ശബരിമല വിധി അനുകൂലമെങ്കിലും പ്രതികൂലമെങ്കിലും ഉടമസ്ഥാവകാശത്തിൽ നിന്ന് വിട്ടുവീഴ്ചയില്ലെന്ന് മലയരയവിഭാഗം; റിവ്യു ഹർജികളിൽ വിധി നാളെ വരാനിരിക്കെ നിലപാട് ആവർത്തിച്ച് വീണ്ടും മലയരയ ഗോത്രസഭ
November 13, 2019 | 07:40 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട : ശബരിമല വിധി അനുകൂലമെങ്കിലും പ്രതികൂലമെങ്കിലും ഉടമസ്ഥാവകാശത്തിൽ നിന്ന് വിട്ടുവീഴ്ചയില്ലെന്ന് മലയരയവിഭാഗം. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള റിവ്യു ഹർജിയിൽ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടാണെങ്കിലും പ്രതികൂലിച്ചുകൊണ്ടാണെങ്കിലും ശബരിമലയെ സംബന്ധിച്ച ഉടമസ്ഥാവകാശ ചർച്ചകൾ സജീവമായി തുടരുമെന്ന് മലഅരയവിഭാഗം നേതാവും ചരിത്രാന്വേഷകനുമായ പി.കെ സജീവ് വ്യക്തമാക്കുന്നു.
ശബരിമലയുടെ ആദ്യ പൂജാരി കരമലയരയാണെന്നും 1902 മുതലാണ് താഴമൺ മഠംകാർ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും പികെ സജീവിന്റെ വെളിപ്പെടുത്തൽ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് കേരളത്തിൽ നടന്നത്.
ക്ഷേത്രം തന്ത്രികുടുംബം ഉൾപ്പെടുന്ന ബ്രാഹ്മണർ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങൾക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലഅരയ സഭ രംഗത്ത് വരികയായിരുന്നു. ശബരിമല ക്ഷേത്രം ബ്രാഹ്മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണർ തട്ടിയെുത്തതാണെന്നുമാണ് ഇവരുടെ വാദം
