Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലബാറിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; മലപ്പുറത്തും ആറളത്തും ഉരുൾപ്പൊട്ടി; വയനാട്ടിൽ മണ്ണിടിച്ചിൽ, നിലമ്പൂർ വെള്ളക്കെട്ടിലായി; കോഴിക്കോടിന്റെ മലയോരമേഖലകൾ ജാഗ്രതയിൽ; തോരാതെ പെയ്യുന്ന മഴയിൽ വിറങ്ങലിച്ച് വടക്കൻ കേരളം

മലബാറിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; മലപ്പുറത്തും ആറളത്തും ഉരുൾപ്പൊട്ടി; വയനാട്ടിൽ മണ്ണിടിച്ചിൽ, നിലമ്പൂർ വെള്ളക്കെട്ടിലായി; കോഴിക്കോടിന്റെ മലയോരമേഖലകൾ ജാഗ്രതയിൽ; തോരാതെ പെയ്യുന്ന മഴയിൽ വിറങ്ങലിച്ച് വടക്കൻ കേരളം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലബാറിൽ ശമനമില്ലാതെ മഴക്കെടുതി. ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്നലെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. യനാട്ടിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം കരുവാരക്കുണ്ടിന് സമീപം അടക്കാകുണ്ടിൽ ഉരുൾപ്പൊട്ടി വ്യാപകനാശവും റിപ്പോർട്ട് ചെയ്തു.ആളപായം അഴിവായെങ്കിലും പ്രദേശം വെള്ളെക്കെട്ടിലാണ്. ഇതുവഴിയുള്ള ഗാതാഗതവും പൂർണമായി സ്തംഭിച്ചു.മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ കനത്ത മഴയിൽ സിഎൻജി റോഡ് വെള്ളത്തിനടിയിലായി.

കണ്ണൂരിൽ പയ്യാവൂർ, ഷിമോഗ കോളനി, ആറളം വനം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി കണ്ണൂർ ശ്രീകണ്ഢപുരത്ത് വെള്ളപ്പൊക്കമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ മുക്കം, താമരശ്ശേരി, തിരുവമ്പാടി മേഖലകളിലും മഴ തുടരുകയാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വയനാട്ടിൽ ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ദേശീയ പാതയിൽ ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

തളിപ്പുഴക്കടുത്താണ് മണ്ണിടിച്ചിലുണ്ടായത്. സ്വകാര്യ വ്യക്തിയുടെ റിസോർട്ടിനോട് ചേർന്ന സ്ഥലമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ലക്കിടിയിൽ നിന്ന് രക്ഷാപ്രവർത്തനം കഴിഞ്ഞുപോവുകയായിരുന്ന ഫയർഫോഴ്‌സും റെഡ്‌ക്രോസ് വളണ്ടിയർമാരും ചേർന്ന് മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. നരവിൽപുഴ മരച്ചുവടിൽ വെള്ളം കയറി ചെറിയ വാഹനങ്ങളുടെ ഗതാഗതം നിലച്ചു. പാൽച്ചുരം റോട്ടിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഗതാഗതം പൂർണമായും നിരോധിച്ചു.

മണ്ണിടിച്ചിലിനെ തുടർന്നാണ് നിരോധനം. തിരുനെല്ലി നിട്ടറപാലം പൂർണമായും ഒലിച്ചുപോയി. തിരുനെല്ലി പഞ്ചായത്തിലെ കരിമം, നിട്ടറ, ചിന്നടി, വെള്ളറോടി പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളുടെ ഏക ആശ്രയമായിരുന്ന മരപ്പാലമാണ് പൂർണമായും ഒലിച്ചുപോയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര ഡാമിന്റെ ഷട്ടറുകൾ 1.60 മീറ്റർ ഉയർത്തി. ഇപ്പോഴും ഡാമിലേക്ക് വലിയ തോതിലുള്ള നീരൊഴുക്ക് തുടരുകയാണ്. സമീപവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മാനന്തവാടി കോഴിക്കോട് റേഡിൽ വൈദ്യുതിക്കമ്പിയിലേക്ക് മരം മുറിഞ്ഞുവീണ് വൈദ്യുതി ബന്ധം നിലച്ചു.

കണ്ണൂരിൽ പയ്യാവൂർ, ഷിമോഗ കോളനി, ആടാംപാറ, മുടക്കയംമല, പേരട്ട ഉപദേശിക്കുന്ന്, ആറളം തുടങ്ങിയിടങ്ങളിൽ ഉരുൾപൊട്ടി പുഴകളെല്ലാം നിറഞ്ഞൊഴുകുകയാണ്. ആളപായമുണ്ടായിട്ടില്ല. മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. സിഎൻജി റോഡിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. നിലമ്പൂർ ചന്തക്കുന്നിനടുത്ത് ജനതപ്പടി, വെളിയംതോട് എന്നിവിടങ്ങളിൽ റോട്ടിൽ വെള്ളക്കൊട്ട് തുടരുകയാണ്. ചെറിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. അമരമ്പലം പൂക്കോട്ടുംപാടം കതിർ ഫാമിൽ വെള്ളം കയറി. പന്നിക്കോട്ടുമുണ്ടയിൽ റോഡും മാടമ്പം പാലവും വെള്ളത്തിനടിയിലാണ്. മുട്ടിക്കടവിലും പാലത്തിന് മുകളിലൂടെയാണ് പുഴയൊഴുകുന്നത്.

പൂക്കോട്ടുംപാടം മൂച്ചിക്കൽ കടവിൽ പുഴകരകവിഞ്ഞൊഴുകുന്നതിനാൽ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്ന് ആരും പുഴയിലിറങ്ങരുതെന്നും പൂക്കോട്ടുംപാടം പൊലീസ് അറിയിച്ചു. ചാലിയാറിന്റെ ഉത്ഭവസ്ഥാനത്ത് മഴതുടരുന്നതിനാൽ പുഴയൊഴുകുന്ന സ്ഥലങ്ങളിലെല്ലാം വെള്ളം പൊങ്ങിത്തുടങ്ങി. പലയിടത്തും കഴിഞ്ഞ മഴയിലെ വെള്ളക്കെട്ടുകൾ മാറി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കർഷകർ. ചാലിയാറിൽ നിന്ന് വാഴക്കാട് പഞ്ചായത്തിലെ വിവിധയിടങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മുക്കത്ത് നിന്ന് കക്കാടംപൊയിലിലേക്കുള്ള റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് അറിയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP