Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറുനാടൻ തൊഴിലാളികൾക്ക് ആശ്വാസം; മൃതദേഹം നാട്ടിലെത്തിച്ച് കൊള്ളലാഭമുണ്ടാക്കുന്ന മാഫിയകൾക്ക് തിരിച്ചടി; മറുനാട്ടുകാരുടെ മൃതദേഹത്തിൽ വിലപേശൽ വേണ്ട, സർക്കാർ നാട്ടിലെത്തിക്കും; ഈ സംവിധാനം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

മറുനാടൻ തൊഴിലാളികൾക്ക് ആശ്വാസം; മൃതദേഹം നാട്ടിലെത്തിച്ച് കൊള്ളലാഭമുണ്ടാക്കുന്ന മാഫിയകൾക്ക് തിരിച്ചടി; മറുനാട്ടുകാരുടെ മൃതദേഹത്തിൽ വിലപേശൽ വേണ്ട, സർക്കാർ നാട്ടിലെത്തിക്കും; ഈ സംവിധാനം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുപേക്ഷിച്ച് നമ്മുടെ നാടിനെ ആശ്രയിച്ച് വരുന്നത് ഉപജീവനത്തിനായിട്ടാണ്.  അവരെ പലരും പല രീതിയിലും ചൂഷണം ചെയ്യാറുണ്ട്. എന്നാൽ അവർ മരിച്ചു കഴിഞ്ഞാൽ പോലും അവരെ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവരാണ് ഇവിടെയുള്ള ഒരു വിഭാഗം ആൾക്കാർ. എന്നാൽ അത്തരക്കാർക്ക് തിരിച്ചടി നൽകുകയാണ് സർക്കാർ.

മറുനാടൻ തൊഴിലാളികൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിച്ച് കൊള്ളലാഭമുണ്ടാക്കുന്ന മാഫിയകൾക്ക് തിരിച്ചടിയുമായി തൊഴിൽവകുപ്പ്. പരമാവധി 50,000 രൂപവരെ അനുവദിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തതോടെയാണിത്. സംസ്ഥാനത്ത് മാസം 50 മറുനാടൻ തൊഴിലാളികളെങ്കിലും മരിക്കുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മരണമറിഞ്ഞാലുടൻ മൃതദേഹം നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി ഏജന്റുമാർ ഒപ്പമുള്ളവരെ സമീപിക്കും.

മെഡിക്കൽകോളേജുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ചെലവാകുന്നതിന്റെ പതിന്മടങ്ങ് തുകയാണ് ഇവർ ഈടാക്കുന്നത്. മരിച്ചയാളിന്റെ കൂടെ താമസിച്ചിരുന്നവരിൽനിന്നാണ് പലപ്പോഴും പണം ഈടാക്കുക.കഴിഞ്ഞ ഡിസംബർ 18-ന് കോതമംഗലത്ത് തൂങ്ങിമരിച്ച ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 90,000 രൂപയാണ് കളമശ്ശേരി മെഡിക്കൽ കോളേജിന്റെ പരിസരത്തുണ്ടായിരുന്ന ഏജന്റുമാർ വാങ്ങിയത്. എംബാം ചെയ്ത മൃതദേഹം ആംബുലൻസിലാണ് കൊണ്ടുപോയത്. മൃതദേഹത്തിനൊപ്പം പോകാൻ ഒരാളിന് 10,000 രൂപയും ഈടാക്കി. തുക കുറയ്ക്കണമെന്ന് തൊഴിലാളികൾ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ചുദിവസത്തിനുശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്.

മൃതദേഹം കൊണ്ടുപോകാൻ വിമാനം ഉപയോഗിച്ചാൽ പരമാവധി 30,000 രൂപയേ ചെലവാകൂവെന്ന് പീപ്പിൾസ് യൂണിയൻ ഫോർ ജസ്റ്റിസ് എന്ന സംഘടന പറയുന്നു. വിമാനത്തിൽ കൊൽക്കത്ത വിമാനത്താനവളത്തിൽ എത്തിക്കാൻ പരമാവധി 12,000 രൂപയാണ് ചെലവ്. മറ്റെല്ലാം കൂടിചേർന്നാലും 30,000-ൽ കവിയില്ല. ഒരുരാത്രി കൊണ്ട് മൃതദേഹം ബംഗാളിലെത്തുകയും ചെയ്യും. കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ മരിച്ച ഒരു തൊഴിലാളിയുടെ മൃതദേഹം ഒഡിഷയിലെ കാലാഹാണ്ഡിയിൽ വിമാനത്തിലെത്തിക്കാൻ 26,000 രൂപയേ ചെലവായുള്ളൂവെന്ന് സംഘടനയുടെ കോ-ഓർഡിനേറ്റർ ജോർജ് മാത്യു പറഞ്ഞു.

രാജ്യത്ത് കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനവും മറുനാടൻ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തിട്ടില്ല. മരണമുണ്ടാകുമ്പോൾ ജില്ലാ ലേബർ ഓഫീസറെ അറിയിച്ചെങ്കിൽ മാത്രമേ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ ലഭിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP