Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുംപിടുത്തവും അതിതീവ്ര നിലപാടുകളും കലാലയത്തെ വിവാദത്തിലാക്കി; ഇനി നല്ല നടപ്പിന് സ്ഥലം മാറ്റം; എസ് എഫ് ഐയുടെ വാശിയ്‌ക്കൊപ്പം സർക്കാരും; മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന് മാറ്റം പാർട്ടി കോട്ടയായ തലശ്ശേരിയിലെ ബ്രണ്ണനിലേക്ക്; ബീനയെ മാറ്റുന്നത് പ്രെമോഷൻ നൽകാതെ

കടുംപിടുത്തവും അതിതീവ്ര നിലപാടുകളും കലാലയത്തെ വിവാദത്തിലാക്കി; ഇനി നല്ല നടപ്പിന് സ്ഥലം മാറ്റം; എസ് എഫ് ഐയുടെ വാശിയ്‌ക്കൊപ്പം സർക്കാരും; മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന് മാറ്റം പാർട്ടി കോട്ടയായ തലശ്ശേരിയിലെ ബ്രണ്ണനിലേക്ക്; ബീനയെ മാറ്റുന്നത് പ്രെമോഷൻ നൽകാതെ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൻ.എൽ. ബീനയെ സ്ഥലംമാറ്റി. സ്പെഷൽ ഗ്രേഡ് പ്രിൻസിപ്പലായി തലശേരി ബ്രണ്ണൻ കോളജിലേക്കാണു മാറ്റം. ബിനയെ പ്രമോഷനില്ലാതെയാണു സ്ഥലം മാറ്റിയത്. വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ അന്വേഷണം നടത്തിയ കമ്മിഷൻ എൻ.എൽ. ബീനയെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.

കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ്.ജെ. ലൈലാദാസാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രിൻസിപ്പൽ എൻ.എൽ. ബീനയുടെ കടുംപിടിത്തം വിദ്യാർത്ഥികളിലും അദ്ധ്യാപകരിലുണ്ടാക്കിയ അമർഷമാണു സംഭവത്തിൽ കലാശിച്ചതെന്നായിരുന്നു കമ്മിഷന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മാറ്റം. എസ് എഫ് ഐയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. സിപിഎമ്മിന്റെ കോട്ടയാണ് കണ്ണൂർ. ബ്രണ്ണൻ കോളേജിൽ എസ് എഫ് ഐയുടെ സമ്പൂർണ്ണ ആധിപത്യം. അതുകൊണ്ട് തന്നെ ടിച്ചർക്ക് പണി കൊടുക്കാനാണ് തലശ്ശേരിയിലേക്ക് എത്തിക്കുന്നതിന് കാരണമെന്ന വിലയിരുത്തൽ ഉണ്ട്.

എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച വിവാദ സംഭവത്തിൽ പ്രിൻസിപ്പലിനെ അതിരൂക്ഷമായി കുറ്റപ്പെടുത്തി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകിയത്. പ്രിൻസിപ്പൽ എൻ.എൽ. ബീനയുടെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും അമർഷത്തിന് കാരണമായെന്നും കോളേജിൽ നിലനിന്ന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളല്ല അവർ സ്വീകരിച്ചതെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ലൈലാദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

പ്രിൻസിപ്പലിന്റെ കസേര കത്തിച്ച എസ്എഫ്ഐയുടെ പ്രതിഷേധം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും കോളേജിലെ പഠനാന്തരീക്ഷം തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 19 നാണ് പ്രിൻസിപ്പലിന്റെ കസേര ചില വിദ്യാർത്ഥികൾ കത്തിച്ചത്. സംഭവം യാദൃശ്ചികമല്ലെന്നും മാസങ്ങളായി നിലനിന്ന അസ്വസ്ഥതകളുടെ തുടർച്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങൾ നിയന്ത്രണാതീതമാവുകയും വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ കസേര കത്തിക്കുകയുമാണുണ്ടായത്. ലൈലാദാസിന്റെ നേതൃത്വത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ എസ്.ജെ. ഉണ്ണിക്കൃഷ്ണൻ, ഐ.എസ്. ശ്യാംലാൽ എന്നിവർ ഉൾപ്പെട്ട സമിതിയെയാണ് അന്വേഷണത്തിനു സർക്കാർ നിയോഗിച്ചത്. മാർച്ച് രണ്ടിന് കോളജിലെത്തി അന്വേഷണം നടത്തിയ സംഘം മാർച്ച് അവസാനമാണ് റിപ്പോർട്ട് നൽകിയത്.

പ്രിൻസിപ്പൽ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടും സർക്കാർ നിയോഗിച്ച സമിതി പരിശോധിച്ചു. അതിലെ വിവരങ്ങൾ കൂടി പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണത്തോട് പ്രിൻസിപ്പൽ അസ്വസ്ഥതയും അവിശ്വാസവും പ്രകടമാക്കിയെന്നും കസേര കത്തിച്ച സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ വൈസ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തുന്നതിനു പകരം ഓഫീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതുൾപ്പെടെയുള്ള പല ചോദ്യങ്ങൾക്കും പ്രിൻസിപ്പൽ വ്യക്തമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എംസിആർവി ഹോസ്റ്റൽ പൂട്ടിയതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം നിലനിന്നിരുന്നു. പകരം ഹോസ്റ്റൽ സംവിധാനം പ്രിൻസിപ്പൽ ഏർപ്പെടുത്തേണ്ടതായിരുന്നു. വിദ്യാർത്ഥി പ്രതിഷേധം ആളിക്കത്തിച്ചതിൽ സംഭവത്തിനു പങ്കുണ്ട്. കൂടാതെ വിദ്യാർത്ഥിനികളോട് പ്രിൻസിപ്പൽ മോശം ഭാഷയിൽ സംസാരിച്ചതും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യിച്ചതും കാമ്പസിലെ സാഹചര്യം വഷളാക്കി. കോളേജിലുണ്ടായ സംഭവങ്ങൾ നേരായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ പ്രിൻസിപ്പലിന് വീഴ്ച പറ്റി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രിൻസിപ്പൽ എൽ.എൻ. ബീനയും മറ്റ് രണ്ട് വനിതാ അദ്ധ്യാപകരും ഒരേ സ്ഥാപനത്തിൽ തുടരുന്നത് ഉചിതമായിരിക്കില്ലെന്നും അതിനു വേണ്ട അടിയന്തര നടപടികൾ കൈകൊള്ളണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ബീനയുടെ സ്ഥലം മാറ്റം.

എൻ.എൽ. ബീന ഉൾപ്പെടെ ഏഴു സർക്കാർ കോളജ് പ്രിൻസിപ്പൽമാർക്കാണു സ്ഥലം മാറ്റം സർക്കാർ പ്രഖ്യാപിച്ചത്. കൊടുവള്ളി സർക്കാർ കോളജിലെ പ്രിൻസിപ്പൽ ഡോ. പി.എസ്. അജിതയാണു മഹാരാജാസിലെ പുതിയ പ്രിൻസിപ്പൽ. ചാലക്കുടി ഗവ. കോളജ് പ്രിൻസിപ്പൽ കെ.കെ. സുമയെ പട്ടാമ്പി എസ്.എൻ.ജി.എസ്. കോളജിലേക്കും ആറ്റിങ്ങൽ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. പി. അനിതാ ദമയന്തിയെ തിരുവനന്തപുരം വുമൺസ് കോളജിലേക്കും സ്ഥലം മാറ്റി.

തിരുവനന്തപുരം ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. ജി വിജയലക്ഷ്മിയെ ചിറ്റൂർ ഗവ. കോളജിലേക്കു മാറ്റി. തൃശൂർ ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. എൽസമ്മ ജോസഫ് അറയ്ക്കലാണു പാലക്കാട് വിക്ടോറിയ കോളജിലെ പുതിയ പ്രിൻസിപ്പൽ. നെടുമങ്ങാട് ഗവ. കോളജിലെ പ്രിൻസിപ്പൽ ഡോ. ഡി.കെ. സതീഷിനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പിലായും നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP