Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇതുവരെ ആരും ശ്രദ്ധിക്കാതിരുന്ന മാവോയിസ്റ്റ് കഥകൾ ഇനി മാദ്ധ്യമങ്ങൾ ആഘോഷിക്കും; രൂപേഷിന്റെ ഭാര്യ ഷൈനയെ പ്രതിനായികയാക്കി കഥകൾ ഇറങ്ങി; ജനകീയ സമരങ്ങൾ എല്ലാം ഇനി മാവോയിസ്റ്റ് നിഴലിൽ അടിച്ചമർത്തപ്പെടും

ഇതുവരെ ആരും ശ്രദ്ധിക്കാതിരുന്ന മാവോയിസ്റ്റ് കഥകൾ ഇനി മാദ്ധ്യമങ്ങൾ ആഘോഷിക്കും; രൂപേഷിന്റെ ഭാര്യ ഷൈനയെ പ്രതിനായികയാക്കി കഥകൾ ഇറങ്ങി; ജനകീയ സമരങ്ങൾ എല്ലാം ഇനി മാവോയിസ്റ്റ് നിഴലിൽ അടിച്ചമർത്തപ്പെടും

തിരുവനന്തപുരം: സർക്കാറിന് എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോഴോ മറയ്ക്കാനോ ആയി ഭരണൂടങ്ങളെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങൾ ചില കഥകൾ പടച്ചുവിടുന്ന പതിവ് ഏറെക്കാലമായി നിലനിൽക്കുന്നതാണ്. ഇടക്കാലത്ത് ഇത്തരം കഥകൾ മാവോയിസ്റ്റുകളെ ചൊല്ലിയായിരുന്നു. ഇടയ്ക്കിടെ കേരള ജനതയെ അനാവശ്യമായി ഭീതിപ്പെടുത്തി ശ്രദ്ധതിരിക്കാൻ മാവോയിസ്റ്റ് വേട്ടയുമായി സർക്കാർ ഇറങ്ങിയിരുന്നു. മാവോയിസ്റ്റുകളുടെ പേര് പറഞ്ഞാൽ കേന്ദ്രത്തിൽ നിന്നും കുറച്ച് ഫണ്ട് തരപ്പെടുത്താം എന്ന ചിന്ത തന്നെയാണ് ഇങ്ങനെ കഥകൾ മെനയുന്നതിന്റെ പിന്നിൽ. ഇതിനിടെ മാവോയിസ്റ്റുകളെ മറയാക്കി ചിലർ വ്യക്തിവൈരാഗ്യം തീർക്കുന്ന സംഭവങ്ങൾ പോലും അടുത്തിടെയുണ്ടായി. എന്നാൽ അന്നൊന്നും വേണ്ടത്ര വാർത്താപ്രാധാന്യം ലഭിക്കാതെ പോകുകയാണ് ഉണ്ടായത്. ഇനി ഇക്കാര്യത്തിൽ കഥ മാറും! കാരണം ഏതാനും നാളുകളായി മാദ്ധ്യമങ്ങൾ പ്രയോഗിക്കുന്ന സ്ഥിരം തന്ത്രം പ്രയോഗിച്ചിരിക്കയാണ് ചില മാദ്ധ്യമങ്ങൾ. സ്ത്രീകൾ പ്രതിനായികാ സ്ഥാനത്തുണ്ടെങ്കിൽ ആളുകൾ ശ്രദ്ധിക്കുകയും മാദ്ധ്യമങ്ങളിൽ ആഘോഷിക്കുകയും ചെയ്യുന്ന പതിവുണ്ട്. സരിത എസ് നായർക്ക് ശേഷം മാദ്ധ്യമങ്ങൾ ആഘോഷമാക്കാൻ ഒരുങ്ങുന്നത് മാവോയിസ്റ്റ് നേതാവ് ഷൈനയുടെ കഥകളാണ്. മാവോയിസ്റ്റ് നേതാവ് ഷൈയെ മുഖ്യകഥാപാത്രമാക്കിയുള്ള വാർത്താകഥകൾ ചില മാദ്ധ്യമങ്ങൾ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഒന്നാഖണ്ഡം ഇന്ന് പ്രസിദ്ധീകരിച്ചത് കേരളാ കൗമുദി ദിനപത്രമാണ്.

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയുടെ നേതൃത്വത്തിൽ സിപിഐ മാവോയിസ്റ്റുകൾ കേരളത്തിൽ വനിതാ വിഭാഗം രൂപീകരിച്ചുവെന്നും ഇവരുടെ നേതൃത്വത്തിൽ ആയുധപരിശീലനം ആരംഭിച്ചുവെന്നുമാണ് ഇന്നത്തെ കേരളാ കൗമുദിയുടെ പത്രവാർത്ത. ഭവാനി ദളം എന്നു പേരിട്ട ഈ വിഭാഗം ആദിവാസി മേഖലയായ അട്ടപ്പാടി, അഗളി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുകയെന്നുമാണ് റിപ്പോർട്ട്. കന്യാകുമാരി (സുവർണ), അനിത, കവിത, മുണ്ടഗരുലത എന്നീ വനിതാ അംഗങ്ങളും സഹായികളായി പഴനിവേൽ, കാളിദാസൻ തുടങ്ങിയ പുരുഷഅംഗങ്ങളും ഉൾപ്പെടെ 11 പേർ രൂപീകരണ യോഗത്തിൽ പങ്കെടുത്തുവെന്നും ആദിവാസി സ്ത്രീകളെ ബോധവത്കരിച്ച് സംഘത്തിൽ ചേർക്കുകയും അവർക്കു വേണ്ട പരിശീലനം നൽകുകയുമാണ് ഈ ദളത്തിന്റെ പ്രധാന ലക്ഷ്യമെന്നും വാർത്തയിൽ പറയുന്നു.

ഇതിനുപുറമേ കാവേരി ദളം എന്ന പേരിൽ തമിഴ്‌നാട്‌കേരള അതിർത്തിയിലും ഒരു വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്നും വളരെ ആധികാരികമായി തന്നെ കേരളാ കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മലബാർ കേന്ദ്രീകരിച്ച് കബനി ദളവും നാടുകാണി ദളവും ഉൾപ്പെടെ മൂന്നുദളങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇനി ചിമ്മിനി ദളം പ്രവർത്തന സജ്ജമാകാനുണ്ട്. ഇവിടെ ഒരുവട്ടം യോഗം ചേർന്ന് സംഘടനാസംവിധാനത്തിനുള്ള പദ്ധതിക്ക് രൂപം നൽകിയതായാണ് വിവരം.

അതിനിടെ തൃശൂരിലെ സാഹിത്യരംഗത്തെ ചിലർ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായി പൊലീസ് സംശയിക്കുന്നുവെന്നും വാർത്തയിൽ പറയുന്നു. വാർത്തയിൽ പറയുന്ന മറ്റ് കാര്യങ്ങൾ ഇങ്ങനെ: സിവിക് ചന്ദ്രനെ പ്രത്യേക പൊലീസ് സംഘം നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പഴയകാല പ്രവർത്തനങ്ങളും ചുംബനസമരത്തിലും കോഴിക്കോട്ടെ സമരത്തിലും സ്വീകരിച്ച ഇടപെടലുകളുമാണ് സംശയം ജനിപ്പിച്ചത്. ചുംബനസമരത്തിനു പിറകിൽ മാവോയിസ്റ്റുകളുടെ അദൃശ്യ സാന്നിദ്ധ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചു. കൊരട്ടിയിലെ നിറ്റ ജലാറ്റിൻ കമ്പനിക്കു മുന്നിൽ ലാത്തിച്ചാർജ്ജ് നടന്നപ്പോൾ ബാംഗ്‌ളൂരിൽ നിന്നെത്തിയ യുവതികളുടെ സാന്നിദ്ധ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

ചുംബനസമരത്തിലും പിന്നീട് തൃശൂരിലെ പൗരാവകാശ പ്രവർത്തക യോഗത്തിലും കഴിഞ്ഞദിവസം കോഴിക്കോട്ട് സ്ത്രീകളുടെ രാത്രി സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിലും ഇവർ പങ്കെടുത്തതായാണ് വിവരം. ഇക്കാര്യങ്ങളിൽ വയനാട്ടിലെത്തിയ മാവോയിസ്റ്റ് വനിതാവിങ് നേതാവ് സുന്ദരിയുമായുള്ള ബന്ധവും അന്വേഷിച്ചു വരുന്നു. അതിനിടെ ആദിവാസി മേഖലകളിൽ മാവോയിസ്റ്റ് പ്രവർത്തകർക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം കേരളത്തിൽ മാവോയിസ്റ്റുകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന സിവിക്കിന്റെ പ്രതികരണവും ചേർത്തിട്ടുണ്ട്. ആദിവാസികൾ സ്വന്തം ഗർഭപാത്രത്തിൽ നിന്ന് ജാനുമാരെ സൃഷ്ടിക്കുമ്പോൾ പിന്നെ എന്തിന് ആകാശത്തുനിന്നു നൂലിലിറങ്ങുന്ന മാവോയിസ്റ്റുകളെന്നായിരുന്നും സിവിക് ചന്ദ്രന്റെ പ്രതികരണം.

മലബാറിൽ മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നത് മൂന്ന് ദളങ്ങളായാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് പ്രലവർത്തിക്കുന്ന കബനിദളവും മലപ്പുറം കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന നാടുകാണി ദളവും ചിമ്മിനി ഡാം, അതിരപ്പിള്ളി തുടങ്ങി തൃശൂർ, എറണാകുളം വനാതിർത്തികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിമ്മിനി ദളവുമാണ് മറ്റൊന്നെന്നാണ് കേരളാ കൗമുദിയുടെ റിപ്പോർട്ട്.

പത്രവാർത്തകൾ പതിവായി ഏറ്റെടുക്കുന്ന ചാനൽ ലേഖകർ വനിതാ മാവോയിസ്റ്റുകൾ ആയുധ പരിശീലനം നടത്തുന്നുവെന്ന വാർത്തയും അധികം താമസിയാതെ ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പാണ്. ആദിവാസികളുടെ നിൽപ്പ് സമരത്തിൽ പോലും മാവോയിസ്റ്റ് സാന്നിധ്യം പൊലീസ് റിപ്പോർട്ടുകൾ നൽകിയിരുന്നു. മാവോയിസ്റ്റ് പരിവേഷം നൽകി ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങലാണ് സർക്കാറിന്റെ ഭാഗത്തു നിന്നും നടക്കുന്നതെന്ന ആരോപണങ്ങൾ ശക്തമാണ്. ഇതിന്റെ തുടക്കമാണ് വനിതാ മാവോയിസ്റ്റുകൾ ആയുധപരിശീലനം നടക്കുന്നതെന്നുമാണ് ആക്ഷേപം. നേരത്തെ ഷൈനയുടെ ഭർത്താവ് രൂപേഷിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കേരളത്തിൽ മാവോയിസ്റ്റുകൾ സായുധ വിപ്ലവത്തിന് ഒരുങ്ങുന്നുവെന്ന രൂപേഷ് പറയുന്ന വീഡിയോ ആയിരുന്നു പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP