Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിക്കാടിനെ വിറപ്പിച്ച പുലി കെണിയിലായി; നാടിനെ വിറപ്പിച്ച പുലിയെ കാണാൻ നാട്ടുകാർ ഒഴുകിയെത്തി; മണിക്കൂറുകളോളം ഗതാഗത സ്തംഭനവും

പട്ടിക്കാടിനെ വിറപ്പിച്ച പുലി കെണിയിലായി; നാടിനെ വിറപ്പിച്ച പുലിയെ കാണാൻ നാട്ടുകാർ ഒഴുകിയെത്തി; മണിക്കൂറുകളോളം ഗതാഗത സ്തംഭനവും

പട്ടിക്കാട്: ഒരു നാടിന് പുലിപ്പേടിയിൽ നിന്ന് താൽക്കാലിക മോചനം. ദിവസങ്ങളായി നാടിനെ വിറപ്പിച്ചിരുന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീണു. മുള്ള്യാകുർശ്ശി മേൽമുറി കുമാരഗിരി എസ്റ്റേറ്റിന് താഴ്‌വാരത്ത് പനയങ്കല്ലിലെ തെങ്ങിൻതോപ്പിൽ സ്ഥാപിച്ച കെണിയിലാണ് പുലിയകപ്പെട്ടത്. കഴിഞ്ഞ ദിവസം കന്നുകാലികളെ പിടികൂടിയ സ്ഥലത്തു തന്നെയാണ് കെണി സ്ഥാപിച്ചിരുന്നത്. ഇരയായി കഴിഞ്ഞ ദിവസം പുലി കൊന്ന കന്നുകാലിയെ ആണ് ഉപയോഗിച്ചത്.

പുലി കെണിയിലായതറിഞ്ഞ് നിരവധിയാളുകളാണ് മുള്ള്യാകുർശ്ശിയിലെത്തിയത്. ജനങ്ങൾക്ക് കാണുവാനായി അല്പനേരം മുള്ള്യാകുർശ്ശി എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ സൗകര്യം ഒരുക്കി. ജനത്തിരക്ക് കാരണം പട്ടിക്കാട്‌വടപുറം സംസ്ഥാന പാതയിലും, മുള്ള്യാകുർശ്ശി പാതയിലും ഗതാഗതം സ്തംഭിച്ചു. കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ദനിക് ലാൽ, കരുവാരക്കുണ്ട് ഫോറസ്റ്റ് ഡെപ്യൂട്ടി േറഞ്ച് ഓഫീസർ എ.സത്യനാഥ്, കാളികാവ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ.സുരേന്ദ്രൻ, ബി.എഫ്.ഒമാരായ എം.സന്തോഷ് കുമാർ, കെ.സറീഷ്് എന്നിവരടങ്ങുന്ന സംഘമാണ് തുടർനടപടികൾ സ്വീകരിച്ചത്.

എസ്‌റ്റേറ്റുകളോട് ചേർന്ന മലയടിവാരത്തിലെ തെങ്ങിൻ തോപ്പിൽ കെട്ടിയിരുന്ന രണ്ട് കന്നുകുട്ടികളെയാണ് ഇന്നലെ രാവിലെ പുലി കടിച്ചുകൊന്നത്. ഒന്നിനെ തിന്നാൻ ശ്രമിച്ചിരുന്നു. ജനുവരിയിലും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിരുന്നു. പലയിടത്തും പുലികളെ കൂട്ടമായി കണ്ടൂവെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഇവിടെ കെണി സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് പുലി കെണിയിലായത് ശ്രദ്ധയിൽപെട്ടത്. നാലു വയസ്സോളം പ്രായമുള്ള ആൺപുള്ളിപ്പുലിയാണ് കെണിയിലായത്. പുലിക്ക് നൂറ്റമ്പത് കിലോയോളം തൂക്കം വരുമെന്ന് അധികൃതർ പറഞ്ഞു. പുലിയെ പത്തരയോടെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോയി.

പ്രദേശത്ത് ജനവരി രണ്ടിന് പുലിയിറങ്ങി കാളക്കുട്ടിയെ കൊന്നിരുന്നു. പുലിയെ പിടികൂടാൻ കെണി സ്ഥാപിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നുള്ള മാസങ്ങളിൽ കീഴാറ്റൂർ, വെട്ടത്തൂർ, മേലാറ്റൂർ, എടപ്പറ്റ, മങ്കട, ചേരിയം പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടിരുന്നു. കെണി സ്ഥാപിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു. പ്രദേശത്ത് പുലിയിറങ്ങിയതറിഞ്ഞ ജനങ്ങൾ ഭീതിയിലായിരുന്നു. എന്നാൽ രണ്ട്മാസത്തിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം എവിടെയും റിപ്പോർട്ട് ചെയ്തിരുന്നില്ല.

വ്യാഴാഴ്ചയാണ് മുള്ള്യാകുർശ്ശിയിൽ വീണ്ടും പുലി ഇറങ്ങിയത്. ജനവാസ കേന്ദ്രത്തിന്റെ തൊട്ടടുത്താണ് പുലിയിറങ്ങിയത്. രണ്ടുവളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ ചത്തു. പ്രദേശിവാസികളുടെ പരാതിയെ തുടർന്ന് അന്ന് വനംവകുപ്പ് പലയിടത്തും കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല. ഈ ഭീതിക്കാണ് അവസാനമാകുന്നത്. എന്നാൽ ഒന്നിലധികം പുലി ഇവിടെയുണ്ടെന്ന് കരുതുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP