Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാഹിയിലെ മദ്യം കണ്ടങ്ങനെ മലബാറുകാർ മോഹിക്കേണ്ട; മാഹിയിലെ മദ്യം മാഹിക്കാർക്ക് മാത്രം! കേരളത്തിലെ കുടിയന്മാരുടെ ഒഴുക്ക് കൂടിയതോടെ നിലപാട് കർക്കശമാക്കാൻ പുതുച്ചേരി സർക്കാർ

മാഹിയിലെ മദ്യം കണ്ടങ്ങനെ മലബാറുകാർ മോഹിക്കേണ്ട; മാഹിയിലെ മദ്യം മാഹിക്കാർക്ക് മാത്രം! കേരളത്തിലെ കുടിയന്മാരുടെ ഒഴുക്ക് കൂടിയതോടെ നിലപാട് കർക്കശമാക്കാൻ പുതുച്ചേരി സർക്കാർ

കണ്ണൂർ: കേരളത്തിലെ കുടിയന്മാരുടെ കണ്ണും കാതുമിപ്പോൾ മാഹിയിലേക്കാണ്. പ്രത്യേകിച്ച് മലബാറിലെ കുടിയന്മാരുടെ. മലയാളിയുടെ വെള്ളമടിക്കുള്ള ലൈസൻസ് മാഹിയും വെട്ടുമെന്നാണ് സൂചന. മാഹിയിലെ മദ്യം മാഹിക്കാർക്ക് എന്ന പരീക്ഷണത്തിലേക്ക് പുതുച്ഛേരി സർക്കാരെത്തുമോ എന്ന സംശയം ബലപ്പെടുകയാണ്. 

നിലവാരമില്ലാത്ത ബാറുകൾ അടച്ചുപൂട്ടിയതോടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മിക്ക ബാറുകളും അടഞ്ഞു. മണിക്കൂറുകൾ വരിനിന്നാലെ ബിവറേജസ് കോർപ്പറേഷൻ ഔട്‌ലെറ്റുകളിൽ നിന്ന് കുപ്പി വാങ്ങാനാകൂ. അതിനാൽ ഈ ജില്ലകളിലുള്ളവർ മാഹിക്ക് വണ്ടി കയറും. ആവശ്യത്തിന് വിദേശ മദ്യകടകളുണ്ട് അവിടെ. നികുതി കുറവായതിനാൽ വിലയും കുറവ്. എന്നാൽ മാഹിയിലേക്ക് കേരളത്തിലെ കുടിയന്മാരുടെ ഒഴുക്ക് കൂടിയപ്പോൾ ക്രമസമാധാന പ്രശ്‌നങ്ങളുമായി. ഈ സാമൂഹിക പ്രതിസന്ധി മറികടക്കാൻ പുതുച്ചേരി സർക്കാർ ചില പദ്ധതികളും തയ്യാറാക്കുന്നുണ്ട്.  

ഇതിന്റെ ആദ്യ പടിയൊന്നോണം അടുത്തയാഴ്ച മുതൽ മദ്യശാലകളുടെ പ്രവർത്തന സമയം രണ്ടു മണിക്കൂർ കുറയ്ക്കാൻ മാഹി റീജനൽ അഡ്‌മിനിസ്‌ട്രേറ്റർ തീരുമാനിച്ചു. നിലവിൽ രാവിലെ എട്ടു മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന മയ്യഴി മദ്യശാലകൾ ഇനി രാവിലെ ഒമ്പതിനു തുറന്നു രാത്രി പത്തിന് അടയ്ക്കണം. എന്നിട്ടും പ്രശ്‌നം തീർന്നില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകും. മാഹിക്കാർക്ക് മാത്രമായി മദ്യവിൽപ്പനയെന്ന നയത്തിലേക്ക് മാഹി മാറുമെന്നാണ് സൂചന. മാഹി അഥവാ മയ്യഴി എന്ന ഈ കൊച്ചു പട്ടണത്തിൽ ഒന്നും രണ്ടുമല്ല, 64 വിദേശമദ്യക്കടകളാണുള്ളത്. 

മാഹി ഭരണകൂടത്തിന്റെ മനസ്സറിഞ്ഞ് കേരളത്തിലെ മദ്യ നിരോധന പ്രവർത്തകരും സജീവമാകുന്നു. മാഹിക്കു പുറത്തു നിന്നുള്ളവർക്കു മാഹിയിലെ മദ്യം വിൽക്കുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ടു പുതുച്ചേരി സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണു കേരളത്തിലെ മദ്യനിരോധന പ്രവർത്തകർ. തിരിച്ചറിയിൽ കാർഡുമായി വരുന്നവർക്ക് മാത്രമായി മാഹിയിലെ മദ്യവിൽപ്പന ചുരുക്കണമെന്നാണ് ആവശ്യം. മാഹിയിലെ മദ്യക്കടകൾ കോഴിക്കോട്ടേയും കണ്ണൂരിലേയും കുടിയന്മാരെ നേരയാക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് മാഹിയെ പിടിക്കാൻ മദ്യവിരുദ്ധ പ്രവർത്തകരെ ചിന്തിപ്പിക്കുന്നത്. 

കേരളത്തിൽ നിന്നുള്ളവർക്കു മദ്യം വിൽക്കരുതെന്നാവശ്യപ്പെട്ടു പുതുച്ചേരി സർക്കാരിനും മാഹി അഡ്‌മിനിസ്‌ട്രേറ്റർക്കും നിവേദനം നൽകാൻ കേരള മദ്യനിരോധന സമിതി തീരുമാനിച്ചിട്ടുണ്ടെന്നു സംസ്ഥാന സെക്രട്ടറി ടി.പി.ആർ. നാഥ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പുതുച്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നു കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മദ്യനിരോധന സമിതി അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതിനായി സംസ്ഥാന സർക്കാരിലും സമ്മർദ്ദം തുടരാനാണ് തീരുമാനം. 

കേരളത്തിലേക്കു മാഹിയിൽ നിന്നു മദ്യം കടത്തുന്നതിനു കർശനമായ വിലക്കുണ്ടെങ്കിലും അതൊന്നും ഫലവത്തല്ല. ഇഷ്ടപോലെ മദ്യ കുപ്പികളാണ് മാഹിയിൽ നിന്ന് കണ്ണൂരിലും കോഴിക്കോടും എത്തുന്നത്. കേരളത്തിലെ പുതിയ മദ്യനയം കണക്കിലെടുത്ത് മാഹിയുടെ അതിർത്തികളിൽ പരിശോധന കൂടുതൽ കർക്കശമാക്കാനുംപുതുച്ചേരി സർക്കാരിനോട് മദ്യനിരോധന സമിതി ആവശ്യപ്പെടും. കേരളവും പരിശോധന ശക്തമാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. 

മദ്യനിയന്ത്രണം കൊണ്ടു കണ്ണൂരിലേയും കോഴിക്കോട്ടേയും മദ്യപസമൂഹത്തിന്റെ സാമൂഹിക - സാമ്പത്തിക്കാരോഗ്യത്തിനു നേട്ടം കിട്ടണമെങ്കിൽ മാഹിയെ പിടിക്കണമെന്നാണ് മദ്യനിരോധന സമിതിയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP