Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ ഗെയിംസ് ഫണ്ട് കൈയിട്ടു വാരാൻ തലസ്ഥാനത്തെ പത്രക്കാരും; അഴിമതി മറയ്ക്കാൻ മീഡിയ സെന്റർ പ്രസ് ക്ലബിലേക്ക് മാറ്റി; പൊലീസ് സ്‌റ്റേഡിയത്തെ തഴഞ്ഞ് ഒരു കോടിയോളം അടിച്ചുമാറ്റുന്നത് ഉന്നത സമ്മർദ്ദം മൂലം

ദേശീയ ഗെയിംസ് ഫണ്ട് കൈയിട്ടു വാരാൻ തലസ്ഥാനത്തെ പത്രക്കാരും; അഴിമതി മറയ്ക്കാൻ മീഡിയ സെന്റർ പ്രസ് ക്ലബിലേക്ക് മാറ്റി; പൊലീസ് സ്‌റ്റേഡിയത്തെ തഴഞ്ഞ് ഒരു കോടിയോളം അടിച്ചുമാറ്റുന്നത് ഉന്നത സമ്മർദ്ദം മൂലം

തിരുവനന്തപുരം: നക്ഷത്ര സൗകര്യങ്ങളോടെ പ്രസ് ക്ലബിന് സമീപം ബാർ പ്രവർത്തിപ്പിച്ച് കുപ്രസിദ്ധി നേടിയവരാണ് തലസ്ഥാനത്തെ പത്രപ്രവർത്തകർ. ക്ലബ് ലൈസൻസ് പോലുമില്ലാതെ പ്രവർത്തിപ്പിച്ച ബാറിനെതിരെ ആക്ഷേപം ഉയർന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ മന്ത്രമാർ കൈക്കൊണ്ടിട്ടില്ല. മന്ത്രിമാരുടെ അഴിമതി വിവരങ്ങൾ മൂടിവെക്കുന്നതിനുള്ള പാരിതോഷികം എന്ന നിലയിലാണ് അനധികൃതമായി മദ്യംവിളമ്പുന്ന പ്രവർത്തി പ്രസ്‌ക്ലബിൽ നടമാടുന്നത്. ഇങ്ങനെ ഉന്നത സമ്മർദ്ദങ്ങളെ തുടർന്ന് മറ്റൊരു കാര്യം കൂടി തലസ്ഥാനത്തെ പത്രക്കാർ അനധികൃതമായി നേടിയെടുത്തു. ഇത്തവണ തലസ്ഥാനത്തെ മാദ്ധ്യമപുലികൾ കൈയിട്ടുവാരിയത് ദേശീയ ഗെയിംസിൽ നിന്നുള്ള ഫണ്ടിൽ നിന്നാണ്.

ദേശീയ ഗെയിംസിനായി അനുവദിച്ച ഫണ്ടിൽ നിന്നും തലസ്ഥാനത്തെ പ്രസ് ക്ലബിനായി വകമാറ്റുന്നത് ഒന്നും രൂപയല്ല. ഒരു കോടിയോളം രൂപയാണ് പ്രസ്‌ക്ലബിനായി ഗെയിംസ് ഫണ്ടിൽ നിന്നും വകമാറ്റുന്നത്. ഗെയിംസിന്റെ ഭാഗമായി നാഷണൽ മീഡിയ സെന്റർ സ്ഥാപിക്കാനെന്ന പേരിൽ 83 ലക്ഷം രൂപയാണ് പ്രസ് ക്ലബിന് നൽകുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിംപ്യാ ഹാളിൽ നിർമ്മിക്കാൻ പദ്ധതിയിട്ട മീഡിയാ സെന്ററാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമള്ളവരെ സ്വാധീനിച്ച് പ്രസ്‌ക്ലബ് അധികൃതർ നേടിയെടുത്തത്. ദേശീയ ഗെയിംസിന്റെ സൗകര്യം ഒരുക്കാനായി വിനിയോഗിക്കേണ്ടുന്ന ഫണ്ടിൽ നിന്നുമുള്ള പണം പത്രക്കാർക്കായി വകമാറ്റുന്നത് ഗെയിംസ് നടത്തിപ്പിനെതിരെ ഭാവിയിൽ ഉയരാൻ ഇടയുള്ള അഴിമതി ആരോപണങ്ങളെ മുളയിലേ നുള്ളുന്നതിന് വേണ്ടിയാണെന്ന് ആക്ഷേപവും ശക്തമാണ്.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രസ് ക്ലബിന്റെ റൂഫ് ടോപ്പ് പൂർണമായി മാറ്റിപ്പണിയാനും മറ്റ് നവീകരണ പ്രവൃത്തികൾ നടത്താനുമാണ് ഈ തുക ചിലവഴിക്കുക. ക്ലബിനെ മീഡിയ സെന്ററാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റൂഫ് ടോപ്പിന്റെ നിർമ്മാണത്തിനായി 35 ലക്ഷം, ഇലക്ട്രിക്കൽ ജോലിക്കായി 28 ലക്ഷം, ലിഫ്റ്റ് സ്ഥാപിക്കാനായി 20 ലക്ഷം രൂപ എന്നിങ്ങനെയാണ് ഗെയിംസ് ഫണ്ടിൽനിന്ന് സർക്കാർ ക്ലബിനായി നൽകുന്നത്. ഒരു വർഷം മുമ്പാണ് പ്രസ് ക്ലബിൻ റൂഫ് ടോപ്പ് നിർമ്മിച്ചത്. ഈ റൂഫ് ടോപ്പ് കനത്ത മഴയിൽ പൊളിഞ്ഞു വീഴുന്ന അവസ്ഥയും സംജാതമായിരുന്നു. അന്ന് ഇതിന്റെ നിർമ്മാണത്തെ കുറഇച്ച് ചില ആക്ഷേപങ്ങളും ഉയരുകയുണ്ടായി. ഇങ്ങനെ ഒരു വർഷം മുമ്പ് നിർമ്മിച്ച റൂഫ് ടോപ്പ് പൂർണ്ണമായും സർക്കാർ ചെലവിൽ മാറ്റിപ്പണിയാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.

നേരത്തെ ദേശീയ ഗെയിംസിന്റെ മീഡിയാ സെന്റർ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിംപ്യാ ഹാളിൽ സ്ഥാപിക്കാനായിരുന്നു ഗെയിംസ് അധികൃതരുടെ തീരുമാനിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരത്തിൽപ്പരം മാദ്ധ്യമപ്രവർത്തകർ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ എത്തുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ വിപുലമായി സൗകര്യങ്ങൾ മീഡിയ സെന്ററിനായി ഒരുക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പരിമിതമായ സൗകര്യങ്ങളുള്ള പ്രസ്‌ക്ലബിനെ മീഡിയ സെന്ററാക്കി മാറ്റുന്നത്.

പ്രസ് ക്ലബ് ഭാരവാഹികൾ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കണ്ട് നിവേദനം നൽകിയാണ് മീഡിയാ സെന്റർ സ്റ്റേഡിയത്തിൽനിന്ന് മാറ്റാൻ തീരുമാനിച്ചത്. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ മീഡിയാ സെന്റർ സ്ഥാപിച്ചാൽ ഗെയിംസിന് ശേഷം അത് പൊളിച്ചുമാറ്റേണ്ടിവരുമെന്നും പ്രസ് ക്ലബിലേക്ക് മാറ്റിയാൽ പിന്നീട് ആ സൗകര്യം പിന്നീടും ഉപയോഗപ്പെടുത്താമെന്നാണ് പ്രസ് ക്ലബ് അധികൃതർ വാദിച്ചത്.

ഇലക്ട്രിഫിക്കേഷനും ഫർണിഷിംഗിനും മറ്റുമാണ് ഈ പണം ചെലവിടുക. ഗെയിംസിനായി വാങ്ങുന്ന കമ്പ്യൂട്ടറുകളും ടിവികളും ക്ലബിനായി ഉപയോഗിക്കാമെന്നും അധികൃതർ കരുുതുന്നു. ക്ലബിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി വിലയുടെ 90 ശതമാനം രൂപയാണ് സർക്കാർ സ്ബ്‌സിഡിയായി നൽകുക. 24 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷനാണ് ക്ലബ് അധികൃതർ ഒരു കമ്പനിയിൽനിന്ന് വാങ്ങിയിട്ടുള്ളത്. ഈ ക്വട്ടേഷൻ അനുസരിച്ച് 20 ലക്ഷം രൂപ സർക്കാർ ക്ലബിന് കൈമാറും. ഗെയിംസ് ഫണ്ടിൽനിന്ന് പണം വകമാറ്റി നൽകുമ്പോൾ കായിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ പരിപാടികൾക്ക് സൗജന്യനിരക്കിൽ ഹാളുകൾ നൽകണമെന്ന സർക്കാർ ഉപാധിയും ക്ലബ് അധികൃതർ സമ്മതിച്ചിട്ടുണ്ട്.

അതേസമയം മീഡിയാ സെന്ററിന്റെ പരിമിതമായി സ്ഥലപ്രശ്‌നം വലയ്ക്കുമോ എന്ന ആശങ്കയുണ്ട്. ആയിരത്തിലേറെ മാദ്ധ്യമപ്രവർത്തകർ എത്തിമ്പോൾ അവരെ ഉൾകൊള്ളാനുള്ള ശേഷി ക്ലബിനുണ്ടോ എന്നതാണ് സംശയം. കൂടാതെ വാഹന പാർക്കിംഗും പ്രധാന പ്രശ്‌നമായി മാറും. സെക്രട്ടറിയേറ്റ് പരിസരത്തെ തിരിക്കും മറ്റുമായി വൻട്രാഫിക് പ്രശ്‌നങ്ങൾ ഉള്ളതും തിരിച്ചടിയായേക്കും. അതേസമയം 500 ഓളം മധ്യമപ്രവർത്തകർക്ക് ഒരേസമയം ക്ലബിൽ ജോലി ചെയ്യാമെന്നാണ് പ്രസ്‌ക്ലബ് അധികൃതർ അവകാശപ്പെടുന്നത്.

സാധാരണ ഗതിയിൽ ഗെയിംസിന്റെ പ്രധാന വേദിയോട് ചേർന്നാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിലെ വിവിധ ഇടങ്ങളിലാണ് ഗെയിംസ് നടക്കുന്നത് എന്നിരിക്കേ സെന്റ്ട്രൽ മീഡിയാ സെന്ററിൽ വിപുലമായി സജ്ജീകരണങ്ങൾ ഒരുക്കേണ്ടി വരും. അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപത്താണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. അതുകൊണ്ട് ഇവിടെയാണ് മീഡിയാ സെന്ററിന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഗെയിംസിന് ശേഷവും പ്രസ് ക്ലബിന്റെയും ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആവശ്യങ്ങൾ ഇത് ഉപയോഗപ്പെടുത്താനും സാധിക്കുമെന്നാണ് ക്ലബ് അധികൃതർ വാദിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP