Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താമസിക്കാൻ അനുവദിക്കാതെ യുവാവിനോടും കുടുംബത്തോടും നാട്ടുകാരുടെ കൊടും ക്രൂരത; പത്തു വർഷം മുൻപ് ക്യാൻസർ പിടിപെട്ടതിന് പിന്നലെ കൂലിപ്പണിക്കാരനായ യുവാവിന് എച്ച്‌ഐവി ബാധയും; ഇയാളോടുള്ള വൈരാഗ്യത്തിൽ ഭാര്യയ്ക്കും മക്കൾക്കും എച്ച്‌ഐവിയാണെന്ന് പ്രചരിപ്പിച്ച് ദ്രോഹിക്കുകയാണെന്നും പരാതി

താമസിക്കാൻ അനുവദിക്കാതെ യുവാവിനോടും കുടുംബത്തോടും നാട്ടുകാരുടെ കൊടും ക്രൂരത; പത്തു വർഷം മുൻപ് ക്യാൻസർ പിടിപെട്ടതിന് പിന്നലെ കൂലിപ്പണിക്കാരനായ യുവാവിന് എച്ച്‌ഐവി ബാധയും;  ഇയാളോടുള്ള വൈരാഗ്യത്തിൽ ഭാര്യയ്ക്കും മക്കൾക്കും എച്ച്‌ഐവിയാണെന്ന് പ്രചരിപ്പിച്ച് ദ്രോഹിക്കുകയാണെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പ്രളയക്കെടുതിൽ നിന്നു കേരളം കരകയറി വരുന്നതിനിയിൽ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന്റെ കഥയാണ് ഈ കുടുംബത്തിന് പറയാനുള്ളത്. എച്ച്‌ഐവി ബാധിതനായ യുവാവിനേയും കുടുംബത്തേയും നാട്ടുകാർ നാളുകളായി ഉപദ്രവിക്കുന്നതായാണ് പരാതി. റാന്നി സ്വദേശിയായ യുവാവിനും കുടുംബവും കണ്ണീരോടെയാണ് ഇക്കാര്യം തുറന്ന് പറയുന്നത്. ഇയാൾക്ക് പത്തു വർഷം മുൻപാണ് ക്യാൻസർ രോഗം പിടിപെട്ടത്. ഇതിന് പിന്നാലെയാണ് അടുത്തിടെ ഇയാൾക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ യുവാവിനേയും എട്ടാം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കളേയും ഭാര്യയേയും സമീപവാസികൾ ഈ ഭാഗത്ത് താമസിക്കാൻ അനുവദിക്കില്ലെന്നും മാറിപ്പോകാൻ പറയുന്നതായും പരാതി ഉയരുന്നുണ്ട്.

സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീടുകളിലാണ് ഇവർ താമസിച്ചു വന്നിരുന്നത്. നിലവിൽ റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കാമണ്ണിൽ കരിങ്കുറ്റി ലക്ഷംവീട് കോളനിയിലാണ് കഴിയുന്നത്. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്നതിനിടയിൽ 2007 ൽ ഇയാൾ കാൻസർ ബാധിതനായതിനെ തുടർന്ന് നാട്ടുകാർ പണം പിരിച്ചു കൊടുക്കുകയും സർക്കാർ സഹായം സ്വീകരിച്ച് ചികിത്സ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പല ജോലികളും ചെയ്തു വരുന്നതിനിടയിൽ ക്ഷയരോഗ ലക്ഷണം കാട്ടിയതിനെ തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് എച്ച്ഐവി ബാധിതനായി കണ്ടെത്തിയത്. ഭാര്യയൂടെയും മക്കളുടെയും രക്തം പരിശോധിച്ചെങ്കിലും അവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ യുവാവിനോടുള്ള വൈരാഗ്യത്തിൽ ചിലർ ഇവർക്കും എച്ച്ഐവി ആണെന്ന് പ്രചരിപ്പിച്ച് ജോലികളും പഠനവും മുടക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.

നന്നായി കൂലിപ്പണി ചെയ്തിരുന്ന ബാബുവിന്റെ ശരീരം എച്ച്ഐവി പിടികൂടിയതോടെ ക്ഷീണിച്ച അവസ്ഥയിലായി. ഭാരമുള്ള ജോലികൾ ചെയ്യാൻ കഴിയാതായതോടെ രണ്ടു മക്കളുടെയും പഠന ചെലവ് പള്ളി ഏറ്റെടുത്തെന്നും കുടുംബ ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആക്രിസാധനങ്ങൾ വിൽക്കുകയും ലോട്ടറി വിൽപ്പന നടത്തുകയുമായിരുന്നു. സ്വന്തമായി വീടില്ലാതിരുന്നതിനാലാണ് സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ പോയതും ആ വീട് പിന്നീട് നാലു ലക്ഷം കൊടുത്ത് വാങ്ങിയത്. ഇതിന്റെ അറ്റകുറ്റ പണികൾക്ക് ധനസഹായം കിട്ടാൻ നൽകിയ അപേക്ഷയിലാണ് രോഗവിവരം പുറത്തായത്.വിവരം പുറത്തായതോടെ കോളനിയിൽ ആൾക്കാർ തനിക്കെതിരേ തിരിയുകയും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയുമായിരുന്നെന്ന് ഇയാൾ പറയുന്നു. പിന്നീട് അധികൃതരുടെ ഇടപെടലിലാണ് പ്രശ്നം ഒതുങ്ങിയത്.

ഇതിനിടയിൽ ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിലെത്തി അസുഖമില്ലാതിരുന്ന അവർക്ക് അസുഖമാണെന്ന തരത്തിൽ കുപ്രചരണം നടത്തി. പലതരത്തിൽ ഓടിക്കാൻ ശ്രമിച്ച് ഒടുവിൽ പ്രശ്നമായത് പത്തനംതിട്ട ജില്ലയെ കൂടി പ്രളയം ബാധിച്ച ഓഗസ്റ്റ് 22 നായിരുന്നു. ഒരുകൂട്ടം ആളുകൾ വീടിനു നേരെ കല്ലെറിയുകയും ജനലുകൾ അടിച്ചു പൊട്ടിക്കുകയും അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ഇയാളുടെ ആരോപണം. അകത്തേക്ക് മുളകുപൊടി വിതറി. ഉപദ്രവിക്കരുതേയെന്ന് മക്കൾ നിലവിളിച്ചിട്ടും കേട്ടില്ല. ഇളയ മകളുടെ ശരീരത്തും വന്ന് കല്ലുകൾ വീണതോടെ അവർ മുളക് പൊടി കലക്കി പുറത്തേക്ക് ഒഴിച്ചു. കോളനിക്കാർ മാത്രമല്ല, പുറത്തു നിന്നും വന്ന, തങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്തവർ ഉൾപ്പെടെ അക്രമികളിൽ ഉണ്ടായിരുന്നു എന്ന് ഇയാൾ ആരോപിക്കുന്നു. ഒടുവിൽ മറ്റ് ചിലരുടെ ഇടപെടലിനെ തുടർന്ന് പൊലീസ് വരികയായിരുന്നു. എന്നാൽ നീതി കിട്ടിയില്ലെന്നും പൊലീസുകാരും അറപ്പോടെയാണ് പെരുമാറിയതെന്നും ഇയാൾ ആരോപിക്കുന്നു.

ഭാര്യയേയും കുഞ്ഞുങ്ങളെയും വണ്ടിയിൽ കയറ്റിയെങ്കിലും തന്നെ മാത്രം കേറ്റിയില്ല. രോഗമുള്ളവനെയൊന്നും വണ്ടിയിൽ കയറ്റാൻ പാടില്ലെന്നാണ് ഒരു പൊലീസുകാരൻ പറഞ്ഞത്. ആ രാത്രിയിൽ ഭാര്യയേയും രണ്ട് പെൺമക്കളെയും ഒറ്റയ്ക്കാക്കി ഞാൻ എങ്ങനെ പോകാനാണ്. പിന്നീട് രാത്രി പതിനൊന്നരയോടെ എല്ലാവരേയും സ്റ്റേഷനിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോഴും എന്നെ മാത്രമേ സ്റ്റേഷനിൽ ഇരുത്താൻ പറ്റൂ, ഭാര്യയും കുഞ്ഞുങ്ങളും വേറെ എങ്ങോട്ടെങ്കിലും പോയ്ക്കോളണമെന്നാണ് പറഞ്ഞത്. ആ രാത്രിയിൽ അവർ എവിടെ പോകാനാണ്? ഒരു സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി ആക്കാൻ പറ്റുമോ എന്നു ചോദിച്ചപ്പോഴും ആദ്യം പൊലീസുകാർക്ക് അറപ്പായിരുന്നു. പിന്നെയും എസ് ഐയുടെ ഇടപെടൽ ഉണ്ടായതുകൊണ്ടാണ് കൊണ്ടു പോയത്.

പിറ്റേ ദിവസം രാവിലെ ഞാനും അങ്ങോട്ടു പോയി. അവരെയും കൂട്ടി വീണ്ടും സ്റ്റേഷനിൽ വന്നു. രാവിലെ എട്ടുമണിതൊട്ട് രാത്രി ഏഴരവരെ സ്റ്റേഷനിൽ ഇരുന്നു. രണ്ടു മൂന്നു ദിവസം ഞങ്ങൾ ഇതുപോലെ സ്റ്റേഷനിൽ കയറിയിറങ്ങി. എന്നാൽ തങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാൻ അവർ തയ്യാറായില്ല. പ്രതികളായവരെ, സ്റ്റേഷനിലേക്ക് വരാമോയെന്ന് അഭ്യർത്ഥിക്കുന്നതു പോലെയാണ് പൊലീസുകാർ വിളിച്ചത്. അവർ വരികയും അതുപോലെ പോവുകയും ചെയ്തു. റാന്നി എംഎൽഎയുടെ ആളുകളാണവർ. അതിന്റെ പരിഗണനയാണ് പൊലീസ് നൽകുന്നത്. പ്രതികളോട് പൊയ്ക്കോളാനും ഞങ്ങളോട് അവിടെ നിൽക്കാനുമാണ് പറയുന്നത്.പരാതി ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഏതോ പേപ്പർ കാണിച്ച് അതിൽ ഒപ്പിടാൻ പറഞ്ഞിട്ട് ഞങ്ങളത് ചെയ്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുന്നത് കാണാനിടയായ മഹിള സമാഖ്യയുടെ അമ്പിളി എന്ന മാഡമാണ് സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു പോയത്.

ഇപ്പോൾ നാലഞ്ച് ദിവസങ്ങളായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസം. ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും ഇയാൾ പറയുന്നു. എംഎൽഎ നേരിൽ കണ്ട് സംസാരിച്ചപ്പോൾ എന്തിനാണ് നാട്ടുകാരെ മുളക് വെള്ളം ഒഴിക്കാൻ പോയതെന്നും വേറെ എങ്ങോട്ടെങ്കിലും മാറി താമസിച്ചുകൂടെ എന്നൊക്കെയാണ് അദ്ദേഹം ചോദിച്ചതെന്നും ഇയാൾ പറയുന്നു.പരാതി നൽകിയിട്ടു പോലും വീടാക്രമിച്ച് തന്നെ കൊല്ലാൻ ശ്രമിച്ചവർക്കെതിരേ പൊലീസ് നടപടിയെടുത്തില്ലെന്ന് യുവാവ് പറയുമ്പോൾ വാക്കു തർക്കം, ഉണ്ടാക്കി അക്രമ സ്വഭാവം കാട്ടിയതിനെ തുടർന്ന് പ്രദേശവാസികൾ ചെറുത്തതാണ് കാരണമെന്നും പ്രശ്നത്തിൽ മുതലെടുപ്പ് നടത്താൻ യുവാവ് എച്ച്ഐവി ബാധിതനാണെന്നത് മറയാക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.

എന്നാൽ എതിർക്കേണ്ടി വന്നത് അയാൾ അങ്ങനെയുള്ള രോഗം ഉള്ളയാളായതുകൊണ്ടല്ലെന്നും അയൽവാസികളെ തെറിപറയുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ടാണെന്നുമാണ് നാട്ടുകാർ പറയുന്നത്. മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുന്നത് സ്ഥിരം പരിപാടിയാണെന്നും സ്ത്രീകളെ ഉൾപ്പെടെ ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ടെന്നും ആക്ഷേപം. റാന്നി സബ് ഇൻസ്പെകടർ ഈ വിഷയം ഒത്തുതീർപ്പിലെത്തിക്കാൻ തങ്ങൾ ശ്രമിച്ചിട്ടും ബാബുവും കുടുംബവും തയ്യാറായില്ലെന്നും ഇൻസ്പെക്ടർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP