Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങോട്ടുമല ഖനനത്തിന് അനുമതിയില്ല; ഡെൽറ്റാ കമ്പനിയുടെ അപേക്ഷ തള്ളി; തീരുമാനം ജില്ലാ കളക്ടർ അധ്യക്ഷനായ ഏകജാലക സമിതിയുടേത്; ആദ്യം അനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയെന്നും കണ്ടെത്തൽ; ഖ്വാറി തുടങ്ങാൻ ഡെൽറ്റാ ഗ്രൂപ്പ് വാങ്ങിക്കൂട്ടിയത് 150 ഏക്കർ ഓളം ഭൂമി

ചെങ്ങോട്ടുമല ഖനനത്തിന് അനുമതിയില്ല; ഡെൽറ്റാ കമ്പനിയുടെ അപേക്ഷ തള്ളി; തീരുമാനം ജില്ലാ കളക്ടർ അധ്യക്ഷനായ ഏകജാലക സമിതിയുടേത്; ആദ്യം അനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയെന്നും കണ്ടെത്തൽ; ഖ്വാറി തുടങ്ങാൻ ഡെൽറ്റാ ഗ്രൂപ്പ് വാങ്ങിക്കൂട്ടിയത് 150 ഏക്കർ ഓളം ഭൂമി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ബാലുശ്ശേരി കൂട്ടാലിടയ്ക്ക് സമീപത്തെ വിവാദമായ ചെങ്ങോട്ടുമലയിൽ ഖനനം നടത്താനുള്ള ഡെൽറ്റാ കമ്പനിയുടെ അപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ കളക്ടർ അധ്യക്ഷനായ ഏകജാലക സമിതിയുടേതാണ് തീരുമാനം. ഖനനത്തിന് വിശദമായ പാരിസ്ഥിതിക പഠനം നടത്തണം. ആദ്യം നൽകിയ അനുമതി വേണ്ടത്ര പഠനം നടത്താതെ ആണെന്നും ഏകജാലക സമിതി കണ്ടെത്തി. ഇതിന് പിന്നാലെയാണ് സമിതി അനുമതി നിഷേധിച്ചത്. ഖനനത്തിനായി 150 ഏക്കറോളമാണ് കമ്പനി വാങ്ങിക്കൂട്ടിയത്.

ഖനനത്തിനെതിരെ നാട്ടുകാർ പഞ്ചായത്തോഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കറോളമാണ് പത്തനംതിട്ട ആസ്ഥാനമായ ഡെൽറ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയിൽ വാങ്ങിച്ചിരുന്നത്. ഇവർക്ക് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി നൽകിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് തീർപ്പാക്കുന്നതുവരെ ഡി ആൻഡ് ഒ ലൈസൻസ് നൽകരുതെന്ന ആവശ്യമായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്.

അതീവ പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോട്ടുമലയിൽ ഡെൽറ്റാ ഗ്രൂപ്പിന് ഖനനാനുമതി നൽകിയത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് കോഴിക്കോട് ഡി എഫ് ഒയുടെ റിപ്പോർട്ടുണ്ട്. ഖനനം ആരംഭിച്ചാൽ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഈ റിപ്പോർട്ടിലുള്ളത്. ഖനനാനുമതി നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന് കോട്ടൂർ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ഉൾപ്പെടെ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കരുതെന്ന് കോട്ടൂർ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഇതും പഞ്ചായത്ത് കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.

ഡെൽറ്റാ ഗ്രൂപ്പിന്റെ അപേക്ഷയിൽ ഡിസ്ട്രിക്ട് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അഥോറിറ്റിയാണ് ഖനത്തിന് അനുമതി നൽകിയത്. കർണ്ണാടക കേന്ദ്രീകരിച്ചുള്ള ഗ്ലോബൽ ഇൻവെസ്റ്രിഗേഷൻ ടീമിന്റെ പഠന റിപ്പോർട്ടാണ് ഖനനത്തിന് അനുമതി നൽകാൻ മാനദണ്ഡമാക്കിയത്. 750 കോടിയുടെ വാർഷിക പ്രൊജക്ടുള്ള വൻകിട ക്വാറിയാണ് ഇവിടെ വരുന്നതെന്നാണ് സമര സമിതി ചൂണ്ടിക്കാണിക്കുന്നത്. 25,000 കോടിയുടെ പദ്ധതിയാണ് ചെങ്ങോടുമലയിൽ വരുന്നതെന്നും ഇത്രയും വലിയ ഖനനം വന്നാൽ മല തന്നെ ഇല്ലാതാവുമെന്നും ഇവർ പറയുന്നു.

റിസോഴ്‌സ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെയും സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെയും വിദഗ്ധരില്ലാതെയാണ് പരിശോധന നടത്തിയതെന്നും പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം ഉൾപ്പെടെ പരിഗണിച്ചില്ലെന്നും ഡി എഫ് ഒയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഖനന ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. സമരം ചെയ്യുന്ന നാട്ടുകാരെ ഭിന്നിപ്പിക്കുന്ന എന്ന തന്ത്രമാണ് കമ്പനി നടത്തുന്നത്.

ഇതിന്റെ ഭാഗമായി നേരത്തെ പഞ്ചായത്ത് വിളിച്ചുചേർത്ത പ്രത്യേക ഗ്രാമസഭ വരെ ഖനന മാഫിയയുടെ ആൾക്കാർ കയ്യേറിയിരുന്നു. പലർക്കും ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമുണ്ട്. എന്നാൽ എല്ലാറ്റിനെയും അതിജീവിച്ച് ചെങ്ങോടുമലയെ സംരക്ഷിക്കുമെന്ന് ഒരു നാട് ഒന്നടങ്കം പറയുന്നു.കോട്ടൂർ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചെങ്ങോട്ടുമല നിരവധി സസ്യങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷി ജന്തു വർഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. നിരവധി ഔഷധ സസ്യങ്ങളും ഈ മലയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP