Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരി ഓയിൽ ഒഴിച്ചവർ വീടു മുഴുവനായി ഇത് ചെയ്തിരുന്നെങ്കിൽ പെയിന്റിങ്ങിന്റെ പണം ലാഭിക്കാമായിരുന്നു; കരി ഓയിൽ ഒഴിച്ചവർ ഗണേശടക്കം ദിലീപിനെ അനുകൂലിച്ച എല്ലാവരുടെയും വീട്ടിൽ കൊണ്ടുപോയി ഒഴിക്കണം; കരിഓയിൽ തികഞ്ഞില്ലെങ്കിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം; തന്റെ വീട്ടിൽ കരിഓയിൽ ഒഴിച്ചതിനെ കുറിച്ച് നടൻ ശ്രീനിവാസൻ

കരി ഓയിൽ ഒഴിച്ചവർ വീടു മുഴുവനായി ഇത് ചെയ്തിരുന്നെങ്കിൽ പെയിന്റിങ്ങിന്റെ പണം ലാഭിക്കാമായിരുന്നു; കരി ഓയിൽ ഒഴിച്ചവർ ഗണേശടക്കം ദിലീപിനെ അനുകൂലിച്ച എല്ലാവരുടെയും വീട്ടിൽ കൊണ്ടുപോയി ഒഴിക്കണം; കരിഓയിൽ തികഞ്ഞില്ലെങ്കിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം; തന്റെ വീട്ടിൽ കരിഓയിൽ ഒഴിച്ചതിനെ കുറിച്ച്  നടൻ ശ്രീനിവാസൻ

മറുനാടൻ മലയാളി ബ്യൂറോ

കൂത്തുപറമ്പ്: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനു പിന്നാലെ നടൻ ശ്രീനിവാസന്റെ വീട്ടിൽ കരിഓയിൽ പ്രയോഗം. കൂത്തുപറമ്പ് തലശേരി റോഡിൽ പൂക്കോട് ചെട്ടി മെട്ടക്ക് മെയിൻ റോഡരുകിലെ വിനീത് എന്ന വീട്ടിനുനേരെയാണ് അതിക്രമം. ഏറെക്കാലമായി ഈ വീട് അടച്ചിട്ട നിലയിലാണ്

വീടിന്റെ പൂട്ടിയിട്ട ഗെയിറ്റിലും ചുമരിലുമായി കരിഓയിൽ ഒഴിച്ചു വികൃതമാക്കിയ നിലയിലാണ്. ശനിയാഴ്ച രാത്രിയിലാകാം സംഭവമെന്ന് കരുതുന്നു. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ശനിയാഴ്ചയാണ് ദിലീപിന് അനുകൂലമായി ശ്രീനിവാസൻ കൊച്ചിയിൽ പ്രതികരിച്ചത്. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം തെറ്റു ചെയ്തതായി വിശ്വസിക്കുന്നില്ലെന്നുമായിരുന്നു കൊച്ചിയിൽ ശ്രീനിവാസൻ പറഞ്ഞത്. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപ് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.
ഇത് കൂടാതെ സമീപകാലത്തായി നടത്തുന്ന പ്രസംഗങ്ങളിലെല്ലാം കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ അദ്ദേഹം നിരന്തരം വിമർശിച്ചിരുന്നു.എന്നാൽ സംഭവത്തിൽ പരാതി നൽകാനില്ലെന്നും ആരെയും സംശയമില്ലെന്നുമാണ് ശ്രീനിവാസന്റെ നിലപാട്.

കരിഓയിൽ ഒഴിച്ചവർ ആരായാലും, ദിലീപിനു പിന്തുണ പ്രഖ്യാപിച്ച ഗണേശ് കുമാർ എംഎൽഎയുടെ വീട്ടിൽക്കൂടി ഇത് ചെയ്യണമെന്ന അഭ്യർത്ഥനയോടെ ആയിരുന്നു ശ്രീനിവാസന്റെ പരിഹാസം. ദിലീപിനെ അനുകൂലിച്ചാൽ മാത്രമല്ല, എതിർത്താലും സാക്ഷികളെ സ്വാധീനിക്കുമെന്നാണ് തന്റെ നിലപാടെന്നും ശ്രീനിവാസൻ വിശദീകരിച്ചു.

ദിലീപിന് അനുകൂലമായി ഗണേശ് കുമാർ സംസാരിച്ചാൽ അതു സാക്ഷികളെ സ്വാധീനിക്കുമന്ന് പല സ്ഥലത്തുനിന്നും കേട്ടു. ഇതേക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞതിങ്ങനെയാണ്. ദിലീപിനെ അനുകൂലിച്ച് സംസാരിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെങ്കിൽ, ദിലീപിനെ എതിർത്തു സംസാരിച്ചാലും അതു സാക്ഷികളെ സ്വാധീനിക്കൽ തന്നെയാണ്. ദിലീപിനെതിരായ കുറ്റം തെളിയിക്കപ്പെടാത്തിടത്തോളം കാലം അദ്ദേഹത്തിന് എതിരായി സംസാരിച്ചാലും സാക്ഷികളെ സ്വാധീനിക്കുമെന്ന് ഓർക്കുന്നത് നല്ലതാണെന്നും ശ്രീനിവാസൻ പറഞ്ഞു.

ദിലീപിന് അനുകൂലമായി താൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീനിവാസൻ വിശദീകരിച്ചു. വർഷങ്ങളായി ദിലീപിനെ അറിയാവുന്ന ആളെന്ന നിലയിൽ ഇത്തരമൊരു ഹീനകൃത്യം ദിലീപ് ചെയ്യുമെന്നു കരുതുന്നില്ലെന്നാണ് പറഞ്ഞത്. അല്ലാതെ പൊലീസിനെതിരായിട്ടൊന്നും ഞാൻ പറഞ്ഞിട്ടില്ല. അതിന് താൻ ആളല്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

ദിലീപിനെ പിന്തുണച്ചു എന്നതിന്റെ പേരിലാണോ വീട്ടിൽ കരിഓയിൽ ഒഴിച്ചതെന്ന് അറിയില്ല. അങ്ങനെയാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നുമില്ല. ഇതിലൊന്നും വലിയ കാര്യമില്ലെന്നതാണ് സത്യം. നാട്ടിൽ നിന്ന് ഇക്കാര്യം വിളിച്ചുപറഞ്ഞപ്പോൾ പൊലീസിൽ പരാതിപ്പെടേണ്ട എന്നാണ് ഞാൻ പറഞ്ഞത്. വേറൊരു കാര്യം, ഈ കരി ഓയിൽ ഒഴിച്ചവർ വീടു മുഴുവനായി ഇത് ചെയ്തിരുന്നെങ്കിൽ പെയിന്റിങ്ങിന്റെ പണം ലാഭിക്കാമായിരുന്നു എന്നാണ്. അത്ര പ്രാധാന്യമേ ഇതിനു നൽകുന്നുള്ളൂ എന്നും ശ്രീനിവാസൻ പറഞ്ഞു.

കരി ഓയിൽ ഒഴിച്ചവർ ഗണേശിന്റെ വീട്ടിലും അപ്രകാരം ചെയ്യണമെന്നും ശ്രീനിവാസൻ പരിഹരിച്ചു. അതിനുശേഷം ദിലീപിനെ അനുകൂലിച്ച എല്ലാവരുടെയും വീട്ടിൽ കൊണ്ടുപോയി ഒഴിക്കണം. അതിന് ഇവിടെയുള്ള കരിഓയിൽ തികഞ്ഞില്ലെങ്കിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം. ഈ ദിവസങ്ങളിൽ കരിഓയിലിന് വലിയ ഡിമാൻഡ് ഉണ്ടാകുമെന്നും ശ്രീനിവാസൻ പരിഹസിച്ചു. പൊലീസ് സ്വമേധയാ കേസെടുത്തത് അവരുടെ കാര്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു. കേസിനോട് സഹകരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. ആരെങ്കിലും പറഞ്ഞുതന്നാൽ കേസുമായി മുന്നോട്ടുപോകുന്നതിനെ എതിർക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP