Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കോഴിക്കോട്ടും മാവോയിസ്റ്റ് ലഘുലേഖകൾ; കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകത്തിലും സായുധവിപ്ലവത്തിന് ആഹ്വാനം; നോട്ടീസുകൾ ചെറുവണ്ണൂരിലെ റോഡിൽ വിതറിയ നിലയിൽ

കോഴിക്കോട്ടും മാവോയിസ്റ്റ് ലഘുലേഖകൾ; കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകത്തിലും സായുധവിപ്ലവത്തിന് ആഹ്വാനം; നോട്ടീസുകൾ ചെറുവണ്ണൂരിലെ റോഡിൽ വിതറിയ നിലയിൽ

കോഴിക്കോട്: കോഴിക്കോട്ട് വഴിയരികിൽ വിതറിയ നിലയിൽ മാവോയിസ്റ്റ് ലഘുലേഖകൾ കണ്ടെത്തി. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകത്തിലും സായുധവിപ്ലവത്തിനുള്ള ആഹ്വാനമാണ് ഇവയിൽ പറഞ്ഞിരിക്കുന്നത്.

കോഴിക്കോട് ചെറുവണ്ണൂർ ചാനിയങ്കടവിലെ റോഡിലാണ് നോട്ടീസുകൾ കണ്ടത്. രണ്ട തരത്തിൽ പെട്ട നൂറുകണക്കിന് ലഘുലേഖകളാണ് കിലോമീറ്ററുകളോളം വിതറിയ നിലയിൽ പൊലീസിന് ലഭിച്ചത്. നോട്ടീസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം സജീവമാക്കിയിട്ടുണ്ട്. മലബാറിൽ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണെന്ന സൂചനകൾക്കിടെയാണ് നോട്ടീസ് കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയിൽ മാവോയിസ്റ്റുകളുടെ പേരിൽ വ്യാപകമായി പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ ആഭ്യന്തര സുരക്ഷ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. വടകര, മേപ്പയൂർ, പയ്യോളി പൊലിസ് സ്റ്റേഷൻ പരിധികളിലാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ചാനിയം കടവ്, ഇരിങ്ങൽ, തിരുവള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ലഘുലേഖകളും പോസ്റ്ററുകളും ഇന്ന് രാവിലെ കണ്ടത്. സായുധ കാർഷിക പ്രസ്ഥാനത്തിനൊപ്പം അണി ചേരുക, കാർഷിക വിപ്ലവത്തിന് അണിചേരുക തുടങ്ങിയവയാണ് ലഘുലേഖകളിലുള്ളത്.

വിപ്ലവ രാഷ്ട്രീയം ആഴത്തിലും പരപ്പിലുമാക്കാൻ വർഗ്ഗ സമരം തീവ്രമാക്കാനും ലഘുലേഖയിൽ ആഹ്വാനമുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊലീസും രഹസ്യാന്വേഷണ വിഭാഗവും പോസ്റ്ററുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ആദിവാസി മേഖലകളിൽ ഇത്തരം ലഘുലേഖകൾ സജീവമാണ്. സായുധ വേഷത്തിലെത്തി വയനാട് ആദിവാസി മേഖലയിൽ ഇത്തരം ലഘുലേഘ കഴിഞ്ഞ ദിവസവും മാവോയിസ്റ്റുകൾ വിതരണം ചെയ്തിരുന്നു.

വയനാട് മേലേ തലപ്പുഴ പുതിയിടം ആദിവാസി കോളനിയിൽ ചൊവ്വാഴ്ച രാത്രിയിൽ എത്തിയ ഏഴംഗ സായുധ സംഘമാണ് മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തു. കോളനിവാസികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സായുധ സംഘത്തിൽ ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷും കർണാടക സ്വദേശിനി സുന്ദരിയും ഉണ്ടായിരുന്നതായാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.

ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് കോഴിക്കോട് നഗരത്തിൽ ലഘുലേഖ പ്രത്യക്ഷപ്പെട്ടത്. ആദിവാസികളോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരേ സായുധ സമരത്തിലേർപ്പെടണമെന്നാണ് ലഘുലേഖ വിശദീകരിക്കുന്നത്. വയനാട് വനമേഖലയിൽ തന്നെ രൂപേഷ് ഉണ്ടെന്ന നിഗമനവും സജീവമാണ്. നേരത്തെ സായുധ വിപ്ലവത്തിന് രൂപേഷ് ആഹ്വാനം ചെയ്യുന്ന വിഡിയോ മലയാള ചാനലുകളിൽ എത്തിയിരുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബിലെ മാദ്ധ്യമ ബോക്‌സിൽ ആരാണ് ഈ വിഡിയോ സിഡി എത്തിച്ചതെന്ന അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.

പാലക്കാട് അട്ടപ്പാടിയിലും മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററും ലഘുലേഖകളും പ്രചരിക്കുന്നുണ്ട്. മുക്കാലിയിലെ വനം വകുപ്പ് ഓഫീസ്, ചെക്ക്‌പോസ്റ്റ് എന്നിവയുടെ പരിസരത്താണ് പോസ്റ്ററുകളും ബാനറുകളും ബോർഡുകളും ഈ മാസമാണ് പ്രത്യക്ഷപ്പെട്ടത്. കേരള, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി ഭൂമി തിരിച്ചുപിടിക്കാനും ആദിവാസി ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നവരെ നേരിടാനും പോരാട്ടം ആരംഭിക്കാനാണ് പോസ്റ്ററുകളിൽ ആഹ്വാന ചെയ്തിരുന്നത്. സമാന രീതിയിൽ അഗളി ഭാഗങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ വിവിധ ഏജൻസികളുടെ സഹായത്താൽ മാവോയിസ്റ്റ് വേട്ട ശക്തിപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. തണ്ടർ ബോൾട്ടിന്റെ നേതൃത്വത്തിലായിരിക്കും ഇത്. കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ വനമേഖലയിൽ മാവോയിസ്റ്റുകൾക്കെതിരെ നടത്തിയ നീക്കമൊന്നും ഫലം കണ്ടിട്ടില്ലെന്ന വിലയിരുത്തലും പൊലീസിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP