Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുഖജനാവിൽ നിന്നും രണ്ട് കോടി അടിച്ചുമാറ്റിയതോടെ ലാലിസത്തിന്റെ ഗ്യാസ് പോയോ? ബാൻഡ് പിരിച്ചുവിട്ടെന്ന വാർത്തകൾ നിഷേധിച്ച് മുഖ്യസംഘാടകൻ; യഥാർത്ഥ ലാലിസം കാണാനിരിക്കുന്നതെയുള്ളൂവെന്നും രതീഷ് വേഗ

പൊതുഖജനാവിൽ നിന്നും രണ്ട് കോടി അടിച്ചുമാറ്റിയതോടെ ലാലിസത്തിന്റെ ഗ്യാസ് പോയോ? ബാൻഡ് പിരിച്ചുവിട്ടെന്ന വാർത്തകൾ നിഷേധിച്ച് മുഖ്യസംഘാടകൻ; യഥാർത്ഥ ലാലിസം കാണാനിരിക്കുന്നതെയുള്ളൂവെന്നും രതീഷ് വേഗ

തിരുവനന്തപുരം: രണ്ട് കോടിരൂപ പൊതുഖജനാവിൽ നിന്നും ചെലവിട്ടിട്ടും ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അമ്പേ പരാജയപ്പെട്ട ലാലിസം ബാൻഡിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പരിപാടി ചാനലിലൂടെയും നേരിട്ടും കണ്ട പലരും മോഹൻലാലിന്റെ ബാൻഡിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സിനിമാ മേഖലയിൽ ഉള്ളവർ പോലും മോഹൻലാലിന്റെ പാട്ട് സഹിക്കാൻ കഴിയില്ലെന്ന് തുറന്നുപറഞ്ഞു. അതിനിടെ ലോകപര്യടനത്തിന്റെ തുടക്കമെന്ന നിലയിൽ തുടങ്ങിയ ലാലിസം ബാൻഡ് ഫ്‌ളോപ്പായെന്ന് വ്യക്തമായതോടെ മ്യൂസിക് ബാൻഡ് പിരിച്ചുവിട്ടേക്കുമെന്ന വാർത്തകളും പുറത്തുവന്നു. ഏറെ തയ്യാറെടുപ്പുകളോടെ നടത്തിയ ആദ്യ ഷോയിൽ തന്നെ പാളിച്ചകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് കൊട്ടിഘോഷിച്ച് തുടങ്ങിയ മ്യൂസിക് ബാൻഡ് പിരിച്ചു വിടാനുള്ള ഒരുങ്ങുന്നത്. എന്നാൽ പിരിച്ചുവിടുമെന്ന വാർത്തകൾ പുറത്തുവന്നതോടെ നിഷേധിച്ച് പരിപാടിയുടെ മുഖ്യസംഘാടകൻ രതീഷ് വേഗ രംഗത്തെത്തി.

ലാലിസം ബാൻഡ് പിരിച്ചു വിട്ടിട്ടില്ലെന്ന് സംഗീതസംവിധായകൻ രതീഷ് വേഗ. ഇത്തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് രതീഷ് വേഗ അറിയിച്ചു. അടുത്ത ഷോ ഉടനെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ചെയ്ത ഷോ ലാലിസം എന്ന പേരിൽ രൂപപ്പെടുത്തിയ ആശയമല്ല. ദേശീയ ഗെയിംസിനു വേണ്ടി പ്രത്യേകം സംഘടിപ്പിച്ചതാണെന്നും രതീഷ് വേഗ പറഞ്ഞു. ഇന്നലെ പിഴവുകൾ സംഭവിച്ചതായി കരുതുന്നില്ലെന്നും ഷോയുടേതായി സംഭവിച്ച ഏകോപനപ്പിഴവുകളാണ് തിരിച്ചടിയായതെന്നും രതീഷ് വേഗ അറിയിച്ചു. സംഘാടനത്തിലെ പിഴവുകളും നിയന്ത്രണാതീതമായ ജനക്കൂട്ടവുമാണ് തിരിച്ചടിയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാലിസം ഇത്തരത്തിലായിരിക്കില്ല. മികച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കിയായിരിക്കും ലാലിസം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിൽ നിന്ന് രണ്ടുകോടി പ്രതിഫലം വാങ്ങിയാണ് ബാൻഡിന്റെ അരങ്ങേറ്റം നടത്തിയത്. നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചെങ്കിലും വ്യാപകമായ വിമർശനമാണ് ഏറ്റുവാങ്ങിയത്. ഉത്സവപ്പറമ്പിലെ ഗാനമേളയുടെ നിലവാരം പോലുമില്ലാത്ത പരിപാടിയാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കപ്പെട്ടതെന്നാണ് ആരോപണം. മോഹൻലാലിന്റെ ആരാധകർതന്നെ താരത്തിനെതിരെ ഫേസ്‌ബുക്കിലും മറ്റും രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ലാലിന്റെ പാട്ടുപാടാനുള്ള വിഫല ശ്രമത്തെയും ഏവരും നവമാദ്ധ്യമങ്ങളിൽ പരിഹസിച്ചു. മോഹൻലാലിന്റെ അവതരണവും ഇന്ത്യയിലെ തന്നെ പേരെടുത്ത ഗായകരുടെ പാട്ടുകളും കോർത്തിണക്കിയാണ് ലാലിസം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, ഗാനത്തിന്റെ തെരഞ്ഞെടുപ്പും പുതുമയില്ലാത്ത അവതരണവും ഏറെ വ്യത്യസ്ത പ്രതീക്ഷിച്ച പ്രേക്ഷകരെ നിരാശരാക്കി.

പരിപാടിക്ക് 2 കോടി രൂപ നൽകി സർക്കാർ അനുമതി നൽകിയത് നേരത്തെ തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ രണ്ടുകോടി രൂപ പ്രതിഫലമില്ലെന്നും കലാകാരന്മാർക്കുള്ള ചെലവുമാത്രമാണ് വാങ്ങിയതെന്നുമായിരുന്നു മോഹൻലാലിന്റെ വിശദീകരണം. മോഹൻലാലിന് പുറമെ ഹരിഹരൻ, അൽക്ക തുടങ്ങിയ ഗായകരും ബാൻഡിന്റെ ഭാഗമായിരുന്നു. വിഖ്യാത ഗായകരെ എത്തിച്ചെങ്കിലും ആദ്യ ഷോ തന്നെ പാളിയത് കാണികളുടെ കൂവലിലാണ് കലാശിച്ചത്. പരിപാടിക്ക് കർട്ടൺ വീണതോടെ രതീഷ് വേഗയോട് മോഹൻലാൽ കയർത്ത് സംസാരിച്ചതായാണ് സൂചന. ബാൻഡ് പിരിച്ച് വിടാൻ മോഹൻലാൽ രതീഷ് വേഗയെ പിന്നീട് അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അരങ്ങേറ്റം പോലും നടത്താത്ത ബാൻഡിനെ റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ട് അനക്കാൻ രണ്ടുകോടി കൊടുത്തത് എന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഇതിന്റെ പത്തിലൊന്ന് തുകയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയിലുള്ള കേരളത്തിലെ ബാൻഡുകൾ മികച്ച പ്രകടനം നടത്തുമെന്നിരികെയാണ് നാഷണൽ ഗെയിംസിന്റെ പേരിൽ മോഹൻലാൽ സംഘത്തിനു രണ്ടുകോടി നൽകിയത്. ഗെയിംസ് അഴിമതികളുടെ കണക്കെടുപ്പിൽ മോഹൻലാലിന്റെ പാട്ട് സർക്കാരിന് തലവേദനയാകുമെന്നുറപ്പായിട്ടുണ്ട്.

ലാലിസത്തിനെതിരേ സംവിധായകൻ വിനയനും ജൂഡ് ആന്റണിയും രംഗത്തെത്തിയിരുന്നു. ലാലിസത്തിന്റെ അരങ്ങേറ്റത്തിന് സംസ്ഥാന സർക്കാർ രണ്ടു കോടി ചെലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നുവെന്ന് വിനയൻ ചോദിച്ചു. ദേശീയ ശ്രദ്ധ നേടുന്ന വേദിയിൽ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാൻ കൊടുത്തതു വഴി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കാണമെന്നും വിനയൻ ആവശ്യപ്പെട്ടു. ഇതിൽ ഒരു കോടി രൂപയുടെ അഴിമതിയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ എങ്ങനെ നേരിടാൻ കഴിയുമെന്നും വിനയൻ ചോദിക്കുന്നു. അറുബോറൻ ബാൻഡ് എന്നാണ് ജൂഡ് ആന്റണി ഫേസ്‌ബുക്കിൽ കുറച്ചത്.

സോഷ്യൽ മീഡിയയിലും ലാലിസത്തിനെതിരെ രൂക്ഷ വിമർശനമാണുണ്ടായിരുന്നത്. താരസാന്നിദ്ധ്യം ഒഴിച്ചു നിർത്തിയാൽ സാധാരണ ഒരു ഗാനമേളയുടെ നിലവാരം പുലർത്താൻ മാത്രമെ ലാലിസത്തിന് സാധിച്ചുള്ളുവെന്നും ഇത്തരത്തിലൊരു പരിപാടി എന്തിനാണ് ദേശീയ ഗെയിംസ് പോലുള്ള രാജ്യം ശ്രദ്ധിക്കുന്ന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയതെന്നും വിമർശനമുയർന്നു. ഉദ്ഘാടനച്ചടങ്ങിനെ ഏറ്റവും നിരാശപ്പെടുത്തിയത് ലാലിസമായിരുന്നുവെന്നും നവമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP