ശബരിമല വിവാദത്തിൽ പാർലമെന്റിൽ നേടിയ മേൽക്കെ നിയമസഭയിലും ഉറപ്പിക്കാൻ ഉറച്ച് യുഡിഎഫ്; ആചാരസംരക്ഷണബില്ലിന് എം വിൻസന്റ് അവതരണാനുമതി തേടിയത് പാർലമെന്റിൽ എൻ കെ പ്രേമചന്ദ്രൻ നടത്തിയ നീക്കത്തിന്റെ ചുവടുപിടിച്ച്; ബില്ലിന്റെ നിയമസാധുത പരിശോധിക്കേണ്ടത് കോടതി എന്നും കോവളം എംഎൽഎ
June 25, 2019 | 04:12 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണം സംബന്ധിച്ച് ബില്ലിന് അനുമതി തേടി പ്രതിപക്ഷം. കോൺഗ്രസ് നേതാവ് എം. വിൻസെന്റ് എംഎൽഎയാണ് ബില്ലവതരിപ്പിക്കാൻ അനുമതി തേടിയത്. സ്പീക്കർക്ക് അനുമതി തേടി കോവളം എംഎൽഎ കത്ത് നൽകി.
ശബരിമല ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കലും, അവരുടെ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കലും ലക്ഷ്യമിട്ടാണ് ബിൽ. ബിൽ ഭരണഘടനാവിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് നിയമസഭയല്ല, മറിച്ച് കോടതിയാണെന്നും എം വിൻസെന്റ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തേ നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇത്തരമൊരു ബിൽ അവതരിപ്പിക്കാൻ അനുമതി ഇല്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ലോക്സഭയിൽ യു,ഡി.എഫ് എംപി എൻ.കെ പ്രേമചന്ദ്രൻ നേരത്തെ ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യബിൽ അവതരിപ്പിച്ചിരുന്നു. 17-ാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബിൽ ആയിരുന്നു ഇത്. ലോക്സഭയിൽ പ്രേമചന്ദ്രന് ശബരിമല വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് എം വിൻസെന്റ് നിയമസഭയിൽ ബില്ലവതരണത്തിന് അനുമതി തേടിയിട്ടുള്ളത്.
