Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് മാർ ജോർജ് ആലഞ്ചേരി; സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആഹ്വാനം; ഇപ്പോഴുണ്ടായത് അതീവ ഗുരുതരമായ സംഭവമെന്നും കർദിനാൾ

കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് മാർ ജോർജ് ആലഞ്ചേരി; സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആഹ്വാനം; ഇപ്പോഴുണ്ടായത് അതീവ ഗുരുതരമായ സംഭവമെന്നും കർദിനാൾ

കൊച്ചി: കൊട്ടിയൂരിൽ വൈദികൻ റോബിന്റെ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവം ഗുരുതരമാണെന്നും കുറ്റവാളികളെ സഭ സംരക്ഷിക്കുകയില്ലെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വൈദികൻ ചെയ്ത തെറ്റ് ഗൗരവമുള്ളതായി കാണുന്നു. സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ വിദ്യാർത്ഥിനിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം രംഗത്തുവന്നിരുന്നു. വൈദികനെ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് ഫെബ്രുവരി 28ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനാൽ തന്നെ ബിഷപ്പ് പൊരുന്നേടത്തിനും ഇക്കാര്യം അറിയാമായിരുന്നെന്നും എന്നിട്ടും ഇക്കാര്യം മറച്ചുവച്ചുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട.

പെൺകുട്ടി പ്രസവിച്ച ഏഴാം തീയതി തന്നെ സംഭവം ഫാ. റോബിൻ മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ അറിയിച്ചിരുന്നു. തന്നെ വൈദികവൃത്തിയിൽനിന്ന് പുറത്താക്കാമെന്നും ബിഷപ്പിനോട് റോബിൻ അറിയിച്ചു. എന്നാൽ സംഭവം ഒതുക്കി തീർക്കാനാണ് പിന്നീട് ശ്രമം നടന്നത്. ഇതിൽ ബിഷപ്പിനും പങ്കുണ്ടെന്നാണ് സൂചന. എന്നാൽ ഇതേ കുറിച്ച് അന്വേഷിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പൊലീസിനും അറിയാം. അതുകൊണ്ട് തന്നെ എങ്ങനെ അന്വേഷണം നടത്തുമെന്ന ആശങ്കയിലാണ് പൊലീസ്.

ഇപ്പോൾ കണ്ണൂർ ജയിലിലാണ് ഫാ. റോബിൻ ഉള്ളത്. തന്നെ വന്നു കണ്ടവരോടും കുറ്റസമ്മതം റോബിൻ നടത്തുന്നുണ്ട്. ഈ വിഷയത്തിൽ തെറ്റു പറ്റിയെന്നും അത് ബിഷപ്പിനോട് ഏറ്റു പറഞ്ഞുവെന്നും ജയിലിൽ കണ്ട ബന്ധുക്കളോട് അടക്കം റോബിൻ വിശദീകരിച്ചിട്ടുണ്ട്. വയനാട്ടിലെ നടവയലിലാണ് റോബിന്റെ വീട്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബവും റോബിനെ കൈവിട്ടതായി സൂചനയുണ്ട്.

അതിനിടെ ഈ കേസിൽ നിന്ന് റോബിൻ ഊരിവരുമെന്ന പ്രതീക്ഷയാണ് മാനന്തവാടി രൂപതയിലെ പല പ്രമുഖരും മറുനാടനോട് പങ്കുവച്ചത്. അതിനുള്ള സ്വാധീനവും പണക്കരുത്തും റോബിനുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രൂപതയും സഭാ നേതൃത്വവും മാനക്കേട് ഒഴിവാക്കാൻ റോബിനെ രക്ഷിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. റോബിന്റെ മൊഴിയിലൂടെ വിവാദത്തിൽ ഉൾപ്പെടാൻ ബിഷപ്പ് അടക്കമുള്ള ആരും ആഗ്രഹിക്കുന്നില്ലെന്നാണ് ഇവർ മറുനാടനോട് പ്രതികരിച്ചത്.

പെൺകുട്ടി പ്രസവിച്ച കാര്യം രൂപതയിലെ ചില വൈദികർക്കും അറിയാമായിരുന്നു. പെൺകുട്ടിയുടെ തലശ്ശേരി രൂപതയ്ക്ക് കീഴിലെ ക്രിസ്തുരാജാ ആശുപത്രയിൽ പ്രവേശിപ്പിച്ചതും തുടർന്ന് മാനന്തവാടിയിലെ മഠത്തിലേക്ക് മാറ്റിയതിലുമെല്ലാം രൂപതയിലുള്ളവർക്കും പങ്കുണ്ടെന്നതിന്റെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം നീങ്ങുന്നതിനടെയാണ് പീഡനക്കേസിൽ ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും മാപ്പുപറഞ്ഞ് മാനന്തവാടി രൂപത രംഗത്ത് വന്നത്.

ഇരയാക്കപ്പെട്ടവരുടെ കണ്ണീരിൽ പങ്കുചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം മാപ്പ് അപേക്ഷയിൽ പറയുന്നു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നും കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിൽ മാനന്തവാടി ബിഷപ്പ് പറഞ്ഞു. കൊട്ടിയൂരിൽ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുള്ള കത്തിലാണ് ബിഷപ്പ് മാപ്പു ചോദിച്ചത്. ഇതിന് പിന്നിലും വ്യക്തമായ ലക്ഷ്യമുണ്ട്. ഇരയേയും കുടുംബത്തേയും രൂപതയ്‌ക്കൊപ്പം നിർത്താനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP