Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് ശേഷം നടന്നുപോയ യുവാവ് വഴിതടഞ്ഞ എസ്‌ഐയെ തോളിൽ കൈയിട്ട് കെട്ടിപ്പിടിച്ചു; നടുറോഡിൽ മർദ്ദിച്ച് കൊതി തീരാതെ സ്‌റ്റേഷനിൽ കൊണ്ടുപോയും ആക്രമണം: ജാമ്യത്തിൽ ഇറങ്ങിയ യുവാവ് തൂങ്ങി മരിച്ചത് ഇങ്ങനെ

മദ്യപിച്ച് ശേഷം നടന്നുപോയ യുവാവ് വഴിതടഞ്ഞ എസ്‌ഐയെ തോളിൽ കൈയിട്ട് കെട്ടിപ്പിടിച്ചു; നടുറോഡിൽ മർദ്ദിച്ച് കൊതി തീരാതെ സ്‌റ്റേഷനിൽ കൊണ്ടുപോയും ആക്രമണം: ജാമ്യത്തിൽ ഇറങ്ങിയ യുവാവ് തൂങ്ങി മരിച്ചത് ഇങ്ങനെ

മരട്: നിയമം അനുസരിക്കുന്നതിൽ മോശമായ മലയാളികളെ പോലെ തന്നെയാണ് കർത്തവ്യം നിർവഹിക്കുന്ന കാര്യത്തിൽ നമ്മുടെ പൊലീസിന്റെയും സമീപനം. ഡിജിപി ടി പി സെൻകുമാർ ഇടപെട്ട് ജനങ്ങളോട് മാന്യമായി പെരുമാറാൻ നിർദ്ദേശം നൽകിയെങ്കിലും പൊലീസ് പലപ്പോഴും ക്രൂരമായാണ് പെരുമാറുന്നത്. ഇതിന്റെ ഒരു തെളിവു കൂടിയാണ് ഇന്നലെ കൊച്ചിയിലെ മരടിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം. മദ്യലഹരിയിലായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചതിനെ തുടർന്ന് കാഴ്‌ച്ച വൈകല്യമുള്ള യുവാവ് തുങ്ങി മരിക്കുകയായിരുന്നു.

കുണ്ടന്നൂർ എൻ.എക്‌സ്. ജോസഫ് റോഡ് ആലപ്പാട്ട് ലെയ്‌നിൽ കണക്കത്തറ സുഭാഷിനെ (37) യാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിൽ എടുത്ത മരട് പൊലീസ് മർദിച്ചതാണ് മരണകാരണമെന്ന സഹോദരന്റെ പരാതി പ്രകാരം കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചതാണ് കാരണമെന്നാണ് സഹോദരന്റെ പരാതി.

കുണ്ടന്നൂർ ഇ.കെ. നായനാർ ഹാളിനരികിൽ നിന്നു സുഭാഷിനെ ശനിയാഴ്ച വൈകിട്ട് ഏഴോടെ മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാർക്കപ്പണിക്കാരനായ സുഭാഷ് മദ്യപിച്ച ശേഷം കൂട്ടുകാർക്കൊപ്പം മടങ്ങാൻ ഒരുങ്ങുകയായിരുന്നു. ഇരുട്ടിൽ കാഴ്ചയ്ക്കു തകരാറുള്ളതിനാൽ അൽപം പിന്നിലായിരുന്നു. ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന മരട് എസ്‌ഐ എവിടെ പോയതാണെന്നു ചോദിച്ചപ്പോൾ മദ്യലഹരിയിൽ സുഹൃത്താണെന്നു കരുതി സുഭാഷ് എസ്‌ഐയുടെ തോളത്ത് കയ്യിട്ടു. പിന്നെ കെട്ടിപ്പിടിച്ചു.

ആളറിയാതെ സംഭവിച്ചതാണെങ്കിലും പൊലീസ് എസ്‌ഐയുടെ തോളിൽ കയ്യിട്ടെന്ന കാരണത്താൽ മർദ്ദിക്കുകയായിരുന്നു എന്നാണ് സുഭാഷിന്റെ സുഹൃത്തുക്കൾ പറയുന്നത്. അവിടെ നിന്നും മർദ്ദിച്ച ശേഷം കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയും മർദ്ദിച്ചു. ജാമ്യത്തിലെടുക്കാൻ എത്തിയപ്പോൾ സുഭാഷിന്റെ മുഖത്ത് രക്തം കട്ടപിടിച്ച പാട് കണ്ടതായും സുഹൃത്തുക്കൾ പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും ചെയ്തു.

രാവിലെ താൻ എഴുന്നേൽക്കുമ്പോൾ സുഭാഷ് ഉറങ്ങിക്കിടക്കുകയായിരുന്നെന്നു ഭാര്യ ചിത്ര പറഞ്ഞു. പിന്നീട് ക്ഷേത്രത്തിൽ പോയി എട്ടരയോടെ തിരിച്ചെത്തിയപ്പോൾ വീടിനുള്ളിലെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. പൊലീസ് മർദിച്ചതായി സുഭാഷ് തലേന്ന് ഉറങ്ങുന്നതിനു മുൻപ് പറഞ്ഞതായും ഭാര്യ പറഞ്ഞു. ഈ സംഭവത്തിലുണ്ടായ മനോവിഷമത്തെ തുടർന്നാണ് സുഭാഷ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.

യുവാവ് മരിച്ച വിവരം പുറത്തുവന്നതോടെ ക്ഷുഭിതരായ നാട്ടുകാർ മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കാൻ മരട് പൊലീസിനെ അനുവദിച്ചില്ല. ആർഡിഒയുടെ സാന്നിധ്യത്തിൽ വേണം നടപടി എന്നു നിർബന്ധം പിടിച്ചു. തുടർന്ന് കണയന്നൂർ ഡപ്യൂട്ടി തഹസിൽദാർ എൻ.കെ. കൃപയുടെ നേതൃത്വത്തിലാണ് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയത്.

തൃക്കാക്കര എസി ബിജോ അലക്‌സാണ്ടർ, ഡിസിപി മുഹമ്മദ് റഫീഖ് തുടങ്ങിയവരും സ്ഥലത്തെത്തി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം, ഇ.കെ. നായനാർ ഹാൾ പരിസരത്ത് മദ്യപിച്ചതിന് കസ്റ്റഡിയിൽ എടുത്ത ആളെ വൈദ്യ പരിശോധനയ്ക്കു ശേഷം വിട്ടയയ്ക്കുക മാത്രമാണ് ഉണ്ടായതെന്നും സുഭാഷിനെ മർദിച്ചിട്ടില്ലെന്നും മരട് എസ്‌ഐ പി.ആർ. സന്തോഷ് പറഞ്ഞു.

സംഭവത്തിൽ തുടർന്നു പ്രതിഷേധം രേഖപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം എത്തിക്കുന്ന സുഭാഷിന്റെ മൃതദേഹവുമായി മരട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ ആക്ഷൻ കൗൺസിൽ തീരുമാനം. ഇന്നലെ വൈകിട്ട് കുണ്ടന്നൂർ സ്പാർടക്‌സ് ക്ലബ്ബിൽ ചേർന്ന യോഗത്തിലാണ് കൗൺസിൽ രൂപീകരിച്ചത്. മരട് നഗരസഭാംഗം രാജി തമ്പി അധ്യക്ഷത വഹിച്ചു.

യോഗത്തിനു ശേഷം സുഭാഷിന്റെ വീടിന്റെ സമീപത്തു നിന്നു രാത്രി പ്രതിഷേധ പ്രകടനം നടത്തി. മരട് എസ്‌ഐ പി.ആർ. സന്തോഷിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. പൊലീസിന് എതിരെ മരടിൽ വ്യാപകമായി പോസ്റ്ററുകളും ഫ്‌ലക്‌സുകളും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP