Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എ.കെ. ആന്റണി അടക്കമുള്ള പ്രമുഖരും സമരപന്തലിൽ എത്തി; മുരളീധരന്റെയും വി.വി. രാജേഷിന്റെയും സത്യാഗ്രഹം തുടരുന്നു; സംഘർഷ സാധ്യത കണക്കിലെടുത്ത് ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചതായി മാനേജ്മെന്റ്; വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

എ.കെ. ആന്റണി അടക്കമുള്ള പ്രമുഖരും സമരപന്തലിൽ എത്തി; മുരളീധരന്റെയും വി.വി. രാജേഷിന്റെയും സത്യാഗ്രഹം തുടരുന്നു; സംഘർഷ സാധ്യത കണക്കിലെടുത്ത് ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചതായി മാനേജ്മെന്റ്; വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു. പൊലീസ് സംരക്ഷണത്തിൽ തിങ്കളാഴ്ച മുതൽ ക്ലാസ് ആരംഭിക്കുമെന്നാണ് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ക്ലാസ്സുകൾ ആരംഭിക്കാനുള്ള മാനേജ്മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ. മുരളീധരൻ എംഎൽഎയും വിദ്യാർത്ഥി സംഘടനകളും അറിയിച്ചിരുന്നു.

ലോ അക്കാദമിയേല്ക്ക് മാർച്ച് നടത്തുമെന്ന് എബിവിപിയും മറ്റു ചില സംഘടനകളും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്ലാസ് തുറന്നാൽ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അക്കാദമി അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാൻ മാനേജ്മെന്റ് തീരുമാനമെടുത്തത്. എസ്എഫ്ഐ സമരത്തിൽനിന്നു പിന്മാറിയ സാഹചര്യത്തിലാണ് അക്കാദമി തുറക്കാൻ മാനേജ്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നത്.

ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ ഉറച്ചു നിൽക്കുന്നതാണ് സർക്കാരിനെയും ലോ അക്കാദമി മാനേജ്മെന്റിനെയും പ്രതിരോധത്തിലാക്കുന്നത്. ഇരുപത്തിയാറ് ദിവസം പിന്നിടുന്ന സമരത്തിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥി സംഘടനകൾ.

ഇതിനിടെ വിദ്യാർത്ഥി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നിരാഹാര സമരം നടത്തുന്ന കെ. മുരളീധരൻ എംഎൽഎയെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി സന്ദർശിച്ചു. ലോ അക്കാദമിയിലെ സമരം കേരളത്തിൽ വളർന്നുവരുന്ന പെൺകുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് ആന്റണി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് സർക്കാരിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുരളീധരൻ നിരാഹാര സമരം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് എന്നതിനപ്പുറം പ്രദേശത്തെ ജനപ്രതിനിധികൂടിയാണ് അദ്ദേഹം. പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ ശ്രമിക്കാതിരുന്ന അദ്ദേഹത്തിന്റെ പക്വതയെ അഭിനന്ദിക്കുന്നു. വിദ്യാർത്ഥികളുടെ സമരവും ഉപവാസ സമരവും പൂർണമായും വിജയിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും എ.കെ ആന്റണി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വി എം. സുധീരനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ നേരത്തേ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനാവശ്യ പരാമർശത്തിൽ വേദനിക്കുന്ന മുൻ എംപി നടരാജപിള്ളയുടെ കുടുംബത്തോടും സമൂഹത്തോടും പിണറായി വിജയൻ മാപ്പു പറയണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചയാളാണ് നടരാജപിള്ള. ദിവാൻ ഭരണത്തിനെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി നടത്തിയ പരാമർശം ലോ അക്കാദമി മാനേജ്‌മെന്റിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ഉണ്ടായതാണെന്നും സുധീരൻ ആരോപിച്ചു.

സർ സി.പി നടരാജപിള്ളയിൽ നിന്ന് കണ്ടുകെട്ടിയ ഭൂമിയിലാണ് ഇപ്പോൾ ലോ അക്കാദമി നിലനിൽക്കുന്നത്. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്രമക്കേടുകൾ നടത്തുന്ന ഈ സ്ഥാപനം എന്തിനാണെന്നും സുധീരൻ ചോദിച്ചു. നടരാജപിള്ളയുടെ മകൻ വെങ്കിടേശിന്റെ വീട് സന്ദർശിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു സുധീരൻ.

'മനോമണിയം സുന്ദരനാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത തമിഴ് പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന പ്രഫ. പി. സുന്ദരംപിള്ളയുടെ ഏക മകനും കോൺഗ്രസ് നേതാവുമായ പി.എസ് നടരാജപിള്ളയുടെ മകനാണ് വെങ്കിടേശൻ. ഒരു കാലത്ത് സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 11 ഏക്കർ 41 സെന്റ് ഭൂമിയാണ് 1968ൽ ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു സംസ്ഥാന സർക്കാർ നൽകിയത്.-സൂധീരൻ പറഞ്ഞു.

സ്വത്വന്ത്ര്യം കിട്ടിയശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയിൽ 1954--55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. 1962ൽ തിരുവനന്തപുരത്ത് നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടരാജപിള്ള എംപിയായിരിക്കുമ്പോൾ 1966ലാണ് മരണമടഞ്ഞത്. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പിതാവ് സുന്ദരംപിള്ളയിൽ നിന്ന് നടരാജപിള്ളക്ക് ലഭിച്ച ഭൂമി സർക്കാർ കണ്ടുക്കെട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ കളിയാക്കൽ വിവാദത്തിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP