Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഈ വർഷം പേവിഷബാധയേറ്റ് ഏഴുപേർ മരിച്ചെന്ന് ആരോഗ്യമന്ത്രി; ക്ഷയരോഗം കണ്ടെത്തിയത് 325 പേർക്ക്; എട്ടു ജില്ലകളിലെ പരിശോധനയിൽ കണ്ടെത്തിയത് 194 കുഷ്ഠരോഗികളെ എന്നും കെ കെ ശൈലജ

സംസ്ഥാനത്ത് ഈ വർഷം പേവിഷബാധയേറ്റ് ഏഴുപേർ മരിച്ചെന്ന് ആരോഗ്യമന്ത്രി; ക്ഷയരോഗം കണ്ടെത്തിയത് 325 പേർക്ക്; എട്ടു ജില്ലകളിലെ പരിശോധനയിൽ കണ്ടെത്തിയത് 194 കുഷ്ഠരോഗികളെ എന്നും കെ കെ ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈവർഷം ജൂൺ ഏഴുവരെ പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം ഏഴെന്ന് മന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞവർഷം ഒമ്പതുപേരാണ് മരിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ഷയരോഗരഹിത സംസ്ഥാനമാക്കാനുള്ള പ്രവർത്തനത്തിന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 325 പേർക്ക് രോഗം കണ്ടെത്തി. ഒന്നാംഘട്ട സർവേയിൽ 26,487 പേർക്കാണ് പരിശോധന നടത്തിയത്. എട്ടുജില്ലകളിൽ കുഷ്ഠരോഗ നിർണയത്തിന് നടത്തിയ പരിശോധനയിൽ 194 പേർക്ക് രോഗം കണ്ടെത്തി. കുട്ടികളെപ്പോലും കുഷ്ഠരോഗം ബാധിക്കുന്ന പശ്ചാത്തലത്തിലാണ്, രോഗം നേരത്തേ കണ്ടെത്താനുള്ള പരിശോധന തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.

മാരകമായ പേ വിഷം

പേവിഷബാധ 100 ശതമാനം മാരകമായ വൈറസ് രോഗമാണ്. എന്നാൽ അടിയന്തര ചികിത്സയിലൂടെയും പ്രതിരോധ കുത്തിവയ്‌പ്പുകളിലൂടെയും പൂർണമായും പ്രതിരോധിക്കാൻ കഴിയുന്ന അവസ്ഥയാണ് പേവിഷബാധ. പേ വിഷബാധ വളരെപ്പെട്ടെന്ന് തലച്ചോറിനേയും നാഡീ വ്യൂഹത്തേയും ബാധിക്കുന്നത്. പട്ടി മാത്രമല്ല പൂച്ച, പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും പേവിഷബാധയോൽക്കാം. ഇവയുടെ കടിയേറ്റാൽ ആദ്യമായി കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. അണുക്കളുടെ ഭൂരിഭാഗവും നിർവീര്യമാക്കാൻ സോപ്പിന് കഴിയുന്നതാണ് ഇതിന് കാരണം. എന്നിട്ട് ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തേണ്ടതാണ്.

എല്ലാ സർക്കാർ ആശുപത്രികളിലും പേ വിഷത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. മുറിവിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് ചികിത്സ. പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോൾ എടുക്കുന്നത്. മറ്റ് കുത്തിവയ്‌പ്പുകൾ പോലെ കൈകളിലാണ് ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നത്. ആഴത്തിലുള്ള മുറിവാണെങ്കിൽ ആന്റി റാബിസ് സിറം കൂടി എടുക്കണം.

കുഷ്ഠരോഗം തിരിച്ചു വരുന്നു

പ്രധാനമായും ഞരമ്പുകളെ ബാധിക്കുന്ന കുഷ്ഠ രോഗം തിരിച്ചു വരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017-18 വർഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2018-19ൽ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയിൽ 8 ജില്ലകൾ പൂർത്തിയായപ്പോൾ 194 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ പരിശോധന തുടരുകയാണ്.

പത്തനംതിട്ട ജില്ലയിൽ മാത്രം ഈ വർഷം 4708 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. പൂർണമായും നിർമ്മാർജ്ജനം ചെയ്യപ്പെടാത്തതാണ് രോഗം പടരുവാനുമുള്ള കാരണം. വായുവിലൂടെയാണ് കുഷ്ഠരോഗം പടരുന്നത് തുടക്കത്തിൽ ചികിത്സിച്ചാൽ പൂർണ്ണമായും ഇല്ലാതാക്കാം. കുഷ്ഠരോഗത്തിന് പ്രത്യേക രോഗ ലക്ഷണങ്ങൾ ഇല്ലാത്തത് കാരണം പലരും തുടക്കത്തിൽ ആശുപത്രികളിൽ ചികിത്സ തേടാറില്ല അസുഖം ഞരമ്പുകളെ ബാധിക്കുന്നതുകൊണ്ട് തന്നെ അംഗവൈകല്യവും ഉണ്ടാവും.

ഈ വർഷം രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ അംഗപരിമിതരാണ് കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് അശ്വമേധം എന്ന പേരിൽ രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് ആദിവാസി മേഖലകളിൽ ഉൾപ്പടെ ത്വക് രോഗ വിദഗ്ധരുടെ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP