Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് എഫ് ഐക്കാരുടെ ഒരു ചെറിയ കല്ലേറിൽ തുടക്കം; ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ച് കെ എസ് യുക്കാർ; മണിക്കൂറുകൾ കൊച്ചി നഗരത്തെ സ്തംഭിപ്പിച്ച സംഘർഷം ഒത്തുതീർന്നത് പൊലീസും നേതാക്കളും ഏറെ കഷ്ടപ്പെട്ട്

എസ് എഫ് ഐക്കാരുടെ ഒരു ചെറിയ കല്ലേറിൽ തുടക്കം; ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ച് കെ എസ് യുക്കാർ; മണിക്കൂറുകൾ കൊച്ചി നഗരത്തെ സ്തംഭിപ്പിച്ച സംഘർഷം ഒത്തുതീർന്നത് പൊലീസും നേതാക്കളും ഏറെ കഷ്ടപ്പെട്ട്

കൊച്ചി : കൊച്ചിയിൽ നടന്ന ഐഎൻടിയുസി- കെഎസ്‌യു പ്രകടനത്തിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ കല്ലെറിഞ്ഞെന്ന ആരോപണത്തെ തുടർന്നു നഗരത്തിൽ സംഘർഷം. മഹാരാജാസ് കോളജിനുള്ളിലും മറൈൻ ഡ്രൈവ് പരിസരത്തും സംഘർഷമുണ്ടായി. രാവിലെ പതിനൊന്നോടെ ആരംഭിച്ച പ്രശ്‌നങ്ങൾ മൂന്നു മണിയോടെയാണു പരിഹരിച്ചത്. എന്നാൽ ഇനിയും സംഘർഷ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ഗവ. ലോ കോളജിലുണ്ടായ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷത്തിൽ രണ്ടു വിദ്യാർത്ഥികൾക്കു പരുക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണു കെഎസ്‌യു- ഐഎൻടിയുസി പ്രവർത്തകർ പ്രകടനം നടത്തിയത്. തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിൽ ബുധനാഴ്ച കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ലോ കോളജിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു നേതൃത്വം നൽകിയ വിദ്യാർത്ഥികളെ എസ്എഫ്‌ഐ വിദ്യാർത്ഥികൾ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നലെ പ്രകടനം നടത്തിയത്.

ഇതിലേക്കാണ് കല്ല് വന്ന് വീണതും പ്രശ്‌നങ്ങളുണ്ടായതും. ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും മറ്റും കെഎസ്‌യുഐഎൻടിയുസി പ്രവർത്തകർ തകർത്തു. വിദ്യാർത്ഥി-യുവജന സംഘടനകൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ കൊച്ചി നിശ്ചലമായി. സുഭാഷ് പാർക്കിലെ ഗാന്ധി പ്രതിമയ്ക്കു സമീപത്തു നിന്നാരംഭിച്ച മാർച്ച് മഹാരാജാസ് കോളജിനു മുന്നിലെത്തിയപ്പോൾ ക്യാംപസിനുള്ളിൽ നിന്ന് എസ്എഫ്‌ഐക്കാർ കല്ലെറിഞ്ഞെന്നാണ് ആരോപണം. തുടർന്ന് ഐഎൻടിയുസി- കെഎസ്‌യു പ്രവർത്തകർ ക്യാംപസിനുള്ളിൽ കടന്നു. എസ്എഫ്‌ഐ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായി.

കോളജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഓഫിസിന്റെ ചില്ലുകൾ തകർത്തു. ഈ സമയം മൂന്നു പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അവർക്ക് ഒന്നും ചെയ്യാനായില്ല. സംഘർഷം രൂക്ഷമായതോടെ ഇവർ സ്ഥലം വിട്ടെന്നും ആരോപണമുണ്ട്. പിന്നീടു മറൈൻഡ്രൈവിലേക്കു നീങ്ങിയ പ്രവർത്തകർ ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും അലങ്കാരങ്ങളുമെല്ലാം വ്യാപകമായി നശിപ്പിച്ചു. മാർച്ച് ഐജി ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. ബോർഡുകളും കൊടികളും നശിപ്പിച്ചതറിഞ്ഞു സിഐടിയു-ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘടിച്ചെത്തി.

മേനക ജംക്ഷനിൽ നിന്നാരംഭിച്ച ഇടതു സംഘടനകളുടെ പ്രകടനം ഐജി ഓഫിസിനു മുന്നിൽ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലാത്തിവീശി മാർച്ച് പിരിച്ചുവിടാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒടുവിൽ ഹൈക്കോടതി ജംക്ഷനടുത്ത് ഇടതു പ്രവർത്തകർ പ്രതിഷേധ യോഗം ചേർന്നു. ഹൈക്കോടതി ഭാഗത്തേക്കു മാർച്ച് നടത്താനായിരുന്നു നീക്കമെങ്കിലും നേതാക്കൾ ഇടപെട്ടാണു പ്രവർത്തകരെ പിന്തിരിപ്പിച്ചത്. ഇതിനിടെ ഐഎൻടിയുസി- കെഎസ്‌യു പ്രവർത്തകർ വീണ്ടുമെത്തിയതു സംഘർഷ കാരണമായി.

ഒടുവിൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാരെത്തിയാണു രണ്ടു പക്ഷത്തെയും തിരിച്ചയച്ചത്. ഇരുകൂട്ടരുടെയും പേരിൽ സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP