Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും കോവളം കൊട്ടാരം വിട്ടുനൽകുന്നില്ല; പിണറായി സർക്കാരിനെതിരെ നിയമപോരാട്ടത്തിന് രവി പിള്ള; പ്രവാസി വ്യവസായിയുടെ ഹർജിയിൽ സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം

കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും കോവളം കൊട്ടാരം വിട്ടുനൽകുന്നില്ല; പിണറായി സർക്കാരിനെതിരെ നിയമപോരാട്ടത്തിന് രവി പിള്ള; പ്രവാസി വ്യവസായിയുടെ ഹർജിയിൽ സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം

കൊച്ചി : കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും കോവളം കൊട്ടാരം വിട്ടുനൽകുന്നില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിലുള്ള കോടതിയലക്ഷ്യ ഹർജിയിൽ സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. കോവളം റിസോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബി. രവിപിള്ള സമർപ്പിച്ച ഹർജിയിൽ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ടൂറിസം സെക്രട്ടറി വി. വേണു എന്നിവരാണ് എതിർകക്ഷികൾ.

കൊട്ടാരമുൾപ്പെട്ട ഭൂമി നിയമം മൂലം ഏറ്റെടുക്കുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ജഡ്ജി അനുവദിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും ഈ വിധി ശരിവയ്ക്കുകയും ചെയ്തു. തുടർന്ന് വസ്തു തിരിച്ചുകിട്ടാൻ സർക്കാരിന് അപേക്ഷ നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. കോവളം കൊട്ടാരവും 64.5 ഏക്കർ സ്ഥലവും 2005ൽ സർക്കാർ ഏറ്റെടുത്തത് കോടതി റദ്ദാക്കിയിട്ടും സ്ഥലവും കൊട്ടാരവും തിരികെ നൽകുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.

ഇതിനിടെ കോവളം കൊട്ടാരം പൊതു ഉടമസ്ഥതയിൽ തന്നെ നിലനിർത്തുന്നതിന് സിവിൽ കേസ് ഫയൽ ചെയ്യാൻ സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നൽകിയിരുന്നു. കുടുതൽ നിയമനടപടികൾക്ക് സാധ്യതയില്ലാത്തതിനാൽ കൊട്ടാരം ഹോട്ടലുടമകൾക്ക് തന്നെ വിട്ടുകൊടുക്കണമെന്ന് നിയമസെക്രട്ടറിയുടെ അഭിപ്രായം തള്ളിക്കൊണ്ടാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. കൊട്ടാരം ഹോട്ടലുടമകൾക്ക് തന്നെ മടക്കി കൊടുക്കണമെന്ന് ടൂറിസം വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണ് റവന്യൂ വകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ എ.സി മൊയിതീൻ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കൊട്ടാരം ഹോട്ടലുടമകൾക്ക് വിട്ടുകൊടുക്കണമെന്ന നിർദ്ദേശം ഉണ്ടായത്.

ഇതിനെ റവന്യൂ വകുപ്പ് എതിർത്തിരുന്നു. തുടർന്ന് റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറിയുടെ ഉപദേശം തേടി. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടുകയുമായിരുന്നു. അഡ്വക്കേറ്റ് ജനറൽ നൽകിയ ഉപദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി തീരുമാനം ഒന്നും അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രവി പിള്ള ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.

64.5 ഏക്കർ സ്ഥലവും കോവളം കൊട്ടാരവും ഉൾപ്പെടുന്നതാണ് ബീച്ച് റിസോർട്ട്. വിവാദത്തെ തുടർന്ന് കോവളം പാലസ് ഏറ്റെടുക്കൽനിയമത്തിലൂടെ സർക്കാർ അത് ഏറ്റെടുത്തു. ഇത് ചോദ്യംചെയ്ത് രവിപിള്ള നൽകിയ ഹർജിയിൽ ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയും തള്ളി. റിസോർട്ട് വിട്ടുനൽകാനും കോടതി നിർദേശിച്ചു. എന്നാൽ, നടപടിയുണ്ടായില്ല. തുടർന്നാണ് രവി പിള്ള പുതി നിയമ യുദ്ധത്തിന് ഹൈക്കോടതിയിൽ എത്തുന്നത്.

നേരത്തെ കോവളം കൊട്ടാരം ഏറ്റെടുക്കാൻ സർക്കാർ നടത്തിയ നിയമനിർമ്മാണം അസാധുവാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. കൊട്ടരം ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ആക്ടിങ് ചീഫ് ജസ്‌റീസ് അശോക് ഭൂഷൺ, ജസ്‌റീ സ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിട്ടത്. ഇന്ത്യ ടൂറിസം വികസന കോർപറേഷന്റെ (ഐടിഡിസി) കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002ലാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കു വച്ചത്. 43.68 കോടി രൂപയ്ക്ക് ആദ്യം ഗൾഫാർ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും വാങ്ങി. എന്നാൽ, 2004ൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചുപിടിച്ചു. കൊട്ടാരം ഏറ്റെടുത്തതിനു നിയമപരിരക്ഷ നൽകാൻ 2005ൽ കോവളം കൊട്ടാരം ഏറ്റെടുക്കൽ നിയമം കൊണ്ടുവന്നു.

ഈ ആക്ടിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്തു ലീലാ ഗ്രൂപ്പ് നൽകിയ ഹർജിയിൽ സർക്കാരിന്റെ നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇതിനെതിരേയാണു സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. നിലവിലുള്ള വസ്തുതർക്കം നിയമനിർമ്മാണത്തിലൂടെ മറികടക്കാനാണു സർക്കാർ ശ്രമിച്ചതെന്നു ഹൈക്കോടതി വിലയിരുത്തി. നിയമം ഏകപക്ഷീയമല്ല. കൊട്ടാരം ഏറ്റെടുത്തത് ന്യായീകരിക്കാനും കോടതി വിധി മറികടക്കാനുമാണു സർക്കാർ നിയമം കൊണ്ടുവന്നത്. ഇതു വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണ്. ഏറ്റെടുക്കൽ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടി കോടതിയുടെ അധികാരപരിധിയുടെ ലംഘനമല്ല. മൂന്നു ദശാബ്ദമായി ഐടിഡിസി കോവളം കൊട്ടാരം അശോക ബീച്ച് റിസോർട്ടിന്റെ ഭാഗമായി ഉപയോഗിച്ചുവരുകയായിരുന്നു.

48 മണിക്കൂർ പോലും നോട്ടീസ് നൽകാതെയാണു സംസ്ഥാന സർക്കാർ ഭൂമിയും കൊട്ടാരവും ഏറ്റെടുത്തത്. നിയമം കൊണ്ടുവന്നു എന്നതുകൊണ്ട് 2005 സെപ്റ്റംബർ 25ലെ ഏറ്റെടുക്കലിനെ സാധൂകരിക്കാനാവിവില്ലെന്നു ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP