Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസികളെ ഇളക്കിവിട്ട് യുഡിഎഫും ബിജെപിയും നടത്തുന്നത് ആസൂത്രിത നീക്കം; സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ്; ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നിലയ്ക്കലും പമ്പയിലും അരങ്ങേറുന്നതെന്നും എൽഡിഎഫ്

വിശ്വാസികളെ ഇളക്കിവിട്ട് യുഡിഎഫും ബിജെപിയും നടത്തുന്നത് ആസൂത്രിത നീക്കം; സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ്; ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നിലയ്ക്കലും പമ്പയിലും അരങ്ങേറുന്നതെന്നും എൽഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദം കൂടാതെ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുകയാണെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. വിശ്വാസികളെ തടഞ്ഞും ആക്രമിച്ചും സംഘർഷം സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ഇരുകൂട്ടരുടെയും ശ്രമമെന്നും ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണു നിലയ്ക്കലും പമ്പയിലും അരങ്ങേറുന്നതെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

നിയമവാഴ്ച തകർത്ത് കലാപമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികളും യഥാർഥ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് എൽഡിഎഫ് കൺവീനർ അഭ്യർത്ഥിച്ചു. വിശ്വാസികളെ തടഞ്ഞ് ആക്രമിക്കുന്നത് ഏത് ആചാര മര്യാദയുടെ പേരിലാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമുള്ള ഒരു നാട്ടിലാണ് ഇതു നടക്കുന്നത്. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഏതുവിധേനയും സംഘർഷം സൃഷ്ടിക്കാനാണു നീക്കം. കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാനുള്ള ആസൂത്രിതമായ പരിശ്രമത്തിലാണു യുഡിഎഫും ബിജെപിയും. കോൺഗ്രസിന്റെ പാരമ്പര്യം ആർഎസ്എസ്സിന് അടിയറ വച്ചിരിക്കുകയാണ്. വർഗീയത ആളിക്കത്തിക്കാൻ ഇരുകൂട്ടരും കൈകോർത്ത്ു നീങ്ങുകയാണ്.

എൽഡിഎഫ് ഒരു വിശ്വാസത്തിനും എതിരല്ല. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ എവിടെയും മാറ്റിനിർത്തരുതെന്ന ഉറച്ച അഭിപ്രായമാണു മുന്നണിക്കും സർക്കാരിനുമുള്ളതെന്നും വിജയരാഘവൻ പറഞ്ഞു. സുപ്രീംകോടതി വിധിയോടു വിയോജിപ്പുള്ള നിരവധി പേർ ഇതിനകം റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. വിധി നടപ്പാക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയും ഉത്തരവാദിത്തവും സർക്കാരിനുണ്ട്. നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്തെ സർക്കാരിന് അതിനു മാത്രമേ കഴിയൂ. ആർഎസ്എസ്സിന്റെയും ബിജെപിയുടെയും ലക്ഷ്യം ഭരണഘടന തകർക്കുകയാണ്. അതിന് ഒത്താശ ചെയ്യുന്ന കോൺഗ്രസ് ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്.

വിശ്വാസത്തിന്റെ പേരിൽ എന്തും ആകാമെന്ന നിലയിലേക്കു കോൺഗ്രസും ആർഎസ്എസും അധഃപതിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയോടു വിയോജിപ്പുണ്ടെങ്കിൽ നിയമ നിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും ചെയ്യേണ്ടത്, അല്ലാതെ കേരളത്തിലെ ജനങ്ങളുടെ സ്വൈര ജീവിതം തകർക്കുകയല്ല. അക്രമസമരത്തിൽനിന്ന് എല്ലാവരും പിന്മാറണമെന്നും എൽഡിഎഫ് കൺവീനർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP