Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്ത് വംശഹത്യയുടെ പകർപ്പാണ് ഡൽഹിയിൽ സംഘപരിവാർ സൃഷ്ടിക്കുന്നത്; വർഗീയ ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടണമെന്ന് കോടിയേരി

ഗുജറാത്ത് വംശഹത്യയുടെ പകർപ്പാണ് ഡൽഹിയിൽ സംഘപരിവാർ സൃഷ്ടിക്കുന്നത്; വർഗീയ ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടണമെന്ന് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ നടന്ന വംശഹത്യയുടെ പകർപ്പാണ് ഡൽഹിയിൽ നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെന്ന് കേൾക്കുമ്പോൾ വിറളിപിടിക്കുന്നവരാണ് വടക്കുകിഴക്കൻ ഡൽഹിയെ വർഗീയ കലാപത്തിൽ ചുട്ടെരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം വംശഹത്യയായി മാറിയ ചരിത്രത്തിന്റെ പകർപ്പാണ് ഡൽഹിയിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന ജനകീയ പ്രതിഷേധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് സംഘപരിവാർ തുടങ്ങിയ കലാപത്തിൽ ഇതിനകം പതിമൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഒരു മതവിഭാഗത്തിന്റെ മാത്രം കടകളും വീടുകളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് കത്തിക്കുകയും നശിപ്പിക്കുകയുമാണ്. ഇതരസംസ്ഥാന തൊഴിലാളികളും മുസ്ലിങ്ങളും വടക്കുകിഴക്കൻ ഡൽഹിയിൽനിന്നു കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തോക്കുകളുമായി 'ജയ് ശ്രീറാം' വിളിച്ചാണ് കലാപകാരികൾ അഴിഞ്ഞാടുന്നത്.

മാധ്യമപ്രവർത്തകർപോലും ആക്രമിക്കപ്പെട്ടു. രാജ്യതലസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നു. പൊലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളെ കലാപത്തിന്നായി ഉപയോഗിക്കുന്നു.അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ച സമയത്താണ് ഡൽഹിയെ കലാപഭൂമിയാക്കി മാറ്റിയത്. കലാപസ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ അമേരിക്കൻ പ്രസിഡന്റും പ്രതിനിധിസംഘവും താമസിക്കുമ്പോൾ തൊട്ടിപ്പുറത്ത് വർഗീയതയുടെ കലാപാഗ്‌നി ആളിപ്പടർത്തുകയായിരുന്നു സംഘികൾ.

ആ അവസരത്തിൽ മോദിയും ഷായും ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ ചെറുവിരൽ പോലും അനക്കാത്തത് ആർ എസ് എസ് തീരുമാനത്തെ ധിക്കരിക്കാൻ സാധിക്കാത്തതുകൊണ്ടാണെന്ന് സംശയിക്കാം. കലാപത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഈ വർഗീയ കലാപം ഡൽഹിയിൽ ഒതുങ്ങിനിൽക്കുമെന്ന് കരുതാനാകില്ല. അയൽ സംസ്ഥാനങ്ങളിലേക്കും കലാപം പടരാനുള്ള സാധ്യത തള്ളിക്കളയരുത്.

സിഎഎ വിരുദ്ധപ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് വർഗീയകലാപത്തിനു തിരികൊളുത്തിയിട്ടുള്ളത്. സിഎഎയ്ക്കെതിരായ ജനകീയപ്രതിഷേധം രാജ്യമാസകലം ഉയർന്നുപൊങ്ങുമ്പോൾ അതിന് തടയിടാനാണ് രാജ്യത്തെ വർഗീയാഗ്‌നിയിലേക്ക് തള്ളിയിടുന്നതെന്നും കോടിയേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP