Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്കെതിരായ കള്ളപ്പരാതിയുടെ പിന്നിൽ കളവ് നടത്തിയ മുൻ ജീവനക്കാരൻ; കുബേര റെയ്ഡിൽ കുടുങ്ങിയതിനെ കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വിശദീകരണം

തനിക്കെതിരായ കള്ളപ്പരാതിയുടെ പിന്നിൽ കളവ് നടത്തിയ മുൻ ജീവനക്കാരൻ; കുബേര റെയ്ഡിൽ കുടുങ്ങിയതിനെ കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വിശദീകരണം

തിരുവനന്തപുരം: ബ്ലേഡ് മാഫിയയെ അടിച്ചമർത്താനുള്ള കേരളാ പൊലീസിന്റെ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയ പ്രമുഖ ജുവല്ലറി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണ്ണൂർ വിശദീകരണവുമായി രംഗത്തെത്തി. കൊള്ളപ്പലിശ വാങ്ങിയതിന്റെ പേരിൽ തനിക്കെതിരെ ഒരു വ്യക്തി നടക്കാവ് സ്റ്റേഷനിൽ നൽകിയ പരാതി കള്ളമാണെന്ന് ബോബി പറഞ്ഞു. ചെമ്മണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സിൽ നിന്നും 12 ലക്ഷം രൂപ കളവ് നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ ലിനീഷ് എന്നയാളാണ് ജ്യോതീന്ദ്രനെ കൊണ്ട് പരാതി നൽകിച്ചതിന് പിന്നിലെന്നാണ് ബോബി ചെമ്മണ്ണൂർ ആരോപിച്ചിരിക്കുന്നത്.

ചെമ്മണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സിലെ മൂന്ന് ജീവനക്കാർ ചേർന്ന് 12 ലക്ഷം രൂപ കളവു ചെയ്യുകയും ഇപ്പോൾ രണ്ട് കളവു കേസുകളിൽ വിചാരണ നേരിട്ടുവരികയുമാണ്. ഇതിൽ ഒരു പ്രതിയായ മുൻ ജീവനക്കാരൻ എ കെ ലിനീഷാണ് ഈ വ്യാജ പരാതിക്ക് പിന്നിലെന്ന് ബോബി ചെമ്മണ്ണൂർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. 17 വർഷം മുൻപ് ജ്യോതീന്ദ്രൻ എന്നയാൾ ചെമ്മണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സിനു വിറ്റ 12.5 സെന്റ് സ്ഥലത്തിന്റെ ഇടപാടിൽ 50,000 രൂപ കൂടി ബാക്കി കിട്ടാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എ കെ ലിനീഷ്, ജ്യോതീന്ദ്രനെക്കൊണ്ട് വ്യാജ പരാതി നൽകിപ്പിച്ചതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ലിനീഷിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രണ്ടാമത്തെ കേസിൽ നിന്നും ബോബി ചെമ്മണ്ണൂരിനെ പിന്മാറ്റിക്കുക എന്നതാണ് പരാതിയുടെ ഉദ്ദേശ്യമെന്നും ബോബി വ്യക്തമാക്കുന്നു. ഇതിനെതിരെ കോടതിനടപടിയുമായി മുൻപോട്ടു നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഓഫീസ് പരിശോധിച്ചെങ്കിലും അനധികൃതമായ രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും ബോബി വ്യക്തമാക്കി. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സിന്റെ ടൗൺഷിപ്പ് തുടങ്ങുവാൻ വച്ചിട്ടുള്ള 70 ഏക്കർ ഭൂമിയുടെ രേഖകളുടെ പകർപ്പുമാത്രമാണ് പൊലീസിന് ലഭിച്ചതെന്നും ബോബി വിശദീകരിക്കുന്നു.

അതേസമയം നടക്കാവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന കാര്യത്തെ ചെമ്മണ്ണൂർ ഗ്രൂപ്പ് തള്ളിപ്പറഞ്ഞിട്ടില്ല. അമിത പലിശ ഈടാക്കിയെന്ന ജ്യോതീന്ദ്രന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ, ശ്രീകുമാർ, എ.കെ സിബീഷ്, ജോൺ തൃശൂർ എന്നിവർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

1997 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ചെമ്മണ്ണൂർ ജൂവലറിയിൽ നിന്ന് ജ്യോതീന്ദ്രൻ 50,000 രൂപ കടമെടുത്തിരുന്നു. കടമെടുത്ത പണത്തിന് ഈടായി 12.8 സെന്റോളം ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. 2500 രൂപയായിരുന്നു പ്രതിമാസ പലിശ. ഏകദേശം മൂന്നരലക്ഷം രൂപയോളം ജ്യോതീന്ദ്രൻ ഇതിനോടകം നൽകിയിരുന്നു. എന്നാൽ ഭൂമി തിരികെ ചോദിച്ചപ്പോൾ 78,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP