Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്ങന്നൂരിന് പിന്നാലെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് മിന്നും ജയം; 19ൽ പന്ത്രണ്ടും നേടി ഇടതുപക്ഷം; വിവിധ ജില്ലകളിലെ മത്സരങ്ങളിൽ ഒരു സീറ്റ് പോലും നേടാതെ ബിജെപിയും

ചെങ്ങന്നൂരിന് പിന്നാലെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് മിന്നും ജയം; 19ൽ പന്ത്രണ്ടും നേടി ഇടതുപക്ഷം; വിവിധ ജില്ലകളിലെ മത്സരങ്ങളിൽ ഒരു സീറ്റ് പോലും നേടാതെ ബിജെപിയും

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ കേരളത്തിൽ അങ്ങോളമിങ്ങളോമായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ഉജ്വല ജയം. തിരഞ്ഞെടുപ്പ് നടന്ന 19 വാർഡിൽ 12ഉം നേടിയ എൽഡിഎഫ് ഇവയിൽ 3 സീറ്റുകൾ യുഡിഎഫി ൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനുമായില്ല.

തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡ് എൽഡിഎഫ് യുഡിഎഫിൽനിന്നും പിടിച്ചെടുത്തു. 518 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിലെ വിജയകുമാറിനെ സിപിഎമ്മിലെ ആർ എസ് രതീഷ് തോൽപിച്ചു. 35 വർഷമായി കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാർഡാണ് സിപിഎം നേടിയത്. കൊല്ലം കോർപ്പറേഷനിലെ അമ്മൻനട എൽഡിഎഫ് നിലനിർത്തി. സിപിഐ എമ്മിലെ ചന്ദ്രികാദേവി വിജയിച്ചു. കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂർ വടക്ക് വാർഡിൽ സിപിഐ എമ്മിലെ ആർ എസ് ജയലക്ഷ്മി 1581 വോട്ടിന് വിജയിച്ചു.

പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റുകളായ രണ്ട് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുക്കുകയാണ് ചെയ്തത്. കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേക്കാട് വടക്ക്, ഓന്തേക്കാട്, കുഴിക്കാല കിഴക്ക് , റാന്നി അങ്ങാടി കരിങ്കുറ്റിക്കൽ എട്ടാം വാർഡ്, പന്തളം തെക്കേകര പൊങ്ങലടി 12ാം വാർഡിൽ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫിലെ സണ്ണിചെറിയാൻ 119 വോട്ടിന് വിജയിച്ചു. നിലവിൽ എൽഡിഎഫ് വാർഡായിരുന്നു. മരിച്ച എൽഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാർഡിൽ യുഡിഎഫിലെ ഷാരോൺ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച വാർഡാണിത്.

പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാർഡ് എൽഡിഎഫ് നിലനിർത്തി: സിപിഐഎമ്മിലെ എം ആർ ജയരാജ് 1403 വോട്ടിനാണ് വിജയിച്ചത്. ചെർപ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഐ എമ്മിലെ ഷാജി പാറക്കൽ 263 വോട്ടിനാണ് വിജയിച്ചത്. മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാർഡിൽ യുഡിഎഫിലെ സി എച്ച് സുലൈമാൻ ഹാജി വിജയിച്ചു. 167 വോട്ടിനാണ് വിജയിച്ചത്. സിപിഐ എം അംഗമായിരുന്ന സുലൈമാൻ ഹാജി രാജിവെച്ച് യുഡിഎഫിനൊപ്പം ചേർന്ന് വീണ്ടും മൽസരിക്കുകയായിരുന്നു. മഞ്ചേരി നഗരസഭയിലെ പാലക്കുളം വാർഡ് യുഡിഎഫ് നിലനിർത്തി . കെ വേലായുധൻ 119 വോട്ടിനാണ് വിജയിച്ചത്.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാർഡിൽ സിപിഐ എമ്മിലെ രമ കൊട്ടാരത്തിൽ വിജയിച്ചു. 274 വോട്ടിന് വിജയിച്ച് വാർഡ് നിലനിർത്തി.കൊയിലാണ്ടി നഗരസഭ പന്തലായിനി വാർഡിൽ സിപിഐ എമ്മിലെ വി കെ രേഖ 351 വോട്ടിന് ജയിച്ചു വാർഡ് നിലനിർത്തി. കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിൽ രണ്ട് സീറ്റ് എൽഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിർത്തി.

ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സിപിഐ എമ്മിലെ കെ അനിത ആർഎസ്‌പിയിലെ രത്നാമണിയെ 253 വോട്ടിന് പരാജയപ്പെടുത്തി. പാപ്പിനിശേരി പഞ്ചായത്തിലെ ധർമകിണർ വാർഡിൽ സിപിഐ എമ്മിലെ എം സീമ 478 വോട്ടിന് കോൺഗ്രസിലെ കെ കുട്ടികൃഷ്ണനെ തോൽപിച്ചു. ഉളിക്കൽ പഞ്ചായത്തിലെ കതുവാപറമ്പ് വാർഡാണ് യുഡിഎഫ് നിലനിർത്തിയത്. കോൺഗ്രസിലെ ജെസി ജയിംസാണ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്രയായ മറിയാമ്മ ബെന്നിയേക്കാൾ288 വോട്ട് കൂടുതൽ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP