Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടക്കാബൂർ ഭൂമി തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ അന്ത്യശാസനം; രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണം; മാർച്ച് 12ന് കേസ് വീണ്ടും പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജോയ്‌സ് ജോർജ് എംപിയും കുടുംബവും ആരോപണ വിധേയരായ കൊട്ടക്കാമ്ബൂർ ഭൂമി തട്ടിപ്പ് കേസിൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബുധനാഴ്ച കേസ് പരിഗണിക്കവേ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോഴാണ് രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന അന്ത്യശാസനം കോടതി നൽകിയത്. ഇത് അവസാന അവസരമാണെന്നും മാർച്ച് 10നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. മാർച്ച് 12ന് കേസ് വീണ്ടും പരിഗണിക്കും.

അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പട്ടയങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആർ.ഡി.ഒയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്ന് ഒന്നൊഴികെയുള്ള റിപ്പോർട്ടെല്ലാം ലഭിച്ചു. കേസിലെ സാക്ഷികളിൽനിന്ന് മൊഴിയെടുക്കാൻ തൊടുപുഴ കോടതി സമൻസ് അയച്ചതായും സർക്കാർ അഭിഭാഷകൻ അറിയിച്ചു. എന്നാൽ, പൊലീസ് കാലാകാലങ്ങളിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പഴയ റിപ്പോർട്ടുകളുടെ പകർപ്പ് മാത്രമാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.

ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകേഷ്, എൻ.കെ. ബിജു എന്നിവർ സമർപ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൊട്ടക്കാമ്ബൂർ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ദേവികുളം പൊലീസ് സ്‌റ്റേഷനിൽ അഞ്ച് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം അനുവദിച്ചതാണെന്ന് കോടതി സർക്കാറിനെ ഓർമിപ്പിച്ചു. അന്വേഷണം അനുവദിച്ച സമയത്തിനകം തീർത്തില്ലെങ്കിൽ കേസ് മറ്റേതെങ്കിലും ഏജൻസിക്ക് വിടുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് കോടതി വാക്കാൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP