Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേരിനു പിന്നിലെ ജാതിപ്പേര് പേലും പറയുകയോ പറയിപ്പിക്കുകയോ ചെയ്യാത്ത പുരോഗമനവാദി; കമ്മ്യൂണിസ്റ്റ് എന്നും നക്സലൈറ്റ് എന്നും മുദ്ര ചാർത്തപ്പെട്ട എൻ എൻ കക്കാട് മരിച്ച് മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം അദ്ദേഹത്തിന്റെ പേരിൽ ജാതിക്കാർക്കു മാത്രമായി കവിതാ മത്സരം; മദ്രാസ് യോഗക്ഷേമ സഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

പേരിനു പിന്നിലെ ജാതിപ്പേര് പേലും പറയുകയോ പറയിപ്പിക്കുകയോ ചെയ്യാത്ത പുരോഗമനവാദി; കമ്മ്യൂണിസ്റ്റ് എന്നും നക്സലൈറ്റ് എന്നും മുദ്ര ചാർത്തപ്പെട്ട എൻ എൻ കക്കാട് മരിച്ച് മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം അദ്ദേഹത്തിന്റെ പേരിൽ ജാതിക്കാർക്കു മാത്രമായി കവിതാ മത്സരം; മദ്രാസ് യോഗക്ഷേമ സഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു കാലത്ത് കമ്മ്യൂണിസ്റ്റെന്നും നക്സലൈറ്റ് എന്നും വരെ മുദ്ര ചാർത്തപ്പെട്ട എൻ എൻ കക്കാടിന്റെ പേരിൽ ജാതിക്കാർക്കായി മാത്രം ഒരു കവിതാ മത്സരം നടത്തുന്ന യോഗക്ഷേമ സഭയുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. അന്തരിച്ച പ്രശസ്ത കവി എൻ. എൻ. കക്കാട് എന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ പേരിൽ മദ്രാസ് യോഗക്ഷേമ സഭയുടെ പേരിലാണ് എൻ. എൻ. കക്കാട് സ്മാരക കവിതാ പുരസ്‌ക്കാരം നടത്തുന്നത്. ബ്രാഹ്മണർക്കിടയിലുള്ള കവികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലോകമെങ്ങുമുള്ള ബ്രാഹ്മണരായ കവികൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും സഭ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.

പങ്കെടുക്കുന്നവർ പേരും ഇല്ലപ്പേരും രചനയുടെ കീഴെ രേഖപ്പെടുത്തണം, ലോകമെങ്ങുമുള്ള സമുദായങ്ങൾക്ക് പ്രായഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം, മലയാളി ബ്രാഹ്മണർക്ക് മാത്രമായി മദ്രാസ് യോഗക്ഷേമ സഭ നടത്തുന്ന സ്വകാര്യ മത്സരമാണിതെന്നും നോട്ടീസിൽ പറയുന്നു.

ആധുനികമലയാളകവിതയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എൻ എൻ കക്കാട് ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്റെ ജാതിപോലും ഒരിടത്തും അടയാളപ്പെടുത്താത്ത സാഹചര്യത്തിൽ ഈ തരം തിരിവ് വിരോധാഭാസമാണെന്ന് സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി വിമർശനങ്ങൾ ഉയരുകയാണ്.

തങ്ങളുടെ സമുദായങ്ങൾക്ക് വേണ്ടിയുള്ള മത്സരമെന്ന രീതിയിലാണ് ഇത് സംഘടിപ്പിച്ചതെന്നും എന്നാൽ ഇതെങ്ങനെയോ പുറത്ത് പോവുകയായിരുന്നുവെന്നും സംഘാടക സമിതി പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു. ഓപ്പൺ കമ്മ്യൂണിറ്റിക്ക് വേണ്ടി മറ്റൊരു മത്സരം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

കോഴിക്കോട് അവിടനല്ലൂരിൽ നാരായണൻ തമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1927 ജൂലായ് 14നാണ് കക്കാട് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ വേദങ്ങളിലും ഇതിഹാസങ്ങളിലും തന്ത്രയോഗാദികളിലും പ്രാവീണ്യം നേടിയ കക്കാട് ചിത്രമെഴുത്ത്, ശാസ്ത്രീയസംഗീതം, ഓടക്കുഴൽ എന്നിവയും സ്വായത്തമാക്കി. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും, തൃശൂർ കേരളവർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. 1960കളിൽ ഇന്ത്യ-ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് ആരോപിക്കപ്പെട്ടു. നടുവണ്ണൂർ സ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെന്റുമായുണ്ടായ തർക്കത്തെത്തുടർന്ന് ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് റൈറ്ററായും പ്രൊഡ്യൂസറായും ജോലി ചെയ്തു. കോഴിക്കോട് ആകാശവാണി നിലയത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അസ്സോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടൻചിന്തുകൾ, കവിതയും പാരമ്പര്യവും, അവലോകനം തുടങ്ങിയവ പ്രധാനകൃതികളാണ്. വയലാർ അവാർഡ് ( സഫലമീ യാത്ര), കേരളസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, ചെറുകാട് അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1987 ജനുവരി 6 ന് അദേഹം കാവ്യലോകത്തോട് വിട പറഞ്ഞു. അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചശേഷമാണ് നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP