Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയലഹരിയിൽ 10 കി.മീ അകലെ പടക്കം പൊട്ടിക്കാനെത്തിയ പെമ്പിളൈ ഒരുമൈ നേതാവിന് നാട്ടുകാരുടെ തല്ല്; നല്ലതണ്ണിയിൽ ജയിച്ച ഗോമതി ആഘോഷമൊരുക്കിയത് ദേവികുളം ഡിവിഷനിൽ; ലക്ഷ്യം പഴയ കൂട്ടുകാരി ഇന്ദ്രാണിയെ പ്രകോപിപ്പിക്കാനോ?

വിജയലഹരിയിൽ 10 കി.മീ അകലെ പടക്കം പൊട്ടിക്കാനെത്തിയ പെമ്പിളൈ ഒരുമൈ നേതാവിന് നാട്ടുകാരുടെ തല്ല്; നല്ലതണ്ണിയിൽ ജയിച്ച ഗോമതി ആഘോഷമൊരുക്കിയത് ദേവികുളം ഡിവിഷനിൽ; ലക്ഷ്യം പഴയ കൂട്ടുകാരി ഇന്ദ്രാണിയെ പ്രകോപിപ്പിക്കാനോ?

ഇടുക്കി: തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ സ്വന്തം തട്ടകം വിട്ട് പത്ത് കിലോമീറ്ററോളം അകലെയുള്ള പഴയ സതീർത്ഥ്യയായ രാഷ്ട്രീയ എതിരാളിയുടെ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ച പെമ്പിളൈ ഒരുമൈ നേതാവിന് നാട്ടുകാരുടെ തല്ല്. മൂന്നാറിലെ ഐതിഹാസിക സമരനായിക പെമ്പിളൈ ഒരുമൈയുടെ ഗോമതി അഗസ്റ്റിനാണ് വീറുകാട്ടാൻ പുലിമടയിലെത്തി അടി വാങ്ങിയത്. ഗോമതിക്കൊപ്പമുണ്ടായിരുന്ന ലിസി സണ്ണിക്കും കണക്കിനു കിട്ടി. എന്നാൽ മുദ്രാവാക്യവും ഉപരോധസമരവും മാത്രമല്ല, അടിയും തടയും തങ്ങൾക്കും വശമാണെന്നു തെളിയിച്ചു ഗോമതിയുടെ സംഘവും തിരിച്ചുകൊടുത്തു. എതിരാളികളുടെ കൂട്ടത്തിൽ മൂന്നു പേരെ അടിച്ചു പരുക്കേൽപിച്ചാണ് മടങ്ങിയത്.

ഇടത്-വലത് മുന്നണികളെയും ബി. ജെ. പിയെയും വെള്ളം കുടിപ്പിച്ച് ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ നല്ലതണ്ണി ഡിവിഷനിൽനിന്നു വൻഭൂരിപക്ഷത്തോടെ വിജയിച്ച പെമ്പിളൈ സമരനായികയ്ക്ക് ഞായറാഴ്ച സന്ധ്യയോടെയാണ് 'അടി'പതറിയത്. കൂട്ടത്തല്ലിനുശേഷം ദേവികുളം പൊലിസ് സ്റ്റേഷനിലെത്തിയ ഗോമതിയെയും ലിസിയെയും പൊലിസ് അവിടത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോമതി സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ ലയത്തിലെ താമസക്കാരായ ആൻസിലിൻ, മുത്തുമാരി, മേനക എന്നിവരെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എൽഡിഎഫിനെയും യുഡിഎഫിനെയും എതിരിട്ട് സ്വന്തം നിലയിൽ പെമ്പിളൈ ഒരുമൈ മത്സരിക്കുകയായിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 11 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് പെമ്പിളൈ ഒരുമൈ ഒറ്റയ്ക്ക് പടവെട്ടിയത്. ഗോമതി അഗസ്റ്റിൻ നല്ലതണ്ണി ഡിവിഷനിൽനിന്നു 1239 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ ജാക്വിലിൻ മേരിക്ക് ലഭിച്ച 1210 വോട്ടകളേക്കാൾ കൂടിയ ഭുരിപക്ഷമാണ് ഗോമതി നേടിയത്.

ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മികച്ച പ്രകടനം നടത്തുകയും മൂന്നാർ പഞ്ചായത്തിലെ രണ്ടു വാർഡുകൾ പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥികൾ പിടിച്ചെടുക്കുകയും ചെയ്തു. ആർക്കും ഭൂരിപക്ഷമില്ലാത്ത മൂന്നാർ ഗ്രാമപഞ്ചായത്തിൽ ഒരുമൈ അംഗങ്ങളെ പാട്ടിലാക്കാൻ ഇരുമുന്നണികളും ശ്രമവും തുടങ്ങി. എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും സീറ്റാണുള്ളത്. ഇതിനാൽ ഒരുമൈയുടെ രണ്ട് അംഗങ്ങൾ ചായുന്നിടത്തേയ്ക്ക് ഭരണം മറിയുമെന്ന സ്ഥിതിയാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഗോമതിയുടെ ആഹ്ലാദപ്രകടനം അടിപിടിയിൽ കലാശിച്ചത്.

ഗോമതി വിജയിച്ച നല്ലതണ്ണിയിൽനിന്നു പത്തു കിലോമീറ്ററോളം അകലെയുള്ള ദേവികുളം ഫാക്ടറി ഡിവിഷനിലെത്തി ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചതാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. മൂന്നാർ സമരത്തിന്റെ നെടുംതൂണായി പെമ്പിളൈ ഒരുമൈക്കൊപ്പം ആദ്യനാളുകളിലുണ്ടായിരുന്ന ഇന്ദ്രാണിയുടെ വീടിനു സമീപത്താണ് ഗോമതിയുടെ സംഘം 'ആഘോഷി'ച്ചത്. സമരത്തിനിടെ ഇന്ദ്രാണി തന്റെ സ്വന്തം പാർട്ടിയായ സിപിഎമ്മിലേയ്ക്ക് തിരിച്ചുപോകുകയും ട്രേഡ് യൂണിയൻ സമരവേദിയിൽ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു. ഇതോടെ പഴയ കൂട്ടുകാർ ശത്രുക്കളായി.

തന്റെ വിജയം ഇന്ദ്രാണിയുടെ വീട്ടുപടിക്കൽതന്നെയാകട്ടെയെന്നു ചിന്തിച്ച് ഇറങ്ങിപ്പുറപ്പെട്ടാണ് ഗോമതി തല്ലുവാങ്ങിയത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും ഗോമതിയുടെ സംഘം ഇന്ദ്രാണിയുടെ വീട്ടുകാരെ പ്രകോപ്പിക്കുന്നതിനിടെ എത്തിയ സമീപവാസികൾ ചേർന്നാണ് ഗോമതിയെയും ലിസിയെയും മർദിച്ചത്. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘട്ടനത്തിൽ ഇന്ദ്രാണിയുടെ അയൽവാസികളായ മൂന്നുപേർക്കാണ് പരുക്ക് പറ്റിയത്. പ്രദേശവാസികൾ തന്നെ ഇടപെട്ട് ഗോമതിയെയും ലിസിയെയും സ്ഥലത്തുനിന്ന് തിരിച്ചുവിടുകയായിരുന്നു. തുടർന്ന് ഇവർ പൊലിസ് സ്റ്റേഷനിലെത്തി സഹായം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം അറിഞ്ഞ് മൂന്നാർ എഎസ്‌പി മെറിൻ ജോസഫ് ഗോമതി അഗസ്റ്റിനെ ദേവികളം പൊലിസ് സ്റ്റേഷനിലെത്തി കണ്ട് വിവരങ്ങൾ ആരാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP