Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയ വിവാഹത്തിന്റെ പേരിൽ മാനന്തവാടിയിലെ യുവദമ്പതികളെ ഊരുവിലക്കിയ സമുദായ നടപടിയിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്; മൊബൈൽ ആപ്പിലൂടെ സുകന്യ നൽകിയ പരാതിയിൽ ഉടനടി നടപടിയെടുക്കാൻ സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി; പൊലീസ് ഇടപെട്ട് നടത്തിയ സമവായ ചർച്ചയിലും കടുംപിടുത്തം വിടാതെ സമുദായ നേതാക്കൾ

പ്രണയ വിവാഹത്തിന്റെ പേരിൽ മാനന്തവാടിയിലെ യുവദമ്പതികളെ ഊരുവിലക്കിയ സമുദായ നടപടിയിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്; മൊബൈൽ ആപ്പിലൂടെ സുകന്യ നൽകിയ പരാതിയിൽ ഉടനടി നടപടിയെടുക്കാൻ സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി; പൊലീസ് ഇടപെട്ട് നടത്തിയ സമവായ ചർച്ചയിലും കടുംപിടുത്തം വിടാതെ സമുദായ നേതാക്കൾ

മാനന്തവാടി: സാധാരണ ഗതിയിൽ മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച വിവാഹങ്ങളുടെ പേരിലാണ് ദമ്പതികൾക്ക് നേരെ സമുദായത്തിന്റെ വേട്ടയാടൽ ഉണ്ടാകാറ്. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഹിന്ദു സമുദായത്തിൽ നിന്നു തന്നെയുള്ള വിവാഹത്തിന്റെ പേരിൽ ഒരു കുടുംബത്തെ മുഴുവൻ ഊരുവിലക്കിയ സംഭവാണ് വയനാട്ടിലെ മാനന്തവാടിയിൽ നിന്നും ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെട്ടപ്പോഴാണ് നാലര വർഷമായി തുടർന്നു പോന്ന ഊരുവിലക്കിന്റെ കൂടുതൽ വിവരങ്ങൽ പുറത്തുവന്നത്.

പ്രണയിച്ച് വിവാഹം കഴിച്ചു എന്നതിന്റെ പേരിലാണ് ദമ്പതികൾക്ക് വിലക്കേൽപ്പെടുത്തിയത്. മാനന്തവാടി സ്വദേശികളായ അരുൺ, സുകന്യ ദമ്പതികൾക്കാണ് നാലര വർഷമായി യാദവ സമുദായം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിവാഹ ചടങ്ങുകളിലോ മരണ വീടുകളിലോ പോലും പോകാൻ കഴിയാത്ത വിധത്തിലാണ് ഇവിടെ സമുദായത്തിന്റെ വിലക്കുണ്ടായത്. ഇതിന്റെ പേരിൽ കുടുംബാംഗങ്ങളെയും പീഡിപ്പിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മൊബൈൽ ആപ്പിലൂടെ സുകന്യ പ്രധാനമന്ത്രി മോദിക്കു പരാതി നൽകിയത്.

ആചാരം തെറ്റിച്ച് രജിസ്റ്റർ വിവാഹം ചെയ്തതിനാണ് യാദവ സമുദായ അംഗങ്ങളായിരുന്ന അരുൺ, സുകന്യ ദമ്പതികളെ ഇതേ സമുദായം പുറത്താക്കിയത്. ഇവരോട് ബന്ധം പുലർത്തിയതിന് മാതാപിതാക്കൾക്കെതിരെയും നടപടിയെടുത്തിരുന്നു. സമുദായത്തിൽ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. ഇരുവരെയും കുലംകുത്തികളായി ചിത്രീകരിച്ച് ലഘുലേഖയും പുറത്തിറങ്ങിയിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രിക്ക് മൊബൈൽ ആപ്പ് വഴി സുകന്യ പരാതി നൽകി. പരാതി പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സർക്കാരിന് കൈമാറി. സുകന്യയുടെ പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്.

2012ലാണ് ഇവർ രജിസ്റ്റർ വിവാഹം നടത്തിയത്. ഒരേ സമുദായക്കാരായിട്ടും ആചാരം തെറ്റിച്ചതിന്റെ പേരിൽ വിവാഹശേഷം ഇരുവർക്കും സമുദായം ഭ്രഷ്ട് കൽപ്പിച്ചതായാണ് പരാതി. അരുൺ അന്യസമുദായക്കാരനാണെന്നും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നുമാണ് സമുദായവക്താക്കൾ പറയുന്നത്. മാതാപിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ച അരുൺ യഥാർഥത്തിൽ ഭട്ട് സമുദായക്കാരനാണെന്നും യാദവ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ഭട്ട് സമുദായക്കാരെ തങ്ങളുടെ സമുദായത്തിൽ കൂട്ടില്ലെന്നും യാദവ സമുദായ പ്രതിനിധികൾ അറിയിച്ചു.

യാദവ ക്ഷേത്രത്തിൽ അന്നദാനത്തിൽ പങ്കെടുത്തതിന്റെ പേരിലും തങ്ങളെ മാനസികമായി പീഡിപ്പിച്ചതായി സുകന്യയുടെ കുടുംബം പറയുന്നു. തങ്ങൾക്ക് അനുകൂലമായി 117 ആളുകൾ എഴുതിനൽകിയ കത്ത് പരിഗണിക്കാൻ നേതൃത്വം തയാറായില്ലെന്നും സമുദായത്തിന് തങ്ങളോടുള്ള വിരോധമാണിതിന്റെ കാരണമെന്നും സുകന്യയുടെ പിതാവ് ഗോവിന്ദരാജ് പറഞ്ഞു. ഇതിനെ തുടർന്നാണ് സുകന്യ പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മാനന്തവാടി പൊലീസ് ഇരുവരെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല.

ഉത്തരേന്ത്യയിലെ പഞ്ചായത്തുകളുടെ മാതൃകയിൽ ഭരണഘടനയെയും പൗരാവകാശങ്ങളെയും അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ എന്തുവില കൊടുത്തും തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ രംഗത്തുവരുകയും വിവരം പുറത്തറിയിക്കുകയുമായിരുന്നു. ഭ്രഷ്ട് കൽപിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചാൽ തിക്താനുഭവങ്ങൾ ഉണ്ടാകുമെന്ന ഭീഷണി ഉണ്ടായതിനാലാണ് ഇത്രയും നാൾ സംഭവം രഹസ്യമാക്കിവെച്ചത്. ഊരുവിലക്കേർപ്പെടുത്തിയ സാമുദായിക നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതി നൽകുമെന്ന് അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP