Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന്റെ പ്രയത്‌നം വെറുതേയായില്ല; പാലക്കാടും വയനാടും മലപ്പുറവും മാവോയിസ്റ്റ് ജില്ലകളായി പരിഗണിച്ചു കേന്ദ്രം; 120 കോടിയുടെ പ്രാഥമിക സഹായം പ്രഖ്യാപിച്ചു; രണ്ടു വെടിവെപ്പ് കൂടി നടത്തിയാൽ ഇനിയും പോരും കോടികൾ

കേരളത്തിന്റെ പ്രയത്‌നം വെറുതേയായില്ല; പാലക്കാടും വയനാടും മലപ്പുറവും മാവോയിസ്റ്റ് ജില്ലകളായി പരിഗണിച്ചു കേന്ദ്രം; 120 കോടിയുടെ പ്രാഥമിക സഹായം പ്രഖ്യാപിച്ചു; രണ്ടു വെടിവെപ്പ് കൂടി നടത്തിയാൽ ഇനിയും പോരും കോടികൾ

തിരുവനന്തപുരം: മാദ്ധ്യമങ്ങൾ മെനഞ്ഞെടുത്ത് മാവോയിസ്റ്റ് കഥകളും വയനാട്ടിലെ വെടിവെയ്‌പ്പും പാലക്കാട്ട് റസ്റ്റോറന്റുകൾക്ക് നേരെ നടന്ന ആക്രമണവും ഒന്നും ഒടുവിൽ വെറുതേയായില്ല. മാദ്ധ്യമങ്ങളുടെ അപസർപ്പക കഥകൾ മെനഞ്ഞതിന്റെയും ആഭ്യന്തര മന്ത്രിയുടെ സസ്‌പെൻസ് നിറഞ്ഞ പ്രസ്താവനകൾക്കും ഒടുവിൽ ഫലം ലഭിച്ചു. കാലിയായിരിക്കുന്ന സർക്കാർ ഖജനാവിന് മാവോയിസ്റ്റുകളുടെ പേരിൽ എത്തിയത് 120 കോടി രൂപയാണ്. കേന്ദ്ര സർക്കാറാണ് സംസ്ഥാനത്തിന് മാവോയിസ്റ്റുകളെ നേരിടാൻ കോടികൾ സംസ്ഥാന സർക്കാറിനായി നൽകാൻ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാർ അങ്ങനെ മാവോയിസ്റ്റുകളുടെ പേരിൽ കോടികൾ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്നതാണ് മാവോയിസ്റ്റ് കഥകളുടെ ബാക്കിപത്രം.

തുടർച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വാർത്തകൾ പുറത്തുവന്നത് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നായിരുന്നു. വയനാട്ടിൽ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ കേരളത്തിൽ മാവോയിസ്റ്റ് ആക്രമണമുണ്ടായതായി വിവിധ മാദ്ധ്യമങ്ങളിൽ വാർത്തവന്നു. സംഭവം ഗൗരവത്തോടെ കേന്ദ്ര സർക്കാർ എടുത്തതോടെയാണ് കേരളത്തിന് കോളടിച്ചത്. തുടർച്ചയായി മാവോയിസ്റ്റ് ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ മാവോയിസ്റ്റുകളുടെ തീവ്രസാന്നിദ്ധ്യമുള്ള പട്ടികയിൽപ്പെടുത്തി സുരക്ഷയ്ക്കും വികസന പ്രവർത്തനങ്ങൾക്കും പ്രത്യേക ധനസഹായം അനുവദിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. വയനാടും പാലക്കാടും പൊതുവേ പിന്നോക്ക ജില്ലകളായാണ് അറിയപ്പെടുന്നത്.

ഈ ജില്ലകൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുമുള്ള പദ്ധതി കേന്ദ്രആഭ്യന്തരമന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. പൊലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ ശക്തിപ്പെടുത്താനും കൂടുതൽ സ്‌റ്റേഷനുകൾ നിർമ്മിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനുമടക്കം കേന്ദ്രസഹായം ലഭിക്കും. ആവശ്യമെങ്കിൽ കേന്ദ്രസായുധസേനയെ വിന്യസിക്കാനും സാധിക്കും. എന്നാൽ മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്ര സേനവേണ്ടെന്ന നിലപാടാകും സംസ്ഥാന സർക്കാർ കൈക്കൊള്ളുക. മാവോയിസ്റ്റുകളുടെ പേരിൽ ലഭിക്കുന്ന പണം കൊണ്ട് പൊലീസിനെ ആധുനിക വൽക്കരിക്കാനുള്ള നടപടികൾ കൈക്കൊള്ളാനും സർക്കാർ ഉദ്ദേശിക്കുന്നു.

കേരളത്തിൽ മാവോയിസ്റ്റ് ആക്രമണമുണ്ടായി എന്ന വാർത്തകൾ വന്ന ഉടനെ മാവോയിസ്റ്റ് വേട്ടയ്ക്ക് സംസ്ഥാന സർക്കാർ കേന്ദ്രധനസഹായം തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ മുതിർന്ന സുരക്ഷാഉപദേഷ്ടാവും മുൻ സിആർപിഎഫ് മേധാവിയുമായ കെ.വിജയകുമാറാണ് കേരളത്തിന് പദ്ധതി തയ്യാറാക്കിയത്. തമിഴ്‌നാട്, കേരള, കർണാടക സംസ്ഥാനങ്ങളുടെ വനമേഖലകളിൽ പത്തു ജില്ലകളെയാണ് പട്ടികയിൽപ്പെടുത്തുന്നത്. കർണാടകത്തിലെ എട്ടുജില്ലകൾ നേരത്തേ മാവോയിസ്റ്റ് ബാധിതമായി കണക്കാക്കി 160കോടി രൂപയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. ഇതേരീതിയിൽ കേരളത്തിലെ ഓരോജില്ലകൾക്കും ചുരുങ്ങിയത് 40 കോടിരൂപയുടെ കേന്ദ്രസഹായം ലഭിക്കുമെന്നാണ് വിവരം.

സംസ്ഥാന പൊലീസിന്റെ കമാൻഡോസേനയുടെ പരിശീലനത്തിനും ഇൻഷുറൻസിനും പ്രവർത്തനച്ചെലവിനുമായി കൂടുതൽ പണം കേന്ദ്രം അനുവദിക്കും. ആദിവാസിമേഖലകളിലേക്ക് റോഡുകൾ പണിയാനും നിലവിലുള്ളവ നവീകരിക്കാനും സുപ്രധാനസ്ഥലങ്ങളിൽ ഹെലിപ്പാഡുകൾ പണിയാനുമടക്കം കേന്ദ്രസഹായം ലഭിക്കും.

പൊലീസ് സ്‌റ്റേഷനുകളുടെ സുരക്ഷവർദ്ധിപ്പിക്കാനും പുതിയവ പണിയാനും 2 കോടിവീതം അനുവദിക്കും. ഇതിൽ 20ശതമാനം സംസ്ഥാനവിഹിതമാണ്. മൂന്ന് ജില്ലകളിലും ആവശ്യമെങ്കിൽ കേന്ദ്രസായുധസേനയെ വിന്യസിക്കും. സുരക്ഷയ്ക്കായി സംസ്ഥാനം ചെലവിടുന്ന പണം കേന്ദ്രം മടക്കിനൽകും. മാവോയിസ്റ്റുകളുടെ ഏറ്റവും സുരക്ഷിതമായ ഒളിത്താവളമാണ് കേരളം കർണാടകം തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അതിർത്തിവനമേഖലകളെന്നാണ് കേന്ദ്രംവിലയിരുത്തുന്നത്. മാവോയിസ്റ്റുകളുടെ താവളം പൊളിക്കുകയെന്നതാണ് സംയുക്ത ദൗത്യങ്ങളുടെ ലക്ഷ്യമിടുന്നത്.

നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന വേളയിൽ മാവോയിസ്റ്റുകളുടെ തിരച്ചിലിനും മറ്റുമായി തണ്ടർബോൾട്ട് സേന കാടുകയറിയപ്പോഴും സംസ്ഥാനത്തിന് കേന്ദ്രസഹായം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് മാവോയിസ്റ്റുകളെ കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ മാദ്ധ്യമങ്ങളിൽ വന്നതും. അതിനിടെ മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരള, കർണാടക, തമിഴ്‌നാട് പൊലീസ് സംയുക്ത നീക്കം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇന്നലെ മൈസൂരിൽ ചേർന്ന ഈ മൂന്നു സംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കേരളത്തിലെ 'തണ്ടർബോൾട്ടി'നു പുറമേ കർണാടക പൊലീസിലെ 'ആന്റി നക്‌സൽ വിഭാഗം', തമിഴ്‌നാട്ടിലെ 'ക്യൂ ബ്രാഞ്ച് ' എന്നിവയെ ഇതിനായി സജ്ജമാക്കും. സേനയ്ക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കുന്നതിനൊപ്പം ആയുധങ്ങളും ലഭ്യമാക്കും. അതിർത്തിമേഖലകളിൽ കൂട്ടായ തെരച്ചിൽ നടത്താനാണ് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP