Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ചെറുകിട വൈദ്യുതി നിലയങ്ങൾ വെള്ളം കയറി തകർന്നു; 28 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നു; 1,200 ട്രാൻസ്‌ഫോർമറുകൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിൽ; വെള്ളപ്പൊക്കം കെഎസ്ഇബിക്ക് വരുത്തിവെച്ചത് 470 കോടിയുടെ നഷ്ടം; പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്നു കണക്ഷനുകൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി വൈദ്യുതി ബോർഡ്

അഞ്ചു ചെറുകിട വൈദ്യുതി നിലയങ്ങൾ വെള്ളം കയറി തകർന്നു; 28 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നു; 1,200 ട്രാൻസ്‌ഫോർമറുകൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിൽ; വെള്ളപ്പൊക്കം കെഎസ്ഇബിക്ക് വരുത്തിവെച്ചത് 470 കോടിയുടെ നഷ്ടം; പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്നു കണക്ഷനുകൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി വൈദ്യുതി ബോർഡ്

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിനുണ്ടായ നഷ്ടം ഇരുപതിനായിരം കോടി രൂപയുടേതാണെന്നാണ് സർക്കാറിന്റെ പ്രാധമിക കണക്ക്. ഈ കണക്ക് ഇനിയും ഉയരാൻ ഇടയുണ്ടെന്നും സൂചനയാണ്ട്. കാലവർഷം കനത്ത നഷ്ടം തന്നെയാണ് സംസ്ഥാന വൈദ്യുതി ബോർഡിനും വരുത്തിവെച്ചത്. ഇതുവഴി 470 കോടിയുടെ നഷ്ടം ഉണ്ടായതെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഈ നഷ്ടം ഉണ്ടെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത അവസ്ഥയിൽ കാര്യങ്ങൾ നീക്കാനാണ് സർക്കാറിന്റെ ശ്രമം. വൈദ്യുതി ഉപകരണങ്ങൾ തകർന്നതിലൂടെയുള്ള നഷ്ടം 350 കോടിരൂപയിൽ എത്തി. 28 സബ് സ്റ്റേഷനുകളും അഞ്ച് ഉൽപാദന നിലയങ്ങളും പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നു. അഞ്ചു ചെറുകിട വൈദ്യുതി നിലയങ്ങൾ വെള്ളം കയറി തകർന്നു.

അതേസമയം വൈദ്യുതി വിതരണ മേഖലയിൽ പതിനായിരം ട്രാൻസ്‌ഫോമറുകൾ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്തു. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളിൽ ഇതുവരെയായി 4,500 എണ്ണം പ്രവർത്തനം ആരംഭിച്ചു. 1,200 ട്രാൻസ്‌ഫോർമറുകൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. വയറിങ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്നു കണക്ഷനുകൾ പുനഃസ്ഥാപിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.

മഴയിൽ തകർന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാൻ 'മിഷൻ റീകണക്റ്റ്' എന്ന പേരിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. വിതരണ വിഭാഗം ഡയറക്ടറുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം വൈദ്യുതി ഭവനിൽ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവർത്തിക്കുമെന്നാണ് അറിയുന്നത്. കൽപറ്റ, തൃശൂർ, ഇരിഞ്ഞാലക്കുട, പെരുമ്പാവൂർ, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കൽ സർക്കിളുകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലും, പ്രശ്‌നബാധിത പ്രദേശങ്ങളിലെ സെക്ഷനുകളിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികൾ മേൽനോട്ടം നൽകും. എല്ലാ ജില്ലയിലും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ചീഫ് എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്.

സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെയും മറ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനം ലഭ്യമാക്കും. തമിഴ്‌നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ജീവനക്കാരെയും ട്രാൻസ്‌ഫോർമറുകൾ അടക്കമുള്ളവയുംനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. പവർഗ്രിഡ്, എൻടിപിസി, റ്റാറ്റാ പവർ, എൽ ആൻഡ് ടി, സീമൻസ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനു മുൻപായി വയറിങ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇലക്ട്രീഷ്യന്മാരുടെ സേവനവും സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാൻ പ്രാദേശികമായ സഹായം കെഎസ്ഇബി അഭ്യർത്ഥിച്ചു.

കണക്ഷൻ പുനഃസ്ഥാപിക്കാൻ താമസം നേരിടുന്ന വീടുകളിൽ എർത്ത് ലീക്കേജ് സർക്ക്യൂട്ട് ബ്രേക്കർ ഉൾപ്പടുത്തി ഒരു ലൈറ്റ് പോയിന്റും പ്ലഗ് പോയിന്റും മാത്രമുള്ള താൽകാലിക സംവിധാനത്തിലൂടെ വൈദ്യുതി നൽകാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. തെരുവുവിളക്കുകൾ കേടായ ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാധനങ്ങൾ നൽകുന്ന മുറയ്ക്കു സൗജന്യമായി അവ സ്ഥാപിക്കു. കൂടാതെ സെക്ഷൻ ഓഫീസുകൾ, റിലീഫ് ക്യാംപുകൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങൾക്കു സൗജന്യമായി മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP