Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആതിരപ്പിള്ളിയിൽ മടക്കിയ മുട്ട് ശാന്തിവനത്തിൽ മടക്കാൻ തയ്യാറാകാതെ മണിയാശാൻ; കോടിക്കണക്കിന് രൂപ ചിലവഴിച്ചുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ വിട്ടുവീഴ്‌ച്ച ഒട്ടുമില്ലെന്ന് വൈദ്യുത മന്ത്രി; വല്യേട്ടനെതിരെ പ്രയോഗിക്കാൻ കിട്ടിയ ആയുധം എടുത്തണിഞ്ഞ് സിപിഐയും; വടക്കൻ പറവൂറിലെ ശാന്തിവനത്തിലൂടെ ജൈവസമ്പത്തിന് വലിയ നാശം സൃഷ്ടിച്ചുള്ള കെഎസ്ഇബിയുടെ ടവർ നിർമ്മാണത്തെ രാഷ്ട്രീയമായി നേരിടാനുറച്ച് കോൺഗ്രസും

ആതിരപ്പിള്ളിയിൽ മടക്കിയ മുട്ട് ശാന്തിവനത്തിൽ മടക്കാൻ തയ്യാറാകാതെ മണിയാശാൻ; കോടിക്കണക്കിന് രൂപ ചിലവഴിച്ചുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ വിട്ടുവീഴ്‌ച്ച ഒട്ടുമില്ലെന്ന് വൈദ്യുത മന്ത്രി; വല്യേട്ടനെതിരെ പ്രയോഗിക്കാൻ കിട്ടിയ ആയുധം എടുത്തണിഞ്ഞ് സിപിഐയും; വടക്കൻ പറവൂറിലെ ശാന്തിവനത്തിലൂടെ ജൈവസമ്പത്തിന് വലിയ നാശം സൃഷ്ടിച്ചുള്ള കെഎസ്ഇബിയുടെ ടവർ നിർമ്മാണത്തെ രാഷ്ട്രീയമായി നേരിടാനുറച്ച് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

പറവൂർ: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റില്ലെന്ന് സർക്കാർ. കോടിക്കണക്കിന് രൂപ ചെലവഴിച്ച പദ്ധതിയിൽ വിട്ടുവീഴ്ചയില്ലെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. പണി നിർത്തിയത് എന്തിനെന്ന് ജനം ചോദിക്കുമെന്നും എം.എം.മണി പറഞ്ഞു. വൻ പരിസ്ഥിതിനാശം വരുത്തിയാണ് ശാന്തിവനത്തിലെ ടവർ നിർമ്മാണമെന്ന് ആരോപണം ഉയർന്നിരുന്നു.

വടക്കൻ പറവൂർ വഴിക്കുളങ്ങരയിലെ രണ്ടരയേക്കറോളം വരുന്ന സ്വകാര്യ വനത്തിനു നടുവിലൂടെ 110 കെവി ലൈൻ വലിക്കാനുള്ള ടവർ നിർമ്മിക്കാൻ കെഎസ്ഇബി ജോലികൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്.

കെ.എസ്.ഇ.ബിയുടെ 110 കെവി ലൈൻ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനം വെട്ടിനിരത്താനുള്ള പുറപ്പാടിലാണ് അധികാരികൾ. പൈലിങ്ങ് ഉൾപ്പടെ ഇവിടെ തുടങ്ങിക്കഴിഞ്ഞു. വനം നശിപ്പിക്കുവാൻ കെഎസ്ഇബിയുടെ ശ്രമത്തിനെതിരെ ദിവസങ്ങളായി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും സമരം തുടരുകയാണ്. സിപിഐ നേതാക്കളടക്കം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൈവസമ്പത്തിന്റെ കലവറയായ വടക്കൻ പറവൂർ ശാന്തിവനത്തിനുള്ളിലെ കെഎസ്ഇബിയുടെ ടവർ നിർമ്മാണത്തിനെതിരായ സമരത്തിന് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടിയാലോചനകളില്ലാതെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ച കെഎസ്ഇബിയാണ് പ്രശ്‌നം സങ്കീർണമാക്കിയതെന്ന് എറണാകുളം എംഎൽഎ ഹൈബി ഈഡനും പ്രതികരിച്ചു.

അതേസമയം, ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി കലാകാരന്മാരും രംഗത്തെത്തി. കൊച്ചിയിലെ കലാകക്ഷി ആർട്ട് കലക്ടീവിലെ പി.എസ്.ജയയാണ് പറവൂരിൽ വേറിട്ട പ്രതിഷേധവുമായി എത്തിയത്. വേരറുക്കപ്പെടുന്ന ശാന്തിവനത്തെ പ്രതീകാത്മകമായി തന്റെ ശരീരത്തിൽ സന്നിവേശിപ്പിച്ചാണ് പി.എസ്.ജയ എന്ന കലാകാരി തലതിരഞ്ഞ വികസനരീതികളോട് കലഹിക്കുന്നത്.

തീപ്പന്തത്തിന്റെ വെളിച്ചത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പറവൂരിലൂടെ നടന്നുനീങ്ങിയ സംഘം വഴിയാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി. ശാന്തിവനത്തോട് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി.എസ്.ജയ പറയുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ചിത്രരചനയിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ജയ.

പരിസ്ഥിതിയുടെ പേരിൽ സർക്കാരിലെ പ്രധാന രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴും മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സിപിഐ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ശമിച്ചിരുന്ന സിപിഎം-സിപിഐ പോര് പല വിഷയങ്ങളിലും മറനീക്കി പുറത്തുവരുന്നതിനിടെയാണ് ശാന്തിവനത്തിലെ വൈദ്യുതി ലൈൻ സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ഇരുപാർട്ടികളും മുന്നോട്ടു പോകുന്നത്.

അതേസമയം,വലിയ തോതിൽ പരിസ്ഥിതി നാശമുണ്ടാക്കുന്ന വിധത്തിലാണ് വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതെങ്കിലും കാവ് സംരക്ഷിക്കപ്പെടുമെന്ന വിചിത്ര വാദമാണ് കെഎസ്ഇബി ഉയർത്തുന്നത്. ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് എന്നീ പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 കെ.വി മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 കെ.വി. സബ്‌സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോൾ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികൾ വരുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.

പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് നയമെന്നും കെ എസ് ഇ ബി. പറയുന്നു. അലൈന്മെന്റ് സംബന്ധിച്ച പരാതികൾ ഹൈക്കോടതി ഇടപെട്ട് പരിഹരിച്ചതാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നു.

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റില്ലെന്നു സർക്കാർ നിലപാടിൽ നിരാശയുണ്ടെന്ന് ശാന്തിവനം സംരക്ഷണ സമിതി പ്രതികരിച്ചു. ശാന്തിവനം സംരക്ഷണ സമരം സർക്കാരിന്റെ വികസന പ്രവർത്തനത്തിന് എതിരല്ല. ഇപ്പോഴുള്ള സമരം മന്നം- ചെറായി 110 കെവി ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കുകയില്ല. ഈ ലൈൻ അപൂർവ്വ ജൈവസമ്പത്തുള്ള ശാന്തിവനം ക്യാമ്പസിന്റെ നടുവിലൂടെ പോകുന്നത് ഒഴിവാക്കി ബദൽ വഴികൾ സ്വീകരിക്കണം . കാട് നശിപ്പിക്കാത്ത ബദൽ റൂട്ട് സാധ്യമാണെന്നിരിക്കെ അത് പഠനവിധേയമാക്കണം . ശാന്തി വനം ഒഴിവാക്കി പദ്ധതി വേഗത്തിൽ നടപ്പാക്കണം എന്നു തന്നെയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഈ വിഷയത്തെക്കുറിച്ചുള്ള ബഹു. മന്ത്രിയുടെ തെറ്റിദ്ധാരണ മാറ്റി അദ്ദേഹം ജനങ്ങൾക്കൊപ്പം നിലകൊള്ളും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ ഈ സമരം അതി ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് സമിതിയുടെ തീരുമാനമെന്നും സമിതി വ്യക്തമാക്കി.

കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്മാരിലൊരാളായ രവീന്ദ്രനാഥിന്റെ മകൾ മീന മേനോന്റെ എറണാകുളം വടക്കൻ പറവൂരിലെ രണ്ടേക്കർ ഭൂമിയാണ് ശാന്തിവനം എന്നറിയപ്പെടുന്നത്. മന്നത്തുനിന്നു ചെറായിലേയ്ക്കുള്ള കഐസ്ഇബിയുടെ 110 കെവി വൈദ്യുത ലൈൻ കടന്നു പോകുന്നതും അതിനു വേണ്ട ടവർ നിർമ്മിക്കുന്നതും ശാന്തിവനത്തിനുള്ളിലാണ്.

മൂന്നു വലിയ സർപ്പക്കാവുകളും മൂന്നു കുളങ്ങളും ഒരു കുടുംബ ക്ഷേത്രാരാധനാസ്ഥലവും ഉള്ള ഈ ജൈവവൈവിധ്യ കലവറയാണു ശാന്തിവനം. പലതരം ഔഷധസസ്യങ്ങളും പാല, കരിന്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ് ഈ ഭൂമി. നാഴിക്ക് ലക്ഷങ്ങൾ വില ലഭിക്കുന്ന ദേശീയ പാതയ്ക്കരുകിലാണ് ഈ മണ്ണ്. ഒറ്റമരം മുറിക്കില്ല എന്നു പറഞ്ഞ് പണി തുടങ്ങിയ കഐസ്ഇബി പിന്നീട് 48 മരങ്ങൾ മുറിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. നിലവിൽ 12 മരങ്ങൾ ശാന്തിവനത്തിൽനിന്നു മുറിച്ചുമാറ്റി. അര സെന്റ് സ്ഥലത്ത് ടവർ നിർമ്മിക്കുന്നു എന്നാണ് കഐസ്ഇബി പറയുന്നതെങ്കിലും ടവറിന്റെ പണി കഴിയുന്നതോടെ ഏകദേശം 50 സെന്റ് കാട് പൂർണമായും നശിക്കുമെന്ന് മീന പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP