ഫുട്‌ബോൾ ഗ്രൗണ്ടിലെത്തുന്ന ആൺകുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; മലപ്പുറത്തെ കൗമാരക്കാരായ പ്രതികൾ അറസ്റ്റിൽ; പീഡന വിവരം പുറത്തായത് കുട്ടികൾ സ്‌കൂളിൽ സ്ഥിരമായി എത്താതായതോടെ; പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കൽപകഞ്ചേരി പൊലീസ്; പ്രതികളുടെ പേരുകൾ പുറത്തുവന്നത് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലൂടെ
March 26, 2018 | 06:27 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ക്ലാസ് കട്ട് ചെയ്ത് ഫുട്‌ബോൾ ഗ്രൗണ്ടിലെത്തുന്ന ആൺകുട്ടികളെ പതിവായി പീഡനത്തിന് ഇരയാക്കിയ കൗമാരക്കാരായ പ്രതികൾ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരിക്കടുത്താണ് സംഭവം. ഫുട്‌ബോൾ ഗ്രൗണ്ടിനു സമീപത്തെ പാടത്ത് സ്‌കൂൾ കട്ട് ചെയ്ത് ഇരിക്കാറുള്ള പന്ത്രണ്ടു വയസുകാരായ രണ്ട് കുട്ടികളാണ് പീഡനത്തിനിരയായത്.
കേസിൽ കൽപ്പകഞ്ചേരി എസ്.ഐ മഞ്ജിത് ലാൽ പി.എസ് ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കുറുക, മമ്മാലിപ്പടി സ്വദേശി കോതളത്തിൽ സിറാജുദ്ദീൻ ആണ് അറസ്റ്റിലായത്. 19 വയസ്സാണ് സിറാജുദ്ദീന്റെ പ്രായം. ഇതിനു പുറമെ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയേയുമാണ് അറസ്റ്റ് ചെയ്തത്.
ഗ്രൗണ്ടിനു സമീപത്തെ മോട്ടോർ ഷെഡിൽ കൊണ്ടുപോയാണ് സ്‌കൂൾ വിദ്യാർത്ഥികളെ ഇരുവരും പ്രകൃതി വിരുദ്ധ പീഡനം നടത്തിയിരുന്നത്. പീഡിപ്പിക്കപ്പെട്ട കുട്ടികൾ സ്‌കൂളിൽ സ്ഥിരമായി എത്താതായപ്പോൾ അദ്ധ്യാപകർ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തായത്.
കഴിഞ്ഞ മാസം 16നാണ് പീഡന വിവരം പുറത്ത് അറിയുന്നത്. പ്രതികൾ വൈകിട്ട് സ്ഥിരമായി ഫുട്‌ബോൾ കളി കളിക്കാൻ വരുന്ന സ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. പിന്നീട് ചൈൽഡ് ലൈനിലും പൊലീസിലും വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ചൈൽഡ് ലൈൻ കുട്ടികളെ കൗൺസിലിങ് നടത്തിയതോടെ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചു.
എന്നാൽ പ്രതി സിറാജുദ്ദീൻ സംഭവ ശേഷം ചെന്നൈയിലേക്ക് മുങ്ങിയിരുന്നു. തുടർന്ന് ചെന്നൈയിൽ നിന്ന് പ്രതിയെ നാട്ടിലെത്തിച്ച് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐ.യെ കൂടാതെ അഡീ. എസ്.ഐ. ബാബു രാജ്, എഎസ്ഐ. മണികണ്ഠൻ സി.പി.ഒ മാരായ ഹരീഷ്, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവൈനൈൽ കോടതിയിലും സിറാജുദ്ദീനെ മജിസ്‌ട്രേറ്റ് കോടതിയിലും ഇന്ന് ഹാജരാക്കുമെന്ന് എസ്.ഐ മഞ്ജിത് ലാൽ മറുനാടൻ മലയാളിയോടു പറഞ്ഞു.
