Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എസ്.ആർ.ടി.സി.യിൽ വീണ്ടും 'ഒന്നര ഡ്യൂട്ടി' സമ്പ്രദായം വ്യാപകമാക്കുന്നു; ഡബിൾ ഡ്യൂട്ടികളെല്ലാം ഒന്നര ഡ്യൂട്ടിയായി ചുരുങ്ങും; ഇനി മുതൽ ജോലി സമയമായി പരിഗണിക്കുന്നത് വണ്ടി ഓടിക്കുന്ന സമയം മാത്രം; ദിവസം ഓടേണ്ട ദൂരം വർധിപ്പിച്ചത് 50 മുതൽ 80 കിലോമീറ്റർ വരെ; പുതിയ പരിഷ്‌കാരം ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ നിലവിൽ വന്നതിന് പിന്നാലെ

കെ.എസ്.ആർ.ടി.സി.യിൽ വീണ്ടും 'ഒന്നര ഡ്യൂട്ടി' സമ്പ്രദായം വ്യാപകമാക്കുന്നു; ഡബിൾ ഡ്യൂട്ടികളെല്ലാം ഒന്നര ഡ്യൂട്ടിയായി ചുരുങ്ങും; ഇനി മുതൽ ജോലി സമയമായി പരിഗണിക്കുന്നത് വണ്ടി ഓടിക്കുന്ന സമയം മാത്രം; ദിവസം ഓടേണ്ട ദൂരം വർധിപ്പിച്ചത് 50 മുതൽ 80 കിലോമീറ്റർ വരെ; പുതിയ പരിഷ്‌കാരം ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ നിലവിൽ വന്നതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കെ.എസ്.ആർ.ടി.സി.യിൽ വീണ്ടും 'ഒന്നര ഡ്യൂട്ടി' സമ്പ്രദായം വ്യാപകമാക്കുന്നു. പുതിയ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ നിലവിൽവന്നതിന് പിന്നാലെയാണ് ഇത്് വീണ്ടും വ്യാപകമാകുന്നത്. എന്നാൽ പ്രത്യേകിച്ച് ഉത്തരവുകളോ രേഖാമൂലമുള്ള വിവരങ്ങളോ കൈമാറാതെയാണ് ഇത് നടപ്പിലാക്കുന്നത്. ഫോൺ വഴി നിർദ്ദേശം നൽകിയാണ് വിവിധ ഡിപ്പോകളിൽ ഈ സംവിധാനം ഇപ്പോൾ വീണ്ടും പ്രാബല്യത്തിൽ കൊണ്ടു വന്നിരിക്കുന്നത്. ദൂരം ദീർഘിപ്പിച്ച് ഒന്നര ഡ്യൂട്ടി ഡബിൾ ഡ്യൂട്ടിയാക്കി മാറ്റിയയിടങ്ങളിൽ ജീവനക്കാരുടെ വീക്ക്ലി ഓഫ് നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നര ഡ്യൂട്ടിയിലേക്ക് ഇത് മാറ്റിയതോടെ ചില ഷെഡ്യൂളുകളിൽ ദിവസം ഓടേണ്ട ദൂരം 50 മുതൽ 80 കിലോമീറ്റർ വരെ വർധിപ്പിച്ചു. നേരത്തേ 13-14 സ്റ്റിയറിങ് മണിക്കൂറും (വണ്ടി ഓടിക്കുന്ന സമയം) ജോലി ഏറ്റെടുക്കാനും അവസാനിപ്പിക്കാനും ഇടവിശ്രമത്തിനുമുള്ള രണ്ടുമണിക്കൂറും ജോലിചെയ്താൽ ഡബിൾ ഡ്യൂട്ടിയായിട്ടാണ് കണക്കാക്കിയിരുന്നത്. ഡബിൾ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് പിറ്റേദിവസം ഓഫും നൽകിയിരുന്നു. എന്നാൽ പുതിയ നടപടിയിൽ വണ്ടി ഓടിക്കുന്ന സമയം മാത്രമാണ് ജോലി സമയമായി പരിഗണിക്കുന്നത്. അങ്ങനെയാകുമ്പോൾ പഴയ പല ഡബിൾ ഡ്യൂട്ടികളും ഒന്നര ഡ്യൂട്ടിയായി ചുരുങ്ങും. രാവിലെ ആറിന് തുടങ്ങി രാത്രി ഒമ്പതിന് അവസാനിക്കുന്ന കോട്ടയം-എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് മുമ്പ് ഡബിൾ ഡ്യൂട്ടിയായിരുന്നു. ഇത് ഒന്നര ഡ്യൂട്ടിയാണിപ്പോൾ. ഇതേ ഡ്യൂട്ടി നേരത്തേ ഒന്നര ഡ്യൂട്ടിയാക്കിയിരുന്നെങ്കിലും 16,000 രൂപയിൽ കൂടുതൽ കളക്ഷനുള്ള ബസുകളിൽ രണ്ട് ഡ്യൂട്ടിയായി പരിഗണിച്ചിരുന്നു. പക്ഷേ, ഇപ്പോൾ ഇതും ഒഴിവാക്കി.

ഓഗസ്റ്റ് നാലുമുതൽ ഫാസ്റ്റ് പാസഞ്ചറുകൾ ചെയിൻ സർവീസുകളാക്കി മാറ്റിയതിനുപിന്നാലെ കൊല്ലം ഡിപ്പോയിലെ 17 ഓർഡിനറി സർവീസുകൾക്കും ആറ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കും വീക്ക്ലി ഓഫ് റദ്ദാക്കി. നെടുമങ്ങാട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കും വീക്ക്ലി ഓഫ് നൽകുന്നില്ല. ജീവനക്കാരുടെ അവധിയുടെ കാര്യത്തിലും നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. നേരത്തേ തുടർച്ചയായി 15 ദിവസം വരെയുള്ള അവധി യൂണിറ്റ് തലത്തിൽ അനുവദിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ നാലുദിവസത്തിലധികമുള്ള അവധി അപേക്ഷ മേഖലാ ഓഫീസുകളിലേക്ക് അയയ്ക്കണമെന്നാണ് പറയുന്നത്. ഇത് അനുവദിച്ചുവരാനുള്ള താമസംമൂലം പല ജീവനക്കാർക്കും കഴിഞ്ഞമാസങ്ങളിൽ ശമ്പളത്തിൽ കുറവും വന്നിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP