Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോന്നി മെഡിക്കൽ കോളജ് എവിടെയും എത്തിയില്ല; അടൂർ പ്രകാശിനോടുള്ള പ്രതികാരത്താൽ പദ്ധതി അട്ടിമറിച്ചെന്ന് ആക്ഷേപം; സർക്കാരിന്റെ ഒരു വർഷത്തെ വികസനപ്രവർത്തനങ്ങളുടെ പട്ടികയിൽ കോന്നി മെഡിക്കൽ കോളജില്ല

കോന്നി മെഡിക്കൽ കോളജ് എവിടെയും എത്തിയില്ല; അടൂർ പ്രകാശിനോടുള്ള പ്രതികാരത്താൽ പദ്ധതി  അട്ടിമറിച്ചെന്ന് ആക്ഷേപം; സർക്കാരിന്റെ ഒരു വർഷത്തെ വികസനപ്രവർത്തനങ്ങളുടെ പട്ടികയിൽ കോന്നി മെഡിക്കൽ കോളജില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നി എംഎൽഎ അടൂർ പ്രകാശിനോട് സർക്കാരിന്റെ പ്രതികാരം. ജില്ലയുടെ തന്നെ സ്വപ്നപദ്ധതിയായ കോന്നി മെഡിക്കൽ കോളജ് അട്ടിമറിച്ചു. മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തനങ്ങളോടും സർക്കാർ മുഖം തിരിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ വികസനനേട്ടം വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ കോന്നിയെ കുറിച്ച് ഒരു വാക്കു പോലും മന്ത്രി മാത്യു ടി. തോമസ് പറഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ രൂക്ഷവിമർശനവുമായി അടൂർ പ്രകാശ് കൂടി രംഗത്തു വന്നതോടെ വിവാദംകൊഴുക്കുകയാണ്.

എൽഡിഎഫിന്റെ എംഎ‍ൽഎമാർ പ്രതിനിധാനം ചെയ്യുന്ന നാലു മണ്ഡലങ്ങളിലുമുള്ള വികസന പ്രവർത്തനങ്ങൾ മാത്രമാണ് പത്ര സമ്മേളനത്തിൽ മന്ത്രി വിശദീകരിച്ചത്. കോന്നി എംഎൽഎയായ അടൂർ പ്രകാശ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാവുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷം ജില്ലയിലെ മണ്ഡലങ്ങളിൽ സർക്കാർ നടപ്പാക്കിയ പദ്ധതികൾ അക്കമിട്ട് നിരത്തിയാണ് മന്ത്രി വിശദീകരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശ് തുടങ്ങി വച്ച കോന്നി മെഡിക്കൽ കോളജിനെപ്പറ്റി ഒരക്ഷരം പോലും മന്ത്രി പറഞ്ഞില്ല. കോന്നി മണ്ഡലത്തിലെ ഒരു റോഡിനെപ്പറ്റി മാത്രം ഒഴുക്കൻ മട്ടിൽ പരാമർശിച്ച് പോവുകയായിരുന്നു.

ജില്ലയുടെ തന്നെ സ്വപ്നപദ്ധതിയായ കോന്നി മെഡിക്കൽ കോളജ് നിർമ്മാണം നിലച്ചിരിക്കുകയാണെന്നും അവിടെ ഈ അധ്യയന വർഷം കോഴ്സ് തുടങ്ങേണ്ടതായിരുന്നുവെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യത്തിൽ രാഷ്ട്രീയ വിവേചനമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചതാണ് കോന്നി മെഡിക്കൽ കോളജ്. ഈ സർക്കാർ തുടങ്ങിയ പദ്ധതികളെ കുറിച്ചാണ് ഇപ്പോൾ പറയുന്നതെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാലിലും എൽഡിഎഫ് ജനപ്രതിനിധികളാണുള്ളത്. യു.ഡി.എഫിന്റെ ഏക പ്രതിനിധിയാണ് അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശ് കോന്നിക്ക് കൂടുതലായും ജില്ലയ്ക്ക് പ്രത്യേകിച്ചും നിരവധി വികസന പദ്ധതികൾ കൊണ്ടുവന്നിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോന്നി മെഡിക്കൽ കോളജും കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം പദ്ധതിയുമായിരുന്നു. ഇതേപ്പറ്റിയുള്ള പരാമർശങ്ങളും തുടർവികസന കാര്യങ്ങളുമാണ് സർക്കാർ പരാമർശത്തിൽ നിന്നും ഒഴിവാക്കിയത്. ഈ അധ്യയന വർഷം കോന്നി മെഡിക്കൽ കോളജിൽ ക്ലാസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതാണ്. സർക്കാരിന്റെ നിസഹകരണത്തോടെ അതു പാളി. കെട്ടിടങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും പണിയും ഇഴയുകയാണ്.

മെഡിക്കൽ കോളജിന് തുടക്കംകുറിച്ചത് 2013 ജനുവരി 25 ആണ്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന് തുടർ ഭരണം ലഭിക്കുമായിരുന്നുവെങ്കിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിക്കാൻ കഴിയുമായിരുന്നുവെന്ന് അടൂർ പ്രകാശ് പറഞ്ഞു. അതിന് ആവശ്യം വേണ്ടുന്ന കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും കണ്ടെത്തിയിരുന്നതാണ്. എന്നാൽ നിർഭാഗ്യവശാൽ യുഡിഎഫ്. ഗവൺമെന്റ് മാറി അധികാരത്തിൽ എൽഡിഎഫ് വന്നു. അവർ ഇതിൽ യാതൊരു താൽപ്പര്യവും കാണിക്കാത്ത അവസ്ഥയുണ്ടായി.

2011-ൽ യുഡിഎഫ്. അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെ പിന്നോക്ക ജില്ലകൾ കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനം എടുത്തു. ആദ്യബജറ്റിൽ 4 മെഡിക്കൽ കോളേജുകൾ ആരംഭിക്കുവാൻ പ്രഖ്യാപനമുണ്ടായി. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളാണ് തെരഞ്ഞെടുത്തത്. പത്തനംതിട്ട ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളേജിന് 50 ഏക്കർ സ്ഥലവും അനുവദിച്ചുകൊടുത്തു. നബാർഡിൽ നിന്ന് ആവശ്യമായ പണം കണ്ടെത്തുവാൻ നടപടി സ്വീകരിച്ചു. 2011-ൽ അടൂർ പ്രകാശ് ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ എല്ലാം നടപടിയാക്കിയത്. നബാർഡിൽ നിന്നും 142 കോടി രൂപയും ബഡ്ജറ്റിൽ പറഞ്ഞ 25 കോടി രൂപയും ചേർത്തുകൊണ്ടാണ് മെഡിക്കൽ കോളേജിന്റെ ഒന്നാം ഘട്ടപണികൾ ആരംഭിച്ചത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

300 കിടക്കകളുള്ള ഹോസ്പിറ്റൽ സമുച്ചയവും അക്കാഡമിക്ക് ബ്ലോക്കുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രഗവൺമെന്റിന്റെ ചുമതലയിലുള്ള എച്ച്എൽഎലിനെയാണ് ഏൽപ്പിച്ചത്. എച്ച്.എൽ.എൽ. ടെൻഡർ നടത്തി നാഗാർജ്ജുന കൺസ്ട്രക്ഷൻ കമ്പിനിയെ ഏൽപ്പിക്കുകയുണ്ടായി. 2013 ജനുവരി 25 ന് ശിലാസ്ഥാപനം നടന്നുവെങ്കിലും ടെന്റർ നടപടികൾ പൂർത്തീകരിച്ച് 2014 മെയ് 15 ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച എൻസിസി, കോന്നി മെഡിക്കൽ കോളേജിന്റെ പണികൾ വളരെ വേഗത്തിൽ നടത്തികൊണ്ട് പോവുകയാണ്. 300 ബെഡ് ഉള്ള ഹോസ്പിറ്റർ സമുച്ചയത്തിന്റെ പണികൾ 80% ൽ അധികം പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ടൈൽസ് ഇടീൽ, വയറിങ്, പ്ലംബിങ്, എയർ കണ്ടീഷനിങ് തുടങ്ങിയ പ്രവർത്തികളാണ്. അതോടൊപ്പം തന്നെ അക്കാഡമിക്ക് ബ്ലോക്കിന്റെ പണികളും നടന്നുകൊണ്ടിരിക്കുന്നു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുമ്പിൽ കോന്നി മെഡിക്കൽ കോളേജിന്റെ അപേക്ഷ നൽകിയിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോഴും എംസിഎയ്ക്ക് അപേക്ഷ നൽകിയിട്ടില്ലെന്നാണ് അദ്ദേഹം നൽകിയ മറുപടി. കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ പണികൾ പുരോഗമിക്കുന്നു. 18.1 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത് 22 അടി വീതിയിൽ ദേശീയനിലവാരത്തിലാണ് റോഡിന്റെ പണികൾ പുരോഗമിക്കുന്നത്. കോന്നിയിൽ നിന്നും പയ്യനാമണ്ണിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചേരുവാനുള്ള റോഡ്കളുടേയും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുവാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനെല്ലാം പണം യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ അനുവദിച്ചിരുന്നതാണ്. ചിലസാങ്കേതികത്വത്തിന്റെ പേരിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാതിരിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP