Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ തള്ളപ്പുലിയും കിണറ്റിൽ അകപ്പെട്ടു; നായയുടെ കുരകേട്ട് വീട്ടുകാർ നോക്കിയപ്പോൾ കിണറ്റിൽ രണ്ടുപുലികൾ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുലികളെ രക്ഷിച്ചു

കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ തള്ളപ്പുലിയും കിണറ്റിൽ അകപ്പെട്ടു; നായയുടെ കുരകേട്ട് വീട്ടുകാർ നോക്കിയപ്പോൾ കിണറ്റിൽ രണ്ടുപുലികൾ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുലികളെ രക്ഷിച്ചു

പന്തല്ലൂർ: കിണറ്റിൽ വീണ പുലിയേയും കുഞ്ഞിനേയും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് ചേരമ്പാടി ചപ്പുംതോട് അയ്യപ്പക്ഷേത്രത്തിന് സമീപം രാധാകൃഷ്ണന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ തള്ളപ്പുലിയേയും കുഞ്ഞിനേയും കണ്ടത്. 

മൂന്നുവയസ്സുള്ള തള്ളപ്പുലിയെ മയക്കുവെടിവച്ച് കരയ്ക്കു കയറ്റുകയായിരുന്നു. കുഞ്ഞ് കിണറ്റിൽ വീണതോടെ രക്ഷയ്‌ക്കെത്തിയ തള്ളപ്പുലിയും കിണറ്റിൽ അകപ്പെടുകയായിരുന്നെന്നാണ് കരുതുന്നത്. അമ്മപ്പുലിയെ രക്ഷിച്ച ശേഷം വനപാലകസംഘം കിണറ്റിലിറങ്ങി കുഞ്ഞിനേയും രക്ഷപ്പെടുത്തി.

ഞായറാഴ്ച രാവിലെ ആറുമണിക്ക് നായയുടെ കുരകേട്ട് നോക്കിയപ്പോഴാണ് പുലിയും കുട്ടിയും വീണത് രാധാകൃഷ്ണന്റെ വീട്ടുകാർ കണ്ടത്. ഒരു പകൽ പിന്നിട്ട ഏറെ ശ്രമകരമായ രക്ഷാ പ്രവർത്തനത്തിനൊടുവിൽ രാത്രി എട്ടുമണിയോടെയാണ് പുലിയേയും കുഞ്ഞിനേയും കരയ്ക്കു കയറ്റിയത്. തുടർന്ന് മുതുമല വന്യജീവിസങ്കേതത്തിലേക്ക് പുലികളെ കൊണ്ടുപോയി. 50 അടി താഴ്ചയുള്ളതാണ് കിണർ. ആൾമറയുണ്ടെങ്കിലും അബദ്ധത്തിൽ വീണതാകാമെന്ന് കരുതുന്നു.

പുലികൾ വീണതറിഞ്ഞ് വൻ ജനക്കൂട്ടം എത്തി. സംഭവം നടന്നയുടനെ വനപാലകസംഘം എത്തിയെങ്കിലും പുലിയെ പുറത്തെടുക്കാൻ സാധിച്ചില്ല. ചേരമ്പാടി റെയ്ഞ്ചർ പി. ഗണേശൻ, വെറ്ററിനറി ഡോ. കെ.പി. പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ രക്ഷാപ്രവർത്തനം തുടങ്ങിയത്. എന്നാൽ പുലിയെ കരയ്ക്കു കയറ്റാനായില്ല.

കുഞ്ഞിനെ വിട്ട് രക്ഷപ്പെടാൻ തള്ളപ്പുലി വഴങ്ങിയില്ല. തുടർന്ന് വൈകുന്നേരത്തോടെ മുതുമല വന്യജീവിസങ്കേതത്തിലെ ഡോ. വിജയരാഘവൻ, ഡി.എഫ്.ഒ. പ്രദീപ്, ഡിവൈ.എസ്‌പി. ശക്തിവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പുലിയെ മയക്കുവെടിവച്ച് കരയ്ക്കുകയറ്റാൻ ശ്രമം തുടങ്ങി.

എന്നാൽ കിണറ്റിൽവച്ച് മയക്കുവെടി വച്ചാൽ പുലികൾ വെള്ളത്തിൽവീണ് ചാവാൻ സാധ്യതയുള്ളതിനാൽ അതിനു മറുവഴി തേടി. പിന്നീട് വലയിട്ട ശേഷം പുലികളെ അതിൽ കുടുക്കി അല്പം മുകളിലേക്ക് ഉയർത്തി തള്ളപ്പുലിയെ വെടിവച്ചു മയക്കി. രാത്രിയായതോടെ രക്ഷാപ്രവർത്തനം ശ്രമകരമായെങ്കിലും ഒരുവിധം തള്ളപ്പുലിയെ കരയ്‌ക്കെത്തിച്ചു. പിന്നീട് കുഞ്ഞിനെ കിണറ്റിലിറങ്ങി കരകയറ്റി.

നാട്ടുകാരെ നിയന്ത്രിക്കാൻ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കാഴ്ചക്കാർ കൂടിയതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. പുലികൾ പരിഭ്രമിച്ചതോടെ ഇവയെ വെടിവയ്ക്കാതെ കരയ്ക്ക് കയറ്റാനുള്ള ശ്രമം വിഫലമാകുകയായിരുന്നു. ഏറെനേരം കിണറ്റിൽ കിടന്നതിനാൽ പുലികൾ അവശനിലയിൽ ആവുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP