Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കേരളത്തിലെ കോടതി; ഒരുമിച്ച് ജീവിക്കാൻ ഭാര്യയെ അനുവദിച്ച് മുംബൈ കോടതിയും; സുപ്രീം കോടതി പിടിച്ച ഒരു മലയാളി പുലിവാലിന്റെ കഥ

ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കേരളത്തിലെ കോടതി; ഒരുമിച്ച് ജീവിക്കാൻ ഭാര്യയെ അനുവദിച്ച് മുംബൈ കോടതിയും; സുപ്രീം കോടതി പിടിച്ച ഒരു മലയാളി പുലിവാലിന്റെ കഥ

മുംബൈ: നിയമത്തിന്റെ നൂലിഴകൾ വിശദമായി കീറിമുറിച്ചും ന്യായാന്യായങ്ങളെ നീതിയുടെ തുലാസിലിട്ട് പലവട്ടം തൂക്കി നോക്കിയിട്ടുമാണ് എല്ലാ കോടതികളും വിധിയെഴുതുന്നത്. എന്നാൽ ഇത്തരം കോടതികൾ ഒരേ കേസിൽ തീർത്തും വ്യത്യസ്തമായ വിധിയെഴുതിയാൽ അവസാന തീർപ്പിന് ചുമതലപ്പെട്ട മേൽക്കോടതി വട്ടം ചുറ്റിപ്പോകുമെന്നുറപ്പാണ്. മലയാളിദമ്പതിളുടെ ഒരു കേസിൽ ഇപ്പോൾ സുപ്രീം കോടതി ആ അവസ്ഥയിലെത്തിയിരിക്കുകയാണ്. ഭാര്യയെ ഡിവോഴ്‌സ് ചെയ്യാനുള്ള വിധി കേരള കുടുംബക്കോടതിയിൽ നിന്ന് നേടി വന്ന ഭർത്താവിന്റെയും ഭർത്താവിനൊടൊപ്പം ഒരുമിച്ച് ജീവിക്കാൻ മുംബൈയിലെ ബാന്ദ്ര കോടതിയിൽ നിന്ന് വിധി നേടി വന്ന ഭാര്യയുടെയും ഇടയിൽക്കിടന്നാണ് സുപ്രീം കോടതി ഇപ്പോൾ വെള്ളം കുടിക്കുന്നത്. ഈ കേസിൽ പരമോന്നത നീതിപീഠം ഒരു മലയാളി പുലിവാൽ പിടിച്ചുവെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല.

2009 ഡിസംബർ രണ്ടിന് ബാന്ദ്രയിലെ കോടതി തനിക്കനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ജസ്റ്റിസുമാരായ രഞ്ജന പി ദേശായിയും എൻ.വി. രമണയുമടങ്ങുന്ന ബെഞ്ചിന് മുന്നിൽ ഈ സ്ത്രീ ബോധിപ്പിച്ചിരിക്കുന്നത്. എന്നാൽ 2013 ജനുവരി 16 ന് ഭർ്ത്താവ് കേരളത്തിലെ കോടതിയിൽ നിന്ന് വിവാഹമോചനത്തിന് അനുകൂലമായ വിധിയും നേടുകയായിരുന്നു. എന്നാൽ തന്റെ വാദം കേൾക്കാതെയാണ് കേരളത്തിലെ കോടതി വിവാഹമോചനത്തിനുള്ള വിധിയെഴുതിയിരിക്കുന്നതെന്നും ഇത് നീതിക്ക് നിരക്കുന്നതല്ലെന്നുമാണ് ഭാര്യ പറയുന്നത്. എന്നാൽ നഷ്ടപരിഹാരത്തിനായി ഭാര്യ ബാന്ദ്രയിലെ കുടുംബകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഭർത്താവ് വിവാഹമോചനത്തിനുള്ള പെറ്റീഷൻ സമർപ്പിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അതിനാൽ വിവാഹമോചനത്തിനുള്ള വിധിക്കാണ് മൂല്യമെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇരിങ്ങാലക്കുടയിലെ കുടുംബക്കോടതിയാണ് ഭർത്താവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നത്.

ഇത്തരത്തിൽ വൈരുധ്യം നിറഞ്ഞ കോടതിവിധികളുടെ മുമ്പിൽ വിഷമിച്ച സുപ്രീംകോടതി ബെഞ്ച് മുതിർന്ന അഭിഭാഷകൻ വി.ഗിരിയെ അമിക്കസായി നിയമിച്ച് ഈ പ്രശ്‌നത്തിൽ അഭിപ്രായം തേടിയിരിക്കുന്നു. എന്നാൽ അപ്പീൽ കേൾക്കാൻ അധികാരമുള്ള കോടതികൾക്ക് രണ്ടു വിധികളും വെല്ലുവിളിയുയർത്തില്ലെന്നാണ് തിങ്കളാഴ്ച അദ്ദേഹം ബെഞ്ചിനോട് പറഞ്ഞിരിക്കുന്നത്.

ഭർത്താവിൽ നിന്നും തനിക്കുള്ള ജീവനാംശം ലഭിക്കാനായി 2012ൽ ഭാര്യയാണാദ്യം സുപ്രീംകോടതിയെ സമീപിച്ചത്. 2013 മാർച്ച് എട്ടിലെ അപെക്‌സ്‌ക് കോർട്ട് വിധിപ്രകാരം ഭർത്താവ് മാസം തോറും ഭാര്യക്കും കുഞ്ഞിനുമായി 40,000 രൂപ നൽകുന്നുണ്ടെന്നും അത് ഇതേ വരെ തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഭാര്യ പറയുന്നതെന്നും അമിക്കസ് ചൂണ്ടിക്കാട്ടുന്നു.

അപെക്‌സ് കോടതിയുടെ നടപടിപ്രകാരം ഭാര്യക്ക് വിവാഹമോചനത്തിനുള്ള വിധിയെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നാണ് ഗിരി പറയുന്നത്. എന്നാൽ കേരളത്തിലേക്ക് പോകാൻ താൻ തയ്യാറല്ലെന്നും വിവാഹമോചന വിധി പുറപ്പെടുവിച്ച കേരള കോടതിയുടെ വിധി തനിക്ക് എതിരാണെന്നും നീതിക്ക് നിരക്കാത്തതാണെന്നുമാണ് സ്ത്രീ വാദിക്കുന്നത്. കേസിൽ ഉൾപ്പെട്ട രണ്ടു പാർട്ടികളുടെയും താൽപര്യങ്ങൾ ഒരു പരിധി വരെ സംരക്ഷിച്ച് കൊണ്ട് കേസിന് തീർപ്പുണ്ടാക്കാൻ ഉതകുന്ന ഒരു നോട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ബെഞ്ച് ഗിരിയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാഹത്തിൽ ഒരു കുഞ്ഞു പിറന്ന സ്ത്രീയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മുൻതൂക്കം നൽകണമെന്നാണ് ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഗിരിയുടെ നിർദ്ദേശങ്ങൾ ബെഞ്ചിന് സമർപ്പിച്ചതിന് ശേഷം ഈ കേസിൽ അപെക്‌സ് കോടതി ബുധനാഴ്ച വീണ്ടും വാദം കേൾക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP