Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുരങ്ങു പനി ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു; കേരളത്തിലെ ആദ്യ സംഭവമെന്ന് ആരോഗ്യവകുപ്പ്; വയനാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം

കുരങ്ങു പനി ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു; കേരളത്തിലെ ആദ്യ സംഭവമെന്ന് ആരോഗ്യവകുപ്പ്; വയനാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം

വയനാട്: വയനാട്ടിൽ കുരങ്ങുപനി ബാധിച്ചു വീട്ടമ്മ മരിച്ചു. പുൽപ്പള്ളി കാട്ടുനായ്ക്ക കോളനിയിൽ ഓമനയാണു മരിച്ചത്. കുരങ്ങുപനി ബാധിച്ചു സംസ്ഥാനത്തെ ആദ്യ മരണമാണിത്. വനാതിർത്തിയിൽ ആരോഗ്യവകുപ്പ് അതിവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ കുരങ്ങുപനി ബാധിച്ചു മുപ്പതിലേറെ പേർ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി.

അസുഖം മൂർഛിച്ചതിനെ തുടർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു. നേരത്തെ കുരങ്ങുപനിക്ക് ഇവർ ചികിൽസ തേടിയിരുന്നില്ല. ഇന്നലെ പനി മൂർച്ഛിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് മെഡിക്കൽ കോളേജിലേക്ക് വിടുകയായിരുന്നു.

ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും പനി നിയന്ത്രണവിധേയമാണെന്നും അസുഖം ബാധിച്ചവർ ഉടൻ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച ചികിത്സിച്ചാൽ പൂർണ്ണമായും മാറുന്ന അസുഖമാണിത്. എന്നാൽ ചികിത്സ തേടാതിരുന്നാൽ കാര്യങ്ങൾ മാരകമാകുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചികിത്സ വൈകിയാൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. കുരങ്ങുകളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന പനിയുമായി 32 പേരാണ് ഇതുവരെ ചികിത്സ തേടിയെത്തിയത്. ചികിത്സ തേടിയ പകുതിയോളം പേരെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചിട്ടുണ്ട്.

വയനാട്ടിലെ വനാതിർത്തി മേഖലയിലെ കുരങ്ങുപനിയെക്കുറിച്ച് പഠിക്കാൻ അടുത്തയാഴ്ച കേന്ദ്ര സംഘം എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വനപ്രദേശത്തുനിന്നു കുരങ്ങിന്റെ ശരീരത്തിലെ ചെള്ള് വിദഗ്ദ്ധർ ശേഖരിച്ചു. ഇതു തിരുവനന്തപുരത്തെ വൈറോളജി റിസെർച്ച് സെന്ററിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവ ശിവമൊഗ്ഗയിലെ വൈറോളജി ലാബിൽ അയച്ച് വിശദ പഠനം നടത്താനും തീരുമാനമുണ്ട്. രോഗത്തിന്റെ ഗൗരവാവസ്ഥ തിരിച്ചറിഞ്ഞാണ് ഡൽഹിയിലെ നാഷനൽ ഡിസീസ് കൺട്രോൾ യൂണിറ്റിലെ വിദഗ്ദ്ധർ വയനാട്ടിലെത്തുന്നത്.

1957ൽ കർണാടകയിലെ ശിവമൊഗ്ഗയിലാണ് കുരങ്ങുപനി ആദ്യം കണ്ടെത്തിയത്. രോഗം പലരുടെയും മരണത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനത്ത് കുറിച്യാട് വനപ്രദേശത്തു മാത്രമാണ് കുരങ്ങുപനിക്ക് ഇടയാക്കുന്ന കീടത്തിന്റെ വ്യാപനമുള്ളത്. അതിനാൽ ഇവിടെ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തും. മേഖലയിൽ നിന്നു പനിയുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വാക്‌സിൻ ഉപയോഗം ശ്രദ്ധാപൂർവം നടത്തേണ്ടതിനാലാണ് പൊതുജനങ്ങൾക്കെല്ലാം വാക്‌സിൻ നൽകാത്തതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP