനം പാലിച്ചുവെന്നുമാണ് ഗവൺമെന്റ് പ്ലീഡർ മറുനാടനോട് പറഞ്ഞത്.

ധനേഷ് മാഞ്ഞൂരാന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് മാഞ്ഞൂരാനും അഭിഭാഷകരും രംഗത്തെത്തി. ഇതോടെയാണ് വിഷയം വിവാദമാകുന്നത്. ഇതിൽ പ്രതിഷേധിച്ച് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ ഇന്ന് ഉച്ചയ്ക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഗവ. പ്ലീഡർ യുവതിയെ നടുറോഡിൽ അപമാനിച്ചതിൽ കേസിൽ അന്വേഷണം നടക്കട്ടെ എന്നും ഇപ്പോൾ ഇടപെടാനില്ലെന്നുമാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിലപാട്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവ. പ്ലീഡറായ ധനേഷ് മാത്യു നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനമധ്യത്തിൽ പൊലീസ് തന്നെ ആക്ഷേപിക്കുന്നെന്നും മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്നുമുള്ള ഹർജിക്കാരന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു.

ഇതിനിടെയാണു കള്ളക്കേസാണെന്ന അഭിഭാഷകരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കിയത്. യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ഓട്ടോറിക്ഷക്കാരുമാണ് പ്ലീഡറായ ധനേഷിനെ തടഞ്ഞുനിർത്തിയത്. യുവതി പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ച് പരാതി പറഞ്ഞു. തുടർന്ന് ധനേഷിനെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് കേസെടുത്തത്. സർക്കാർ അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പരാതിക്കാരിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു. ഒത്തുതീർപ്പ് രേഖകളിൽ പരാതിക്കാരിയെ നിർബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലവും ഇത്തരത്തിൽ നിർമ്മിച്ചതാണെന്നും പൊലീസ് പറഞ്ഞു.

അഭിഭാഷകരും പൊലീസും പരസ്യമായ ഏറ്റുമുട്ടലിനൊരുങ്ങവെ കേസ് ഒത്തുതീർപ്പാക്കാനായി ഗവൺമെന്റ് പ്ലീഡറുടെ പിതാവ് തയ്യാറാക്കിയ രേഖ യുവതി പുറത്ത് വിട്ടിരുന്നു. ഗവൺമെന്റ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാന്റെ പിതാവ് എഴുതി തയ്യാറാക്കി ഒപ്പിട്ട് നൽകിയ കത്താണ് പുറത്തുവന്നത്.
മുദ്രപത്രത്തിൽ എഴുതിയ കത്തിൽ മകന് തെറ്റ് പറ്റിയെന്നും സമ്മതിക്കുന്നുണ്ട്. അറസ്റ്റ് വാർത്ത പുറത്തായതോടെ ധനേഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് യുവതിയെ സ്വാധീനിക്കുകയായിരുന്നുവെന്നു പൊലീസിന്റെ വാർത്താക്കുറിപ്പും വ്യക്തമാക്കുന്നുണ്ട്. മജിസ്ട്രേറ്റിന് യുവതി നൽകിയ രഹസ്യമൊഴിയിലും തന്നെ കടന്നുപിടിച്ചത് ധനേഷ് മാത്യു തന്നെയാണെന്നും അയാളെ കണ്ടാൽ ഇനിയും തിരിച്ചറിയാൻ കഴിയുമെന്നും വ്യക്തമാക്കിയതായാണു സൂചന.

അതിനിടെ, ഗവ. പ്ലീഡർ യുവതിയെ കടന്നു പിടിച്ച സംഭവം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ കൈയേറ്റമുണ്ടായി. ഹൈക്കോടതിയിലെ മീഡിയ റൂമിലെത്തിയാണ് ധനേഷ് മാത്യു മാഞ്ഞൂരാനും ഒരുവിഭാഗം അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത്. ഇതിനെതിരേ ചീഫ് ജസ്റ്റീസിന് മാദ്ധ്യമപ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP