Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി റിഫൈന്റിയിൽ നിന്ന് വാതകം ചോർന്നിട്ടില്ലെന്ന് ബിപിസിഎൽ; കുട്ടികൾക്ക് ശ്വാസതടസമുണ്ടാക്കിയ മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ജില്ലാ ഭരണകൂടം; അമ്പലമേട്ടെ വ്യവസായ സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു

കൊച്ചി റിഫൈന്റിയിൽ നിന്ന് വാതകം ചോർന്നിട്ടില്ലെന്ന് ബിപിസിഎൽ; കുട്ടികൾക്ക് ശ്വാസതടസമുണ്ടാക്കിയ മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ജില്ലാ ഭരണകൂടം; അമ്പലമേട്ടെ വ്യവസായ സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു

കൊച്ചി: ബി പി സി എൽ കൊച്ചി റിഫൈനറിക്ക് സമീപം വാതകം ചോർച്ചയുടെ ഉറവിടം കണ്ടെത്താനാവാതെ ജില്ലാ ഭരണകൂടം. വാതക ചോർച്ചയെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥികൾ ചികിൽസതേടിയിരുന്നു. അമ്പലമേട് കുഴിക്കാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കും അഞ്ച് അദ്ധ്യാപകർക്കുമാണ് ശ്വാസതടസവും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടത്. ഗുരുതരാവസ്ഥയിലായ രണ്ട് വിദ്യാർത്ഥികളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടിതിനെ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചു.

സംഭവ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആശുപത്രികളിലെത്തിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, വി.കെ.എം. ആശുപത്രി എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിദ്യാർത്ഥികളിൽ പലരും ഛർദിച്ച് അവശനിലയിലായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ നിതിന, രശ്മി എന്നിവർക്ക് ശ്വാസതടസം രൂക്ഷമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്കു മാറ്റുകയായിരുന്നു.

ബി.പി.സി.എൽ. കൊച്ചി റിഫൈനറിയിൽ നിന്നോ സമീപത്തുള്ള മറ്റേതെങ്കിലും വ്യവസായശാലയിൽനിന്നാണോ വാതകം ചോർന്നതെന്ന് പരിശോധിച്ചു വരികയാണ്. എന്നാൽ റിഫൈനറിയിൽ വാതകചോർച്ചയുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൊച്ചി റിഫൈനറിയോടു ചേർന്നുള്ള സ്‌കൂളായതിനാൽ ദിവസവും പെട്രോളിയം ഉൽപന്നങ്ങളുടെ ഗന്ധം പതിവാണെങ്കിലും കുട്ടികളുടെ ജീവനുതന്നെ ഹാനികരമായ രീതിയിൽ വാതക ചോർച്ചയുണ്ടാകുന്നത് ഇതാദ്യമാണെന്ന് ഹെഡ്‌മിസ്ട്രസ് ഷൈനി കെ. ശങ്കർ പറഞ്ഞു.

എട്ടാംക്ലാസ് വിദ്യാർത്ഥികളായ റജീന, കൃപ, അഞ്ചാംക്ലാസ് വിദ്യാർത്ഥികളായ ആദിൽസാം, മലർ, റിൻസി റെജി, ബീന എന്നിവരെയാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചാംക്ലാസിലെ മഹി കെ.എസ്, അമൽ, അനന്തു സുകുമാരൻ, മനു കൃഷ്ണ പി.ആർ, ആശാ അയ്യപ്പൻ, ആഷിത, ഗായത്രി, മൂന്നാംക്ലാസിലെ അതുല്യ, ഏഴാംക്ലാസിലെ സുജാത, അഷിത, ബിജിത ബിജു, ആറാംക്ലാസിലെ അഭിജിത് വിക്രമൻ, നന്ദന, +2 വിദ്യാർത്ഥികളായ മുഹമ്മദ് സിദ്ദിഖ്, തൻസീബ് എന്നിവരെ തൃപ്പൂണിത്തുറ വി.കെ.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹയർ സെക്കൻഡറി അദ്ധ്യാപകരായ ശ്രീകുമാർ, ബിന്ദു എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ കലക്ടർ മുഹമ്മദ് വൈ. സഫിറുള്ള സ്‌കൂളിലും ആശുപത്രിയിലും എത്തിയിരുന്നു.

കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ സ്‌കൂളിന് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അവധി നൽകുവാൻ തീരുമാനിച്ചു. കൊച്ചി റിഫൈനറിയിൽ നിന്നുള്ള വാതക ചോർച്ചയല്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കർ പറഞ്ഞു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കമ്പനിയിൽ പരിശോധന നടത്തി റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP