Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മന്ത്രിസ്ഥാനം പോയ തോമസ് ചാണ്ടി മഴ നിറഞ്ഞിട്ടും കുട്ടനാട്ടിലേക്ക് എത്തിനോക്കിയില്ല; മൂന്ന് മന്ത്രിമാർ ജില്ലയിൽ നിന്നുണ്ടായിട്ടും എത്താൻ ഒരുപാട് വൈകി; ആലപ്പുഴയിൽ എത്തിയിട്ടും പോവേണ്ടെന്ന് വച്ച് മുഖ്യമന്ത്രിയും; മഴ മാറിയിട്ടും ദുരിതം മാറാത്ത കുട്ടനാട്ടിനോട് എന്താണ് സർക്കാരേ ഇങ്ങനെ?

മന്ത്രിസ്ഥാനം പോയ തോമസ് ചാണ്ടി മഴ നിറഞ്ഞിട്ടും കുട്ടനാട്ടിലേക്ക് എത്തിനോക്കിയില്ല; മൂന്ന് മന്ത്രിമാർ ജില്ലയിൽ നിന്നുണ്ടായിട്ടും എത്താൻ ഒരുപാട് വൈകി; ആലപ്പുഴയിൽ എത്തിയിട്ടും പോവേണ്ടെന്ന് വച്ച് മുഖ്യമന്ത്രിയും; മഴ മാറിയിട്ടും ദുരിതം മാറാത്ത കുട്ടനാട്ടിനോട് എന്താണ് സർക്കാരേ ഇങ്ങനെ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മഴ തീരാദുരിതമാണ് കുട്ടനാട്ടിൽ വിതച്ചത്. കേന്ദ്രമന്ത്രി കിരൺ റിജു കുട്ടനാട്ടിലെത്തിയപ്പോൾ പ്രതിഷേധം കനത്തു. കേന്ദ്രമന്ത്രി ദുരിതാശ്വസാ കേന്ദ്രങ്ങളിൽ ചിലതിൽ എത്തി നോക്കിയില്ലെന്നത് വലിയ വിവാദമായി. പിന്നീട് ഈ ക്യാമ്പുകളിലെത്തി തദ്ദേശവാസികളെ കണ്ടാണ് റിജു മടങ്ങിയത്. കേന്ദ്രമന്ത്രിയുടെ യാത്രയ്ക്കിടെ ആരോപണങ്ങളും ആക്ഷേപങ്ങളുമായി നിറഞ്ഞവർ ഇപ്പോൾ കടുത്ത നിരാശയിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്താത്തതാണ് ഇതിന് കാരണം. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് തങ്ങളെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തുന്നില്ലെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്.

ഞായറാഴ്ച ആലപ്പുഴ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് സന്ദർശിക്കില്ലെന്ന സൂചനകളാണ് ഈ നിരാശയ്ക്ക് കാരണം. ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനാണു തീരുമാനം. മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ആലപ്പുഴയിലെ പ്രളയമേഖലകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്ന് മന്ത്രിമാർ പിന്നീട് അറിയിച്ചു. അതേസമയം അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. അതിനിടെ പരിപാടിയിൽ അവസാന നിമിഷം മാറ്റം വരുത്തി മുഖ്യമന്ത്രി കുട്ടനാട് എത്തുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. രാവിലെ 10ന് എത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിനു ശേഷം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. അതുകൊണ്ട് തന്നെ കുട്ടനാട് എത്തുക മുഖ്യമന്ത്രിയെ സംബന്ധിച്ച് പ്രായോഗിക കാര്യമല്ല. കുട്ടനാട് സന്ദർശനം ഒഴിവാക്കാൻ വേണ്ടിയാണ് ഞായറാഴ്ച തന്നെ അവലോകന യോഗം ചേരുന്നതെന്ന അഭിപ്രായവും സജീവമാണ്.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎൽഎയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരൻ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളിൽ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുൾപ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയർന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയും കുട്ടനാട്ടിലേക്ക് തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ടാകുന്നത്. തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും ആലപ്പുഴ ജില്ലയിൽ നിന്നുള്ള മന്ത്രിമാരാണ്. ഇവരും പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ എത്തുന്നതിൽ വൈകിയിരുന്നു.

തോരാതെ പെയ്ത മഴയും മടവീഴ്ചയും വെള്ളപ്പൊക്കവും ആലപ്പുഴ കോട്ടയം ജില്ലകളിലെ കുട്ടനാട് മേഖലയെ തൽക്കാലത്തേക്കെങ്കിലും വാസയോഗ്യമല്ലാതാക്കി. അഭൂതപൂർവമായ കെടുതിയാണ് ഇത്തവണത്തെ കാലവർഷത്തിൽ സംസ്ഥാനത്തുണ്ടായത്. അടുത്തൊന്നുമുണ്ടായിട്ടില്ലാത്തത്ര വലിയ നാശനഷ്ടങ്ങളാണ് ആലപ്പുഴയിലും കോട്ടയത്തും ഇത്തവണയുണ്ടായത്. നിലവിലെ മാനദണ്ഡങ്ങൾക്കപ്പുറമുള്ള പരിഗണനയില്ലാതെ ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കുമുണ്ടായ നഷ്ടം ശരിയായ രീതിയിൽ പരിഹരിക്കാനാവില്ല. ഇത് വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നത്.

വെള്ളപ്പൊക്ക കെടുതിയിൽ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജില്ലയിലെത്തി ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിരയോഗം വിളിക്കണമെന്നും കുട്ടനാടിനായി സമഗ്രപാക്കേജ് തയാറാക്കി കേന്ദ്രസർക്കാരിന് സമർപിക്കണമെന്നും എംപിമാരായ കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടിരുന്നു. നാലുപതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരിതമാണു മഴക്കെടുതിയിൽ കുട്ടനാട്ടുകാർ അനുഭവിക്കുന്നത്. നിലവിലുള്ള സാഹചര്യങ്ങൾ തരണം ചെയ്യുക മാത്രമല്ല ഭാവിയിൽ ഇത്തരത്തിൽ ദുരിതം ഉണ്ടാകാത്ത തരത്തിൽ കാര്യങ്ങൾക്ക് രൂപരേഖ തയാറാക്കണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP