Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം സംഘർഷമുണ്ടാക്കിയത് ബിജെപിക്കു വളരാനുള്ള ഇടംകൊടുക്കാൻ; സിപിഎം-ബിജെപി സംഘർഷമെന്ന കണ്ണൂരിലെ തന്ത്രം കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കാനാണു നീക്കം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 16 സീറ്റും യുഡിഎഫ് നേടുമെന്നും കുഞ്ഞാലിക്കുട്ടി

ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം സംഘർഷമുണ്ടാക്കിയത് ബിജെപിക്കു വളരാനുള്ള ഇടംകൊടുക്കാൻ; സിപിഎം-ബിജെപി സംഘർഷമെന്ന കണ്ണൂരിലെ തന്ത്രം കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കാനാണു നീക്കം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 16 സീറ്റും യുഡിഎഫ് നേടുമെന്നും കുഞ്ഞാലിക്കുട്ടി

റിയാസ് ആമി അബ്ദുള്ള

കണ്ണൂർ: ശബരിമലയിലെ യുവതീപ്രവേശം വഴി ബിജെപിക്കു വളരാനുള്ള നവോത്ഥാനമാണു സിപിഎം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം സംഘർഷമുണ്ടാക്കിയത് ബിജെപിക്കു വളരാനുള്ള ഇടംകൊടുക്കാനാണ്. സിപിഎംബിജെപി സംഘർഷമെന്ന കണ്ണൂരിലെ തന്ത്രം കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കാനാണു നീക്കം. ഇതിനിടയിൽ യുഡിഎഫിന്റെ ഇടം ഇല്ലാതാകുമെന്നാണു സിപിഎം കരുതുന്നത്.എന്നാൽ ഈ തട്ടിപ്പ് ജനം മനസ്സിലാക്കി കഴിഞ്ഞു. അതിന്റെ ഫലം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു മനസ്സിലാകുമെന്നും 20ൽ 16 സീറ്റും യുഡിഎഫ് നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തുന്ന യുവജന യാത്രയുടെ ജില്ലയിലെ രണ്ടാംദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് നേതാക്കളായ ശശികലയെയും കെ.സുരേന്ദ്രനെയും പൊലീസ് അകമ്പടിയോടെ കൊണ്ടുനടന്നു നേതാക്കളാക്കാനുള്ള ശ്രമമാണു പിണറായിയുടേത്.

പ്രളയാനന്തര നിർമ്മിതികൾ നടത്താതെ എന്തു ചോദിച്ചാലും ആർഎസ്എസിനെ നേരിട്ടു എന്നു മറുപടി പറയാനാണു നീക്കം. അതു പറഞ്ഞാൽ തിരഞ്ഞെടുപ്പിനു ന്യൂനപക്ഷങ്ങളുടെ വോട്ടു കിട്ടുമെന്നുള്ളതു സിപിഎമ്മിന്റെ തെറ്റിദ്ധാരണയാണ്. തൊഴിൽ അവസരങ്ങളില്ലാതെ യുവാക്കൾ രോഷാകുലരാണ്. വല്ലപ്പോഴുമുണ്ടാകുന്ന ഒന്നോ രണ്ടോ തസ്തിക മന്ത്രിമാരുടെ വീട്ടിലുള്ളവർക്കു തന്നെ നൽകുകയാണ്. ഇടതു സർക്കാരിന്റെ വലിയ അഴിമതിക്കഥകൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റന്മാരായ യൂത്ത്‌ലീഗ് പ്രസിഡന്റ് മുനവറലി തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, എന്നിവരും ജാഥാ കോഓർഡിനേറ്റർ നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാക്കളായ എ.എ.സമദ്, ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽഖാദർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി, ഡിസിസി ജില്ലാ പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ പ്രസംഗിച്ചു. വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷം 1500ലേറെ വരുന്ന വൈറ്റ്ഗാർഡ്‌സ് വൊളന്റിയർമാരുടെ അകമ്പടിയോടെയാണു ജില്ലാ ആസ്ഥാനത്തു ജാഥയ്ക്കു സ്വീകരണം നൽകിയത്. ജാഥാ നേതാക്കൾക്കു ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. വർഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന യുവജന യാത്ര ഇന്ന് ജില്ലയിലെ പര്യടനം പൂർത്തിയാക്കും. രാവിലെ 8നു തോട്ടട എസ്എൻ കോളജ് ജംക്ഷനിൽ നിന്നു പര്യടനം തുടങ്ങും. വൈകിട്ട് 6നു തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സമാപന സമ്മേളനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP