Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആചാരങ്ങൾ മുടക്കാൻ വട്ടവടക്കാരെ കിട്ടില്ല; കുറിഞ്ഞിയാണ്ടവന് പൂക്കളും പഴങ്ങളും നേദിച്ച് കുറിഞ്ഞിപ്പൊങ്കാല; ആണ്ടവന്റെ ഇഷ്ടഭക്ഷണമായ ചെടികൾ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യാതെ നീലക്കുറിഞ്ഞിക്കാലത്തെ ആഘോഷമാക്കി നാട്ടുകാർ

ആചാരങ്ങൾ മുടക്കാൻ വട്ടവടക്കാരെ കിട്ടില്ല; കുറിഞ്ഞിയാണ്ടവന് പൂക്കളും പഴങ്ങളും നേദിച്ച് കുറിഞ്ഞിപ്പൊങ്കാല; ആണ്ടവന്റെ ഇഷ്ടഭക്ഷണമായ ചെടികൾ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യാതെ നീലക്കുറിഞ്ഞിക്കാലത്തെ ആഘോഷമാക്കി നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ : ഒരുകാലത്തു നീലക്കുറിഞ്ഞികൾ സ്വപ്നവർണങ്ങൾ ചാർത്തിയിരുന്ന മലഞ്ചെരിവുകളും പുൽമേടുകളും ഇന്നു ഗ്രാന്റിസിനു വഴിമാറിയെങ്കിലും തങ്ങളുടെ പരമ്പരാഗത ആചാരം മുടക്കാൻ വട്ടവടക്കാർ തയാറായില്ല. കുറിഞ്ഞിയാണ്ടവനു പൂക്കളും പഴങ്ങളും മലരും നേദിച്ചും തേങ്ങ ഉടച്ചും ഇന്നലെ അവർ കുറിഞ്ഞിപ്പൊങ്കാലയിട്ടു. നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം സ്ഥിതിചെയ്യുന്ന അതിർത്തി ഗ്രാമമായ വട്ടവടയിലെ പരമ്പരാഗത ആചാരമാണ് പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ കുറിഞ്ഞിയാണ്ടവനെ പ്രീതിപ്പെടുത്താൻ നടത്തുന്ന കുറിഞ്ഞിപ്പൊങ്കാല. സംവൽസരത്തിലൊരിക്കൽ നീലക്കുറിഞ്ഞി ഐശ്വര്യം കൊണ്ടുവരുമെന്നാണു വട്ടവട നിവാസികളുടെ വിശ്വാസം. പൂക്കാലത്തിനുശേഷം ഉണങ്ങിയ പൂക്കളിൽ അവശേഷിക്കുന്ന അരികൾ കുറിഞ്ഞിയാണ്ടവന്റെ ഇഷ്ടഭക്ഷണമാണെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കുറിഞ്ഞി പൂവിട്ടു തുടങ്ങിയാൽ അവർ പൂജാരിയെ കൊണ്ടുവന്നു കുറിഞ്ഞിപ്പൊങ്കാലയിടും.

ആ ചടങ്ങിൽവച്ചു പൂജാരി തേനീച്ചകളെ ക്ഷണിക്കും. കുറിഞ്ഞിപ്പൂക്കാലത്തിന്റെ അന്ത്യനാളുകളിൽ ഉൽസവച്ഛായയോടെ നടത്തുന്ന ചടങ്ങിൽ പൂജാരി ആദ്യ കുറിഞ്ഞിത്തേൻ ആണ്ടവനു നേദിക്കും. അതോടെ ഗ്രാമവാസികൾ മലഞ്ചെരിവുകളിൽനിന്നു തേൻ ശേഖരിക്കാൻ ഇറങ്ങും. അക്കാലത്തു കുറിഞ്ഞിപ്പൂക്കാലം തേൻ സമൃദ്ധമായി ലഭിക്കുന്ന കാലംകൂടിയായിരുന്നു. കുറിഞ്ഞിക്കാടുകൾ നിലനിന്നിരുന്ന മലഞ്ചെരിവുകളെല്ലാം ഗ്രാന്റീസ് തോട്ടങ്ങൾക്കു വഴിമാറിയതോടെ വയലറ്റ് വർണമാർന്ന ആ കുറിഞ്ഞിക്കാലവും തേനിന്റെ സമൃദ്ധിയുമെല്ലാം ഇന്നു പഴമക്കാരുടെ ഓർമകളിൽ മാത്രം. എന്നിട്ടും വട്ടവടക്കാർ ഈ കുറിഞ്ഞിക്കാലത്തും പരമ്പരാഗത ആചാരം മുടക്കാതെ കുറിഞ്ഞിയാണ്ടവനെ പ്രീതിപ്പെടുത്തി.

ഊരുമൂപ്പന്മാർ, മന്നാടിയാർ, മന്ത്രിയാർ, മണിയകാരൻ, പെരിയധനം എന്നിങ്ങനെ ഊരുകൂട്ട പ്രതിനിധികൾ ഒന്നിച്ചു ചേർന്നായിരുന്നു ഇന്നലെ കുറിഞ്ഞിപ്പൊങ്കാല ഇട്ടത്. വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ, പഴത്തോട്ടം, ചിലന്തിയാർ, കടവരി എന്നീ ഗ്രാമങ്ങളിൽനിന്നും ആദിവാസി ഊരുകളിൽനിന്നും ഊരുകൂട്ടം ഭാരവാഹികളും ഗ്രാമക്കാരും ചടങ്ങിൽ പങ്കെടുത്തു. കോവിലൂരിലെ മാതളംകുടൈ എന്ന സ്ഥലത്തു പൊങ്കൽ തയാറാക്കിയശേഷം വില്ലേജ് ഓഫിസിനു സമീപത്തെ പകുതിക്കച്ചേരി കെട്ടിടത്തിനു സമീപം കുറിഞ്ഞികൾ പൂത്തു നിൽക്കുന്ന സ്ഥലത്തേക്കു ഘോഷയാത്രയായി എത്തിയായിരുന്നു പൊങ്കാലയിടൽ.

കുറിഞ്ഞികളുടെ പൂക്കാലമായ അടുത്ത രണ്ടു മാസം കുറിഞ്ഞിയെ പരിപാവനമായി കാണുന്ന ഇവർ ചെടികൾ പറിക്കുകയോ നശിപ്പിക്കുകയോ ഇല്ല. ഇതിലെ അരി കുറിഞ്ഞിയാണ്ടവന്റെ ഇഷ്ടഭക്ഷണമാണെന്ന വിശ്വാസമാണ് ഇതിനു കാരണം. അങ്ങനെ, കുറിഞ്ഞികൾ വേരറ്റുകൊണ്ടിരിക്കുകയാണെങ്കിലും നീലക്കുറിഞ്ഞിക്കാലത്തെ വട്ടവടക്കാർ ഇത്തവണയും ആഘോഷമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP