Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഹിപള്ളി തിരുനാളിന് നാളെ തുടക്കം; രഹസ്യ അറയിൽ സൂക്ഷിച്ച ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് സമർപ്പിക്കും; ഇരുപത് ദിവസം നീണ്ടു നിൽക്കുന്ന മതേതര മഹോത്സവം വൻ ആഘോഷമാക്കാൻ മാഹി

മാഹിപള്ളി തിരുനാളിന് നാളെ തുടക്കം; രഹസ്യ അറയിൽ സൂക്ഷിച്ച ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് സമർപ്പിക്കും; ഇരുപത് ദിവസം നീണ്ടു നിൽക്കുന്ന മതേതര മഹോത്സവം വൻ ആഘോഷമാക്കാൻ മാഹി

രഞ്ജിത് ബാബു

മാഹി: മയ്യഴിയുടെ മഹോത്സവമാണ് മാഹി പള്ളിപെരുന്നാൾ. മത-ജാതി വേർതിരിവുകളില്ലാതെ മയ്യഴി മാതാവിന്റെ തിരുസ്വരൂപത്തിൽ മെഴുകുതിരിയും പുഷ്പഹാരവുമർപ്പിച്ച് വണങ്ങാൻ നാളെ മുതൽ ആയിരങ്ങളെത്തും. ഈ മാസം 25 ാം തീയ്യതി വരെ നടക്കുന്ന തിരുനാൾ ഉത്സവകാലത്ത് മാഹി മതേതര ഇന്ത്യയുടെ ചെറുപതിപ്പായി മാറും. മഹാ ഭൂരിപക്ഷമുള്ള മാഹിയിൽ മുസ്ലീമുകൾക്കും പിറകിൽ മൂന്നാം സ്ഥാനത്താണ് ക്രൈസ്തവ ജനസംഖ്യ.

എന്നാൽ മയ്യഴി മാതാവ് എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ജനങ്ങളെല്ലാം ഒരേ മനസ്സുകാരാണ്. സ്പെയ്നിൽ ജനിച്ച തെരേസാ പുണ്യവതി ഫ്രഞ്ച് ഭരണ കാലത്താണ് മാഹിയിലെത്തിയത്. വീരദൈവങ്ങൾക്കും അമ്മ ദൈവങ്ങൾക്കും പഞ്ഞമില്ലാത്ത മാഹിയിൽ പള്ളി പണിയാനും വിശുദ്ധ അമ്മ ത്രേസ്യയെ പ്രതിഷ്ടിക്കാനും മുന്നിട്ടിറങ്ങിയതും മാഹിക്കാരാണ്.

1936 ൽ ഓലമേഞ്ഞ മാഹി പള്ളി നിർമ്മിക്കാൻ ഫ്രഞ്ച്കാർക്കൊപ്പം മത-ജാതി വേർതിരിവില്ലാതെ മാഹിക്കാർ ഒന്നടക്കം ഇറങ്ങി. അന്ന് പണിത പള്ളി വിവിധ കാലഘട്ടങ്ങളിൽ വികസിപ്പിച്ചാണ് ഇന്നത്തെ നിലയിലുള്ള ദേവാലയമായി മാറിയത്. ഫ്രഞ്ച് ആധിപത്യത്തിനെതിരെ സമരം ശക്തമായപ്പോഴും മാഹിപള്ളിയോടും ത്രേ്യസ്യാമ്മയോടുമുള്ള ജനങ്ങളുടെ ആദരവിന് കോട്ടം തട്ടിയിരുന്നില്ല. ത്രേ്യസ്യാമ്മ മാഹിക്കാരുടെ അമ്മയായി മാറി. 1948 ൽ ഫ്രഞ്ചുകാർക്കെതിരെ മാഹിക്കാരുടെ ജനകീയ വിപ്ലവം അതിശക്തമായ കാലത്തും മയ്യഴി മാതാവ് അവരുടെ പ്രിയപ്പെട്ട അമ്മ തന്നെ.

മയ്യഴി വിമോചന സമരക്കാരെ അടിച്ചമർത്താൻ ഫ്രഞ്ച് കപ്പൽ പട മയ്യഴി പുറം കടലിൽ നങ്കൂരമിട്ട വിവരം അറിയിക്കുന്നതും മാഹി പള്ളിയിൽ നിന്നുള്ള മണിമുഴക്കത്തിലായിരുന്നു. വിവരമറിഞ്ഞതോടെ മാഹിപള്ളിയിൽ നിന്നും ജനങ്ങൾക്ക് ആപത് സൂചന അറിയിച്ചു. പള്ളി മണി കൂട്ടമായി മുഴങ്ങി. ജനക്കൂട്ടം പള്ളിക്കു മുമ്പിൽ ഓടിയെത്തി വിവരമന്വേഷിച്ചപ്പോഴാണ് ഫ്രഞ്ചുകാരിൽ നിന്നും തങ്ങളെ രക്ഷിക്കാനുള്ള മുന്നറിയിപ്പാണ് പള്ളിയിൽ നിന്ന് മുഴങ്ങിയതെന്ന് അറിഞ്ഞത്.

ഫ്രഞ്ച് പട്ടാളത്തിന്റെ കണ്ണിൽപെടാതെ മയ്യഴിക്കാർ മാഹിയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ഫ്രഞ്ചുകാർ കൊണ്ടു വന്ന പുണ്യവതിയുടെ ദേവാലയമായിട്ടും തങ്ങൾക്ക് രക്ഷ നൽകാൻ ശ്രമിച്ച മാഹിപള്ളിയോടും മയ്യഴിമാതാവിനോടും മാഹിക്കാരുടെ ആദരവ് ഇരട്ടിയായി. തങ്ങളെ രക്ഷിച്ച മാതാവിനെ ഫ്രഞ്ചുകാർക്ക് അവരുടെ നാട്ടിൽ തിരിച്ച് കൊണ്ടു പോകാനുമായില്ല. അങ്ങനെ ആവിലായിൽ ജന്മം കൊണ്ട വിശുദ്ധയായ ത്രേസ്യാമ്മ പുണ്യവതി മയ്യഴിക്കാരുടെ ഹൃദയത്തിൽ കുടിയിരുത്തപ്പെട്ടിരിക്കയാണ്.

നാളെ രാവിലെ 11.30 ന് കൊടിയേറ്റത്തോടെയാണ് തിരുനാളിന് തുടക്കം കുറിക്കുന്നത്. ഉച്ചക്ക് 12 ന് ദേവാലയത്തിലെ അൾത്താരക്ക് പിറകിലെ രഹസ്യ അറയിൽ സൂക്ഷിച്ച തിരുനാളിന്റെ കേന്ദ്ര ബിന്ദുവായ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ഫാദർ ജറോം ചിങ്ങംതറ പൊതുവണക്കത്തിന് സമർപ്പിക്കും. തിരുനാൾ ദിവസങ്ങളിൽ മാത്രമേ മയ്യഴി മാതാവിന്റെ ദിവ്യരൂപം വിശ്വാസികൾക്ക് വണങ്ങാൻ സാധിക്കൂ.

വൈകീട്ട് ആറിന് കോഴിക്കോട് രൂപതാ വികാരി ജനറൽ റവ: മോൺ തോമസ് പനക്കൽ ദിവ്യബലിക്ക് കാർമ്മികത്വം വഹിക്കും പ്രധാന ദിവസങ്ങളായ ഒക്ടോബർ 14,15 തീയ്യതികളിൽ പ്രത്യേക ആഘോഷം നടക്കും. 22 ാം തീയ്യതി തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP