Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഡ്‌ലു സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; ഉപ്പള സ്വദേശി ഷെറീഫിനെ കസ്റ്റഡിയിൽ എടുത്തത് കർണാടക- ഗോവ അതിർത്തിയിൽ നിന്ന്; 21 കിലോ സ്വർണം പിടിച്ചെടുത്തു

കുഡ്‌ലു സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; ഉപ്പള സ്വദേശി ഷെറീഫിനെ കസ്റ്റഡിയിൽ എടുത്തത് കർണാടക- ഗോവ അതിർത്തിയിൽ നിന്ന്; 21 കിലോ സ്വർണം പിടിച്ചെടുത്തു

കാസർകോട്: കുഡ്‌ലു സർവീസ് സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ സ്വർണവും പണവും കവർന്ന കേസിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. ഉപ്പള ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. കർണാടക-ഗോവ അതിർത്തി പ്രദേശത്തു നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് തൊണ്ടിമുതലായ 21 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണം മുഴുവനും കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

ലോക്കർ തുറന്ന് സ്വർണവും പണവും എടുത്ത ഒരാളേയും ഗൂഢാലോചനയിൽ പങ്കുള്ള ഒരാളെയും കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കവർച്ചയിൽ നേരിട്ട് പങ്കുള്ള ചൗക്കി ബദർ നഗറിലെ കെ.എ.മുഹമ്മദ് സാബീർ (27), ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചൗക്കി കുന്നിലിലെ അബ്ദുൾ മഹ്ഷൂഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ബുധനാഴ്ച രാത്രി ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

പ്രതികൾ നല്കിയ മൊഴിപ്രകാരം കവർച്ചയ്ക്കുശേഷം സ്വർണം ഒളിപ്പിച്ചുവെന്ന് പറയുന്ന കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ അതിഥിമന്ദിരത്തിനടുത്തും കുളങ്കര റോഡിന് സമീപത്തും ബുധനാഴ്ച വൈകിട്ടോടെ തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് പ്രതികൾ ഒളിപ്പിച്ച കവർച്ചസ്വർണത്തിന്റെ ചെറിയൊരുഭാഗം കിട്ടിയിരുന്നു.

കുഡ്‌ലു ബാങ്കിൽനിന്ന് 10 ദിവസം മുമ്പാണ് പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘം 20 കിലോ സ്വർണവും 13 ലക്ഷം രൂപയും ഉൾപ്പെടെ അഞ്ചരക്കോടി കവർന്നത്. കവർച്ചസംഘത്തിലെ പ്രധാനിയായ സാബിറിനെ ചൗക്കിയിൽത്തന്നെയുള്ള ബദർ നഗറിൽനിന്ന് ചൊവ്വാഴ്ചയാണ് അന്വേഷണോദ്യോഗസ്ഥൻ സിഐ ടി.പി.സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ പങ്കുള്ള മഹ്ഷൂഖിനെ ബാംഗ്ലൂരിൽനിന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവൈ.എസ്‌പി. ടി.പി.രഞ്ജിത്തും സംഘവുമാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ലോക്കറിൽനിന്ന് സ്വർണവും പണവും ബാഗിലാക്കുകയായിരുന്നു സാബിറിന്റെ ദൗത്യം. ചോദ്യംചെയ്യലിൽ സാബിർ ഇത് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. ബാങ്കിൽ കവർച്ച നടത്തുമ്പോൾ ജിവനക്കാരായ ലക്ഷ്മിയെയും ബിന്ദുവിനെയും ഇടപാടുകാരി കമ്മർബാനുവിനെയും കത്തിമുനയിൽനിർത്തി ഭീഷണിപ്പെടുത്തിയതും ലക്ഷ്മിയെ കസേരയിൽ കെട്ടിയിട്ടതും മൂന്നുപേർ ചേർന്നാണെന്ന് സാബിർ മൊഴി നല്കിയിട്ടുണ്ട്. താക്കോലുപയോഗിച്ച് സ്‌ട്രോങ്‌റൂം തുറന്നതും താനാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. സാബിറും പൊലീസിനെ വെട്ടിച്ച് ഒളിവിൽക്കഴിയുന്ന മറ്റൊരു പ്രതിയും ചേർന്നാണ് സ്വർണവും പണവും ബാഗിലാക്കിയതെന്നും മൊഴി നല്കിയിട്ടുണ്ട്.

കവർച്ചസമയത്ത് സാബിർ ധരിച്ചിരുന്ന മുഖംമൂടിയും അന്വേഷണസംഘത്തിന് ലഭിച്ചു. കവർച്ചയ്ക്കുശേഷം പ്രദേശത്ത് നേരത്തേ കേസുകളിൽ ഉൾപ്പെട്ടവരെ പൊലീസ് അന്വേഷിച്ചിരുന്നെങ്കിലും സാബിറിനെ പൊലീസ് സംശയിച്ചിരുന്നില്ല. കേസിൽ പിടിയിലാകാനുള്ള മറ്റൊരു മുഖ്യപ്രതിയുടെ ഉറ്റ സുഹൃത്താണ് സാബിറെന്ന് മനസ്സിലാക്കിയാണ് ഇയാളെ പിടികൂടിയത്.

മഹ്ഷൂഖ് ഗൂഢാലോചനയിൽ പങ്കുള്ളയാളാണെന്ന് നേരത്തേതന്നെ കണ്ടെത്തിയിരുന്നു. കവർച്ച നടത്താൻ പദ്ധതിയിട്ട സമയത്ത് സംഘത്തിലുണ്ടായിരുന്നയാളാണ് മഹ്ഷൂഖ്. എന്നാൽ കവർച്ചസമയത്ത് പ്രതികൾക്കൊപ്പം ഇയാളുണ്ടായിരുന്നില്ല. കാസർകോട് ചെങ്കള സ്റ്റാർനഗറിൽ മുളകുപൊടി വിതറി കാർയാത്രക്കാരനിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയാണ് മഹ്ഷൂഖ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP