Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വില കുറഞ്ഞ മദ്യം തേടി പലരും മാഹിയിൽ സ്ഥിരതാമസമാക്കുന്നു; രാവന്തിയോളം കുടിച്ച് മറിഞ്ഞു വിണ് മരണം സ്ഥിരം സംഭവം; വിശ്വസിക്കാനാകാത്ത വിലക്കുറവിലുള്ള മദ്യം ലഭിച്ചുതുടങ്ങിയതോടെ കള്ളുകുടിച്ച് മരിക്കുന്നവരെ കൊണ്ടു പൊറുതിമുട്ടി മാഹിയിലെ ജീവിതം

വില കുറഞ്ഞ മദ്യം തേടി പലരും മാഹിയിൽ സ്ഥിരതാമസമാക്കുന്നു; രാവന്തിയോളം കുടിച്ച് മറിഞ്ഞു വിണ് മരണം സ്ഥിരം സംഭവം; വിശ്വസിക്കാനാകാത്ത വിലക്കുറവിലുള്ള മദ്യം ലഭിച്ചുതുടങ്ങിയതോടെ കള്ളുകുടിച്ച് മരിക്കുന്നവരെ കൊണ്ടു പൊറുതിമുട്ടി മാഹിയിലെ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത മാഹിയിൽ സൃഷ്ടിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങൾ. മദ്യത്തിന് കേരളത്തിലെ വിലയുമായി തട്ടിച്ചു നോക്കുമ്പോൾ തുച്ഛമായ പണം നൽകിയാൽ മതി എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം മാഹിയിലേക്ക് താമസം മാറുന്നവരുടെ എണ്ണം ഏറുകയാണ്. അമിത മധ്യപാനത്തെ തുടർന്നുള്ള മരണവും മാഹിയിൽ ഏറിവരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒന്നരമാസത്തിനിടെ മാത്രം അമിതമായി മദ്യം കഴിച്ച് തെരുവിൽ കിടന്നു മരിച്ചത് അഞ്ചുപേരാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും എത്തിയില്ല. ഒടുവിൽ പൊലീസ് ഇടപെട്ടാണ് അജ്ഞാതമൃതദേഹങ്ങൾ സംസ്‌കരിച്ചത്.

മദ്യത്തിന് മാഹിയിലുള്ള വൻവിലക്കുറവിൽ ആകൃഷ്ടരായാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്കൊഴുകുന്നത്. ഒൻപത് ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണമുള്ള മാഹിയിലെ ബാറുകളുടെ എണ്ണം 65 ആണ്. മരണങ്ങളെല്ലാം മദ്യശാലകളുടെ പരിസരത്താണ്. ബുധനാഴ്ച കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ മാക്കുനിയിലെ ബാർപരിസരത്തെ കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച മാഹിയിലെ പെട്രോൾ പമ്പിനു മുന്നിൽ കന്യാകുമാരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാക്കുനി പൊന്ന്യം പുഴയോരനടപ്പാതയിലും മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മദ്യശാലയ്ക്കരികിലുമായി മറ്റു മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തി. ഇതിലൊരാൾ മാസങ്ങളായി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച ഹിന്ദി സംസാരിക്കുന്ന ഒരാളാണ്. മറ്റൊരാൾ തമിഴ്‌നാട് സ്വദേശിയെന്നു കരുതുന്ന മധ്യവയസ്‌കനും.

മദ്യപരെ നീക്കം ചെയ്യാൻ വാഹനവുമായി അസോസിയേഷൻ

മദ്യലഹരിയിൽ ഉടുതുണിയില്ലാതെ തെരുവുകളിൽ വീഴുകയും മരിക്കുകയും ചെയ്യുന്നത് കൂടിയതോടെ മാഹി സർക്കാർ ഇടപെട്ടിരുന്നു. ഇതേ തുടർന്നാണ് ഇവരെ നീക്കംചെയ്യാൻ മാഹി ലിക്കർ അസോസിയേഷൻ വാഹനമേർപ്പെടുത്തിയത്. മദ്യപിച്ച് വഴിയിൽ കിടക്കുന്നവരെയും മരിച്ചവരെയും വീടുകളിൽ എത്തിക്കുകയാണ് വാഹനം ഏർപ്പെടുത്തിയതോടെ ലക്ഷ്യം വെച്ചത്. ഇത്തരം സംഭവങ്ങളുണ്ടായാൽ പൊലീസ് ഈ വണ്ടിയെ ആശ്രയിക്കും. എന്നാൽ, വണ്ടി പലപ്പോഴും ലഭിക്കാറില്ലെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്.

ബുധനാഴ്ച രാത്രി മാക്കുനിയിൽ മരിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോയത് ഓട്ടോയുടെ ഡിക്കിയിൽ തിരുകിയാണ്. ലിക്കർ അസോസിയേഷൻ ഏർപ്പാടാക്കിയ വണ്ടി പന്തക്കൽ പൊലീസ് ഇടപെട്ട് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് മാഹി ആശുപത്രിയിലെ ആംബുലൻസിനുവേണ്ടി ബന്ധപ്പെട്ടു. അതും കിട്ടിയില്ല.

ഒടുവിൽ ഇതുവഴി കടന്നുപോയ ഓട്ടോയുടെ ഡിക്കിയിൽ തിരുകിക്കയറ്റിയാണ് മാഹി ആശുപത്രിയിലെത്തിച്ചത്. ഇത് നാട്ടുകാരും പൊലീസുമായുള്ള വാക്ക്തർക്കത്തിനിടയാക്കി. മരിച്ചത് സ്ഥിരീകരിക്കേണ്ടത് ഡോക്ടറാണെന്നും മറ്റു വാഹനങ്ങൾ കിട്ടാഞ്ഞതിനാലാണ് ഓട്ടോയിൽ കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. ആശുപത്രിയിലെത്തുന്നതിന് മണിക്കൂറുകൾക്കു മുൻപേ ഇയാൾ മരിച്ചതായി മാഹി ജനറൽ ആശുപത്രിയിലെ ഡോക്ടർ സ്ഥിരീകരിച്ചു.

കൊള്ളയടിയും കുറവല്ല

മദ്യം കഴിച്ച് ബോധം നഷ്ടമാകുന്നവർക്ക് പണം ഉൾപ്പെടെ നഷ്ടമാകുന്ന സംഭവങ്ങളും മാഹിയിൽ കുറവല്ല. മദ്യപിച്ച് വീഴുന്നവരെ സഹായിക്കാൻ എന്ന വ്യാജേന എത്തുന്നവരാണ് മദ്യപരുടെ പണവും വസ്തുക്കളും കൊള്ളയടിക്കുന്നത്. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ കൊണ്ടുപോകുന്നതിനാൽ ഇത്തരം ആളുകൾ മരിച്ചാൽ പോലും തിരിച്ചറിയാൻ പൊലീസിന് മുന്നിൽ മാർഗങ്ങളുണ്ടാകാറില്ല. മദ്യപിച്ച് വിഴുന്നവന്റെ ചുറ്റിലും സഹായി എന്ന രീതിയിലെത്തുന്നവരാണ് കൊള്ളയടിക്കുന്നത്. ഇവരെ തിരിച്ചറിയുക പ്രയാസമാണത്രെ. സംശയകരമായി കാണുന്നവരെ പൊലീസ് പരിശോധിക്കാറുണ്ട്. യുവാക്കളായ ഒട്ടേറെ പേർ കൊള്ളയടിക്ക് വിധേയരായിട്ടുണ്ട്. അഭിമാനം മുൻ നിർത്തി പരാതി നൽകാതെ പലരും രക്ഷപ്പെടുകയാണ്. മൊബൈൽ നഷ്ടപ്പെട്ടവരുടെ സ്ഥിതി ദയനീയമാണ്. സ്വകാര്യത്തിൽ പണം കടം ചോദിച്ച് ബസ് കയറി രക്ഷപ്പെട്ടവർ ഒട്ടേറെ. കേരളത്തിൽ നിന്നു കുടിക്കുന്ന അളവിൽ മാഹിയിലെ ചില ബ്രാൻഡുകൾ കുടിച്ചാൽ നിലം പൊത്തുമെന്നുറപ്പ്.

ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനമില്ല

വില കുറവായ ബ്രാൻഡുകൾ അളവിൽ കൂടുതൽ കഴിച്ചാണ് പലരും റോഡിൽ കിടക്കേണ്ടി വരുന്നത്. ഗുണനിലവാരമില്ലാത്ത മദ്യവിൽപ്പനയ്ക്ക് മാഹിയിൽ പെർമിറ്റ് നൽകാതിരുന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാം എന്ന് ജനങ്ങളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഗുണനിലവാരപരിശോധന നടത്താനുള്ള എക്‌സൈസ് യൂണിറ്റും ലാബുൾപ്പെടെയുള്ള അനുബന്ധസംവിധാനങ്ങളും മാഹിയിലില്ലാത്തതാണ് പലപ്പോഴും വില്ലനാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP