Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവർക്കെതിരെ സമൂഹം അണിനിരക്കണം ; കേരളത്തിന്റെ നിലനിൽപ്പിനെയാണ് ഈ ശക്തികൾ വെല്ലുവിളിക്കുന്നത്' ; ആരാധിക്കാനുള്ള അവകാശം മാത്രമല്ല ക്ഷേത്രത്തിലേക്ക് പോകാനുള്ള അവകാശവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായിരുന്നെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ

'നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവർക്കെതിരെ സമൂഹം അണിനിരക്കണം ; കേരളത്തിന്റെ നിലനിൽപ്പിനെയാണ് ഈ ശക്തികൾ വെല്ലുവിളിക്കുന്നത്' ;  ആരാധിക്കാനുള്ള അവകാശം മാത്രമല്ല ക്ഷേത്രത്തിലേക്ക് പോകാനുള്ള അവകാശവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായിരുന്നെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഇരുണ്ടകാലത്തേക്ക് കേരളത്തെ തള്ളിനീക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാർഷിക ആചരണം അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടേയും വിവേചനത്തിന്റെയും പഴയകാലത്തേക്ക് നാടിനെ വലിച്ചിഴക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹത്തെ അണിനിരത്താനുള്ള അവസരമായി മാറണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ നിലനിൽപ്പിനെയാണ് ഈ ശക്തികൾ വെല്ലുവിളിക്കുന്നത്. അവരെ ചെറുത്തു തോൽപ്പിച്ചേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൗൺ ഹാളിൽ ക്ഷേത്ര പ്രവേശന വിളംബരം വാർഷികാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിശ്വസിക്കുന്ന ദൈവങ്ങളെ ആരാധിക്കുന്നതിനുള്ള സ്വാതന്ത്ര്യം മാത്രമല്ല, ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലൂടെസഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായിരുന്നു. ക്രൂരമായ ജാതിവിവേചനത്തിനും അയിത്തത്തിനും ചൂഷണത്തിനും അപമാനത്തിനും ഇരകളായി ജീവിതം തള്ളിനീക്കേണ്ടിവന്നവരുടെ ദയനീയമായ ജീവിതത്തിന്റെ ഇരുണ്ടകാലമായിരുന്നു അത്. വഴിനടക്കാനും മേൽവസ്ത്രം ധരിക്കാനും അക്ഷരം പഠിക്കാനും മാന്യമായി തൊഴിലെടുത്ത് ജീവിക്കാനും സ്വാതന്ത്ര്യമില്ലാതെ ജീവിച്ചൊടുക്കാൻ നിർബന്ധിതരായ ജനസമൂഹമാണ് അന്നുണ്ടായിരുന്നത്. അടിച്ചമർത്തപ്പെട്ട് കഴിഞ്ഞ ആ ജനവിഭാഗങ്ങളിൽ ആത്മാഭിമാനവും അവകാശബോധവും വളർത്തിയത് നവോത്ഥാനനായകരും സാമൂഹ്യപരിഷ്‌കർത്താക്കളുമാണ്. അവരുടെ നിരന്തരമായ ഇടപെടലുകളും ദേശീയപ്രസ്ഥാനത്തിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളുമാണ് അന്ധവിശ്വാസങ്ങളുടേയും അനാചരണങ്ങളുടേയും അടിമത്വത്തിന്റയും പിടിയിൽ നിന്ന് ഈ ജനവിഭാഗങ്ങളെ മോചിപ്പിച്ചത്.

ശ്രീനാരായണ ഗുരു , അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, ചട്ടമ്പി സ്വാമി, വാഗ്ഭടാനന്ദൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, മന്നത്ത് പത്മനാഭൻ, വി.ടി ഭട്ടതിരിപ്പാട്, വിഷ്ണുഭാരതീയൻ തുടങ്ങിയവരുടേയും ഇ.എം.എസ്, കെ കേളപ്പൻ, എ,കെ,ജി കൃഷ്ണൻപിള്ള തുടങ്ങിയവരുടേയുമൊക്കെ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളും സമരങ്ങളുമാണ് ആധുനികകേരളത്തെ രൂപപ്പെടുത്തിയത്. ക്ഷേത്രപ്രവേശന വിളംബരം പോലും മഹാരാജാവ് താലത്തിൽ വെച്ചിനീട്ടിയ സൗജന്യമായിരുന്നില്ല. ക്ഷേത്രപരിസരത്തെ വഴികളിലൂടെ നടക്കാനും ദൈവാരാധന നടത്താനും മാറുമറയ്ക്കാനും പഠിക്കാനും ജോലിയെടുത്ത് ജീവിക്കാനും ഒക്കെയുള്ള അവകാശങ്ങൾക്കായി നടന്ന സമരപരമ്പരകളുടെ തുടർച്ചയായി അതിനെ കാണണം.

സമൂഹത്തെ മ്ലേഛരും ശ്രേഷ്ഠരും, അധമരും ഉത്കൃഷ്ഠരും, സ്ത്രീയും പുരുഷനും എന്നൊക്കെ വേർതിരിച്ച് മാറ്റിനിർത്തുന്ന രീതിഇപ്പോഴും ചിലർ തുടരുകയാണ്. വിശ്വാസവും ആരാധനാസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനത്തിനുള്ള അവകാശവുമൊക്കെ തടയാൻശ്രമിക്കുന്നവർ അനാചാരങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിച്ച നവോത്ഥാനപരമ്പര്യത്തെയാണ് വെല്ലുവിളിക്കുന്നത്. ആചാരങ്ങളുടെ പേരിൽ നിയമവാഴ്ചയും പരമോന്നതനീതിപീഠത്തിന്റെ തീർപ്പുകളും ഭരണഘടനാമുല്ല്യങ്ങളും ഒക്കെയാണ് വെല്ലുവിളിക്കപ്പെടുന്നത്. ആചാരവും വിശ്വാസവും സംരക്ഷിക്കലാണ് തങ്ങളുടെ ദൗത്യമെന്ന് ഇവർ അവകാശപ്പെടുന്നു. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശ്രീമനാരായണ ഗുരു ഒരു ആചാരം തിരുത്തിക്കുറിക്കുകയായിരുന്നു. അന്ന് ബ്രാഹ്മണരുടെ മാത്രം അവകാശമായിരുന്നു പ്രതിഷ്ഠ. നിങ്ങൾക്ക് ഇതിന് എന്തവകാശം എന്നാണു ചോദിച്ചവർക്ക് ഞങ്ങൾ ഞങ്ങളുടെ ശിവനെ പ്രതിഷ്ഠിച്ചു എന്ന മറുപടിയാണ് ശ്രീനാരായണഗുരു നൽകിയത്.

സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽകിയ സൂപ്രീംകോടതി ഉത്തരവ് വെല്ലുവിളിച്ച് സമരരംഗത്തിറങ്ങിയവർ ഭരണഘടനാപരമായ അവകാശമാണ് തടയുന്നതെന്ന് നാം ഓർക്കണം. മതമൈത്രിയുടെ കൂടി പ്രതീക്ഷമായ ശബരിമലയുടെ പപേരിൽ കലാപം അഴിച്ചുവിടുന്നതിനെതിരെ വിശാലമായ ഐക്യനിര ഉയർന്നുവരണം. നവോത്ഥാനപാരമ്പര്യവും ജാതിക്കതീതമായ ഐക്യവും മതനീരപേക്ഷതയും മാനവികതയും കാത്തുസൂക്ഷിക്കുകയാണ് ഇന്ന് ഓരോ കേരളീയന്റെയും ചുമതല. ഒരു കാലത്ത് ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവരെ ശാന്തിമാരാക്കി മാറ്റിയ അഭിമാനകരമായ അനുഭവം നമുക്ക് മുന്നിലുണ്ട്. പട്ടിക ജാതിക്കാരടക്കം അബ്രാഹ്മണശാന്തിമാരെ നിയമിച്ച് ചരിത്രം കുറിച്ച കേരളം ജാതിക്കും മതത്തിനും അതീതമായ ചിന്തകൾ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. ഇരുണ്ട നാളുകളിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനുള്ള ഏത് നീക്കവും പരാജയപ്പെുടത്താൻ ജാഗ്രതയോടെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

ഒരു കാലഘട്ടത്തെ സംബന്ധിച്ച് അത്ഭുതകരമായ വിളംബരമായിരുന്നു ക്ഷേത്രപ്രവേശന വിളംബരമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വിഖ്യാതമായ വിളംബരത്തെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കേണ്ട കാലഘട്ടത്തിലാണ് നാം നിൽക്കുന്നത്. നവോത്ഥാന മൂല്യങ്ങൾക്ക് കൂടുതൽ തെളിച്ചം പകരാൻ ഇത്തരം ആഘോഷപരിപാടികൾ ഓർമ്മപ്പെടുത്തൽ ആകുമെന്നാണ് പ്രതീക്ഷ. അനാചാരങ്ങളും അന്ധവിശ്വാസവുമാകുന്ന ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് സഞ്ചരിക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. എംഎ‍ൽഎമാരായ പുരുഷൻ കടലുണ്ടി, പി.ടി.എ റഹീം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടടർ യു.വി ജോസ്, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.ശങ്കരൻ മാസ്റ്റർ, പി.വി നവീന്ദ്രൻ, പി.ടി ആസാദ്, സി.പി ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP