Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന്റെ സർഗവിദ്യാലയം പരിപാടി; സംസ്ഥാന തല ഉദ്ഘാടനത്തിൽ നിന്നും എം ടി വാസുദേവൻ നായർ പിന്മാറി; പി.കെ. ശശി എംഎൽഎയെ ചടങ്ങിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന് സൂചന; പിന്മാറ്റം വ്യക്തിപരമായ കാരണങ്ങളാലെന്ന് എംടിയുടെ വിശദീകരണം  

സർക്കാരിന്റെ സർഗവിദ്യാലയം പരിപാടി; സംസ്ഥാന തല ഉദ്ഘാടനത്തിൽ നിന്നും എം ടി വാസുദേവൻ നായർ പിന്മാറി; പി.കെ. ശശി എംഎൽഎയെ ചടങ്ങിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന് സൂചന; പിന്മാറ്റം വ്യക്തിപരമായ കാരണങ്ങളാലെന്ന് എംടിയുടെ വിശദീകരണം   

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: സർക്കാരിന്റെ സർഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൽ നിന്നും എഴുത്തുകാരൻ എം ടി വാസുദേവൻ നായർ പിന്മാറി. ലൈംഗിക പീഡന ആരോപണ വിധേയനായ സിപിഐ.എം നേതാവ് പി. ശശി എംഎൽഎയെ ചടങ്ങിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്നാണ് സൂചന. വെള്ളിനേഴി ഹയർ സെക്കന്ററി സ്‌കൂളിലാണ് സർഗവിദ്യാലയം പരിപാടി സംഘടിപ്പിച്ചത്.

എം ടിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പി.കെ ശശിയാണ് ചടങ്ങിൽ അധ്യക്ഷൻ. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് എം ടി സംഘാടകരെ അറിയിച്ചത്. പരിപാടിയിൽ പങ്കെടുക്കില്ലെന്നും സംഘാടകരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എം ടി അറിയിച്ചു. പീഡന ആരോപണം നേരിടുന്ന ശശിക്കൊപ്പം വേദിയിൽ പങ്കെടുക്കുന്നതിനെതിരെ എം ടിക്ക് നിരവധി കത്തുകൾ ലഭിച്ചിരുന്നു.ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള പിന്മാറ്റമെന്നതാണ് വിലയിരുത്തൽ.

അതേ സമയം പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ സിപിഐഎം അന്വേഷണ കമ്മീഷൻ പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്തായി. പ്രഥമദൃഷ്ട്യാ തന്നെ റിപ്പോർട്ട് ശശിക്ക് അനുകൂലവും പരാതി നൽകിയ യുവതിക്കെതിരെയാണെന്നുമാണ് വ്യക്തമാകുന്നത്. മന്ത്രി എ.കെ ബാലനും, പി.കെ ശ്രീമതിയും അടങ്ങുന്ന രണ്ടംഗ അന്വേഷണ കമ്മീഷൻ നടത്തിയ റിപ്പോർട്ടിന്റെ കുറിപ്പ് ജില്ലാ കമ്മിറ്റികൾക്ക് നൽകിയിരുന്നു. ഇതാണ് പിന്നീട് പുറത്തായത്. പാർട്ടി ഓഫിസിൽ വെച്ച് യുവതിയോട് ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും തിരക്കേറിയ പാർട്ടി ഓഫിസിൽ വെച്ച് ഇത്തരത്തിൽ പെരുമാറാൻ സാധിക്കില്ലെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ശശി യുവതിക്ക് പണം നൽകിയതിൽ തെറ്റില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. മണ്ണാർക്കാട് പാർട്ടി ഓഫിസിലേക്ക് പരാതിക്കാരിയായ യുവതിയെ വിളിപ്പിച്ചത് റെഡ് വൊളന്റിയർ സേനയുടെ കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നും ശശി യുവതിക്ക് 50,00 രൂപ നൽകിയത് റെഡ് വൊളന്റിയർമാരെ സജ്ജീകരിക്കാനാണെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എംഎൽഎ അപമര്യാദയായി പെരുമാറിയതിന് ദൃക്സാക്ഷികളില്ലെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചന എന്ന വാദം തള്ളാതെയുമാണ് റിപ്പോർട്ട്. പരാതിക്ക് പിന്നിൽ ഗൂഢാലോചന എന്ന് പലനേതാക്കളും കമ്മീഷന് മൊഴി നൽകി. ഇത്തരത്തിൽ ഉയർന്ന വിഷയങ്ങൾ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാകമ്മിറ്റി പരിശോധിക്കണം.

യുവതി സ്വമേധയാ ഇത്തരമൊരു പരാതി കൊടുത്തതായി കരുതാനാകില്ലെന്നും പരാതിക്ക് പിന്നിൽ ബാഹ്യസമ്മർദ്ദമാണെന്നാണ് കമ്മീഷൻ വിലയിരുത്തൽ. പരാതിയെ സംബന്ധിച്ചുള്ള യുവതിയുടെ വിശദീകരണങ്ങൾ പൊരുത്തപ്പെടുന്നില്ല. പരാതിക്ക് കാലതാമസം ഉണ്ടായതിന് വിശദീകരണം നൽകാനായിട്ടില്ല. സംഭവത്തിന് ശേഷവും ശശിയോട് യുവതി സ്വാഭാവികമായി പെരുമാറി. ശശിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പെൺകുട്ടിയുടെ പരാതിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗികാരോപണ പരാതിയെ തുടർന്ന് പി.കെ ശശിയെ ആറ് മാസത്തേക്കാണ് സിപിഐഎം സസ്പെൻഡ് ചെയ്തത്. സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം.

സിപിഐഎം സെക്രട്ടേറിയറ്റിന്റെ ശുപാർശ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. പികെ ശശി ഒരു പാർട്ടി പ്രവർത്തകയോട് പാർട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി പി.കെ ശശിയെ ആറ് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുന്നതാണെന്നായിരുന്നു ഇത് സംബന്ധിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ച ശേഷമുള്ള സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP