Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം വിമാനത്താവളം വഴി സിന്ധു കടത്തിയത് 40 കിലോ സ്വർണം; യുവതി യാത്ര ചെയ്തത് മുഖ്യകണ്ണി ബിജു മനോഹരനൊപ്പം; കഴക്കൂട്ടം സ്വദേശിനി പിടിയിലായത് എട്ടുകോടി രൂപയുടെ സ്വർണം കടത്തിയ കേസിൽ

തിരുവനന്തപുരം വിമാനത്താവളം വഴി സിന്ധു കടത്തിയത് 40 കിലോ സ്വർണം; യുവതി യാത്ര ചെയ്തത് മുഖ്യകണ്ണി ബിജു മനോഹരനൊപ്പം; കഴക്കൂട്ടം സ്വദേശിനി പിടിയിലായത് എട്ടുകോടി രൂപയുടെ സ്വർണം കടത്തിയ കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണക്കടത്ത് കേസിൽ കഴക്കൂട്ടം സ്വദേശി സിന്ധുവിനെ ഡിആർഐ അറസ്റ്റ് ചെയ്തു. എട്ടുകോടി രൂപ വിലവരുന്ന 25 കിലോ സ്വർണം പിടികൂടിയ കേസിലാണ് അറസ്റ്റ്. സംഭവത്തിൽ മുഖ്യപ്രതികളിലൊരാളായ കഴക്കൂട്ടം സ്വദേശി അഡ്വ. ബിജു, ഭാര്യ വിനീത രത്‌നകുമാരി, കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാർ(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42) എന്നിവരെ നേരത്തെ ഡിആർഐ കസ്റ്റഡിയിലെടുത്തിരുന്നു.

സംഘത്തിലെ കാരിയറാണ് സിന്ധു എന്നും നാല് പ്രാവശ്യമായി 40 കിലോ സ്വർണം കടത്തിയെന്നും ഡിആർഐ അറിയിച്ചു. കേസിലെ മുഖ്യകണ്ണി ബിജു മനോഹരനൊപ്പമാണ് സിന്ധു യാത്ര ചെയ്തതെന്നും ഡിആർഐ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ച സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. മൂന്ന് പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ സ്വർണ കടത്തുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് ലഭിച്ചു. പ്രതിയായ വിഷ്ണുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ നിർമ്മിത മദ്യവും പിടികൂടി. കേസിലെ രണ്ട് പ്രതികൾ ജയിലിൽ നിന്നുമിറങ്ങിയിരുന്നു.

കേസിലെ പ്രതികളായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ, വിഷ്ണു, ബിജു മനോഹർ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടതും പണമിടപാട് വ്യക്തമാക്കുന്നതുമായ ചില രേഖകളും സിബിഐക്ക് ലഭിച്ചുവെന്നാണ് വിവരം. തിരുമലയുള്ള വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 20 വിദേശ നിർമ്മിത മദ്യ കുപ്പികൾ ലഭിച്ചു.

സിബിഐ കൊച്ചി യൂണിറ്റ് എഎസ്‌പി ജോയിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിബിഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥ മദ്യം കസ്റ്റഡിലെടുത്തു. അനധികൃതമായി ബന്ധം സൂക്ഷിച്ചതിന് എക്‌സൈസ് വിഷ്ണുവിനെതിരെ കേസെടുത്തിരുന്നു. വാഹന അപകടത്തിൽ മരിച്ച സംഗീത സംവിധായകൻ ബാലഭാസ്‌ക്കറിന്റെ മുൻ മാനേജറാണ് വിഷ്ണു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതിന് സിന്ധുവിനെ കൂടാതെ ആറ് പേരെയാണ് ഡിആർഐ പിടികൂടിയത്. മുഖ്യപ്രതി ബിജു മനോഹർ ഉൾപ്പെടെ നാല് പേർക്ക് വ്യാഴാഴ്ച ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യ വ്യവസ്ഥ പൂർത്തിയാക്കിയ ഒന്നാം പ്രതി സുനിൽകുമാർ,നാലാം പ്രതി റാഷിദ് എന്നിവർ ജയിലിൽ നിന്നും ഇറങ്ങി.

35,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, വരുന്ന അഞ്ച് മാസത്തേക്ക് നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണം, തിരുവനന്തപുരം ജില്ല വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ, വിഷ്ണു എന്നിവർക്ക് ജാമ്യം ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP