Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉത്സവങ്ങളെന്ന് പറഞ്ഞാൽ ജ്യോതിക്ക് ഹരമാണ്; എവിടെയാണെങ്കിലും ജ്യോതി ഓടി എത്തും; തിരിക്കിനിടയിൽ മാലപൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ ഒറ്റമുങ്ങൽ; പൊലീസ് പിടിയിലായ ജ്യോതിയെ രക്ഷിക്കാൻ ഉടനെത്തി അഭിഭാഷകൻ; ജ്യോതിക്ക് പിന്നിൽ വൻ കവർച്ച സംഘമെന്ന് പൊലീസ്

ഉത്സവങ്ങളെന്ന് പറഞ്ഞാൽ ജ്യോതിക്ക് ഹരമാണ്; എവിടെയാണെങ്കിലും ജ്യോതി ഓടി എത്തും; തിരിക്കിനിടയിൽ മാലപൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ ഒറ്റമുങ്ങൽ; പൊലീസ് പിടിയിലായ ജ്യോതിയെ രക്ഷിക്കാൻ ഉടനെത്തി അഭിഭാഷകൻ; ജ്യോതിക്ക് പിന്നിൽ വൻ കവർച്ച സംഘമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങളും ആചാരങ്ങളുമെല്ലാം ജ്യോതിക്ക് കാണാപ്പാഠമാണ്. ഓണക്കാലം കഴിയുന്നതോടെ കേരളത്തിൽ ക്ഷേത്ര ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് അറിയാവുന്ന ജ്യോതി കാലങ്ങളായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തി ക്ഷേത്രങ്ങൾ മറയാക്കി കവർച്ച നടത്തി വരികയായിരുന്നു. ഉത്സവങ്ങളും ചടങ്ങുകളും നടക്കുന്ന സ്ഥലങ്ങളിൽ തികഞ്ഞ ഭക്തയെപ്പോലെയെത്തുന്ന ജ്യോതി ആർക്കും സംശയത്തിനിട നൽകാത്ത വിധമാണ് പെരുമാറുക.

ആരാധനാലയങ്ങളിലെ ഉത്സവങ്ങളെന്ന് പറഞ്ഞാൽ ജ്യോതിക്ക് ഹരമാണ്. കേരളത്തിലെ പ്രത്യേകിച്ച്, തെക്കൻ കേരളത്തിലെ ഉത്സവങ്ങളെല്ലാം കാണാപ്പാഠമാണ്. അമ്പലമാകട്ടെ, മറ്റേതെങ്കിലും ആരാധനാലയമാകട്ടെ ഉത്സവം തുടങ്ങിയാൽ തമിഴ്‌നാട്ടിൽ നിന്ന് ജ്യോതി അവിടെയെത്തും. തിരിക്കിനിടയിൽ കോളൊപ്പിച്ച് മാലപൊട്ടിച്ചാകും മടക്കം. ഇത്തരം ചാകരക്കോള് തേടി തലസ്ഥാനത്തടക്കം പല ഉത്സവങ്ങളിലും ജ്യോതി എത്തിയിട്ടുണ്ട്. അങ്ങനെ മാലജ്യോതി എന്ന വിളിപ്പേരും സമ്പാദിച്ചു. എന്നാൽ, ഇക്കുറി ജ്യോതിക്ക് പിഴച്ചു. പൊലീസ് വലയിൽ ജ്യോതി കുരുങ്ങി.

നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് തലസ്ഥാനത്തെ തിരക്കേറിയ ക്ഷേത്രങ്ങളിൽ മാലപൊട്ടിക്കൽ ലക്ഷ്യമിട്ടെത്തിയപ്പോഴാണ് കോയമ്പത്തൂർ, ഗാന്ധിപുരം, പാളവാക്കം കൃഷ്ണൻകോവിൽ തെരുവിൽ ജ്യോതി (45) തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ചെന്തിട്ട ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പുനലൂർ തൊളിക്കോട് സ്വദേശി രമാദേവിയുടെ ആറുപവൻ മാല പൊട്ടിക്കുന്നതിനിടെയാണ് പൊക്കിയത്. മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയുടെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ശ്രീകോവിലിന് മുന്നിലോ സേവാപന്തലിലോ വഴിപാട് കൗണ്ടറിലോ എവിടെയാണ് ആളുകളുടെ തിക്കും തിരക്കുമെന്ന് വച്ചാൽ അവിടെ ജ്യോതി ഇടംപിടിക്കും. പ്രസാദം വാങ്ങാനോ വഴിപാട് കൈപ്പറ്റാനോ തൊഴാനോ ഭക്തർ തിക്കിത്തിരക്കുന്നതിനിടെ ജ്യോതി തന്റെ ഇരകളെ ലക്ഷ്യം വയ്ക്കും. അവർക്ക് പിന്നാലെകൂടി സംശയമില്ലാത്ത വിധത്തിൽ പെരുമാറും. തമിഴ് ചുവ തെല്ലുമില്ലാതെ ശുദ്ധമലയാളത്തിൽ സംസാരിക്കും. തക്കം കിട്ടുമ്പോൾ മാല കൈക്കലാക്കും. കൊളുത്ത് ഭാഗം വലിച്ചകറ്റിയാകും പലപ്പോഴും മാല കവരുക. പൊട്ടിച്ചാൽ വിളക്കിചേർത്താൽപോലും വിറ്റഴിക്കാനുള്ള പ്രയാസമാണ് കൊളുത്ത് ഭാഗം അകറ്റി മാല ഊരിയെടുക്കുന്ന തന്ത്രത്തിന് പിന്നിൽ.

സാരിയോടോ ബ്‌ളൗസിനോടോ ചേർത്ത് സേഫ്റ്റി പിന്നോ മറ്റോ കുത്താതെ അശ്രദ്ധമായി നടക്കുന്നവരാണ് ജ്യോതിയുടെ ടാർജറ്റ്. മാല കൈക്കലാക്കിയാൽ ഉടൻ ഒന്നുകിൽ വസ്ത്രത്തിലോ ബ്‌ളൗസിനുള്ളിലോ ഒളിപ്പിക്കും. ഇതിനിടെ മാല നഷ്ടപ്പെട്ടവർ ഒച്ചപ്പാടും ബഹളവുമായി സീൻ കോൺട്രയായെന്ന് കണ്ടാൽ രണ്ടും കൽപ്പിച്ച് ഒറ്റ വിഴുങ്ങലാണ്. പൊലീസല്ല ആരുവന്ന് പരിശോധിച്ചാലും മാല കണ്ടെടുക്കാനാകില്ല. വിഴുങ്ങിയ മാല പുറത്തുവരുന്നതുവരെ ഏതാനും ദിവസം പ്രാഥമിക കൃത്യങ്ങൾ ശ്രദ്ധയോടെയാണ് ജ്യോതി നിർവ്വഹിക്കുക. വിഴുങ്ങിയ മുതൽ തിരിച്ചുകിട്ടുന്നത് വരെ ജാഗ്രത തുടരും. പുറത്തുവന്നാൽ കഴുകി വൃത്തിയാക്കി തമിഴ്‌നാട് കേന്ദ്രീകരിച്ച് മോഷണ സ്വർണം വാങ്ങുന്നവർക്ക് കൈമാറും.

കേരളത്തിനകത്തും പുറത്തുമായി അമ്പതോളം മാല, പഴ്‌സ് മോഷണക്കേസുകളിൽ പ്രതിയായ ഇവർ വ്യാജ വിലാസം നൽകിയാണ് പിടിക്കപ്പെട്ടാൽ പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. മുമ്പ് പിടിക്കപ്പെട്ട പലകേസുകളിലും തമിഴ്‌നാട്ടിലെ വ്യാജ വിലാസങ്ങളിൽ ഇവർക്കെതിരെ സമൻസും വാറന്റും ഉണ്ടായിട്ടുണ്ടെങ്കിലും ആളെ കണ്ടെത്താനാകാതെ മടങ്ങും. ഇത്തവണയും ജ്യോതി പല വിലാസങ്ങളും മാറിയും തിരിഞ്ഞും പറഞ്ഞെങ്കിലും ജ്യോതിയുടെ ഫോട്ടോയെടുത്ത പൊലീസ് ഇവർ പറഞ്ഞത് പ്രകാരം കോയമ്പത്തൂരിലെ പൊലീസ് സ്റ്റേഷനിൽ ഫോട്ടോ സഹിതം വിവരങ്ങൾ കൈമാറി മേൽവിലാസം സ്ഥിരീകരിച്ചശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുമ്പ് പിടിക്കപ്പെട്ടിട്ടുള്ള കേസുകളിൽ വ്യാജ ജാമ്യക്കാരുടെ സഹായം തേടിയും ബോണ്ട് കെട്ടിവച്ചും മുങ്ങിയ ജ്യോതിക്ക് രക്ഷകരായി നിരവധിപേരാണ് രംഗത്തെത്തുക.

തമ്പാനൂരിൽ പൊലീസ് പിടിയിലായ ഉടൻ നഗരത്തിലെ ഒരു അഭിഭാഷകനെത്തി ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കാൻ പൊലീസിനുമേൽ സമ്മർദ്ദമായി. ചോദ്യം ചെയ്യലിനും തെളിവെടുപ്പുകൾക്കും ശേഷം റിമാന്റ് റിപ്പോർട്ടുമായി പൊലീസ് കോടതിയിലെത്തും മുമ്പേ ജാമ്യാപേക്ഷയുമായി കാത്ത് നിൽക്കുകയായിരുന്നു അഭിഭാഷകനും കൂട്ടരും.

തമിഴ്‌നാട്ടിൽ നിന്ന് പതിവായി കേരളത്തിലെത്തി മാലയും പഴ്‌സും മോഷ്ടിക്കുന്ന നിരവധി സ്ത്രീകളിൽ ഒരാൾ മാത്രമാണ് ജ്യോതിയെന്നാണ് പൊലീസിന് മനസിലാക്കാനായത്. ഇതേ സ്വഭാവത്തിൽ കവർച്ച നടത്തുന്ന മറ്റ് ചിലരെപ്പറ്റിയുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നവരാത്രിയുൾപ്പെടെ തലസ്ഥാനത്തെ പ്രധാന ചടങ്ങുകളിലെല്ലാം ഇത്തരക്കായി നിരീക്ഷണം ശക്തിപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്.ഐ സമ്പത്ത്.കെ.എൽ, എ.എസ്‌ഐ സജീഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ നിർമ്മലകുമാരി എന്നിവരടങ്ങിയ സംഘമാണ് ജ്യോതിയെ അറസ്റ്റുചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP